
സംസ്ഥാനത്ത് അതിശക്ത മഴയിലും മിന്നല്‍ ചുഴലിയിലും രണ്ട് മരണം. കനത്ത നാശനഷ്ടങ്ങളും. മഴക്കെടുതിയില്‍ കണ്ണൂരും ആലപ്പുഴയിലുമാണ് ഓരോ മരണം. കണ്ണൂര്‍ വെള്ളക്കെട്ടില്‍ വീണ് ബഷീറും (50) ആലപ്പുഴ തോട്ടപ്പള്ളിയില്‍ വള്ളം മറിഞ്ഞ് രാജ്കുമാറുമാണ് മരിച്ചത്. മലപ്പുറത്ത് മിന്നല്‍ ചുഴലിയടിച്ചു. മൂന്നു മിനിട്ടോളാം നീണ്ടു നിന്ന അതി ശക്തമായ കാറ്റാണ് വീശിയടിച്ചത്. മലപ്പുറം കൊണ്ടോട്ടി ഒമാനൂരിലെ കൊടക്കാടാണ് അതിശക്തമായ കാറ്റ് വീശി അടിച്ചത്. നിരവധി മരങ്ങള്‍ കടപുഴകി വീണു. 15ലേറെ വീടുകള്‍ക്ക് കേടു പറ്റി. വൈദ്യുതി ബന്ധം പൂര്‍ണമായും തകരാറിലായി.കോഴിക്കോട് ഒഴുക്കില്‍ പെട്ട് യുവാവിനെ കാണാതായി. ഏറാമല കൊമ്മിണേരി പാലത്തില്‍ നിന്ന് കനാലിലേക്ക് വീണ യുവാവിനെയാണ് കാണാതായത്. പുളിയുള്ള പറമ്പത്ത് ബിജീഷ് ആണ് മീന്‍ പിടിക്കുന്നതിനിടെ കനാലില്‍ വീണത്. പൊലീസും അഗ്‌നിരക്ഷാസേനയും തിരച്ചില്‍ നടത്തുന്നു. കടലാക്രമണവും രൂക്ഷമാണ്. മഴ കനത്തതോടെ ചെല്ലാനം കടപ്പുറത്തിന്റെ കൂടുതല്‍ ഭാഗം കടല്‍ കയറി. തീരദേശ മേഖലകള്‍ കടലാക്രമണക്കെടുതിയിലാണ്. എഴു ജില്ലകളില്‍ വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, കോട്ടയം, പാലക്കാട്, ഇടുക്കി, തൃശൂര്‍, എറണാകുളം ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയാണ് അവധി.