
ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തിൽ തലസ്ഥാനത്ത് സംഘടിപ്പിക്കുന്ന ഓണം വാരാഘോഷം വിളംബരജാഥയ്ക്ക് ലഭിച്ചത് വൻ വരവേൽപ്പ്.രാവിലെ 9.30ന് കനകക്കുന്ന് പാലസിന് മുന്നിൽ നിന്ന് ചെണ്ടമേളത്തിന്റെ അകമ്പടിയോടെയാണ് വിളംബരജാഥ പുറപ്പെട്ടത്. വി.കെ പ്രശാന്ത് എംഎൽഎ വിളംബര ജാഥയ്ക്ക് ഫ്ലാഗ് ഓഫ് ചെയ്തു. വിപുലമായ പരിപാടികളോടെ അതിഗംഭീരമായാണ് ഇത്തവണ ഓണം എത്തുന്നതെന്നും നഗരത്തിലെ വൃദ്ധസദനങ്ങളിലുള്ളവർക്കും വിദേശ ടൂറിസ്റ്റുകൾക്കും സമാപന ദിവസത്തെ ഘോഷയാത്ര കാണുന്നതിനായി പ്രത്യേക സൗകര്യം ഒരുക്കുമെന്നും എംഎൽഎ പറഞ്ഞു. കോർപ്പറേഷൻ കൗൺസിലർ എസ്.എം ബഷീർ, ചലച്ചിത്രതാരം പൂജപ്പുര രാധാകൃഷ്ണൻ തുടങ്ങിയവർ ഫ്ലാഗ് ഓഫ് ചടങ്ങിൽ പങ്കെടുത്തു.വിളംബരജാഥയ്ക്ക് കളക്ടറേറ്റിലും ലഭിച്ചത് വലിയ സ്വീകരണമാണ്. ചെണ്ടമേളത്തിന്റെ അകമ്പടിയോടെ പ്രവേശിച്ചത് മുതൽ ജീവനക്കാർ ചുറ്റിലും തടിച്ചു കൂടി. ജാഥയ്ക്ക് പകിട്ടേകിയ അർജുന നൃത്തവും കൃഷ്ണനാട്ടവും കണ്ടതോടെ സെൽഫി എടുക്കാനും ജീവനക്കാരുടെ തിരക്കായി.
കളക്ടർ അനു കുമാരി കൂടി എത്തിയതോടെ ആഘോഷം ഇരട്ടിയായി. കളക്ടർക്കൊപ്പം ഫോട്ടോ എടുത്തും വിശേഷങ്ങൾ പങ്കുവെച്ചതിനും ശേഷമാണ് ടീം മടങ്ങിയത്.


തിരുവനന്തപുരം നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍ നടക്കുന്ന ഓണം വാരാഘോഷത്തോടനുബന്ധിച്ച് 03.09.2025 തീയ്യതി മുതൽ 09.09.2025 തീയ്യതി വരെ നഗരത്തിൽ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളതാണ്.

ഓണാഘോഷത്തോടനുബന്ധിച്ച് കവടിയാർ മുതൽ അട്ടക്കുളങ്ങര വരെയുള്ള പ്രധാന റോഡിലും ഓണാഘോഷ പരിപാടികൾ നടക്കുന്ന വേദികൾക്ക് സമീപമുള്ള റോഡുകളിലും ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളതാണ്.നഗരത്തിൽ പ്രധാന റോഡുകളിലും ഇടറോഡുകളിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ലാത്തതും പാർക്കിംഗിനായി അനുവദിച്ചിട്ടുള്ള സ്ഥലങ്ങളിൽ മാത്രം വാഹനങ്ങൾ പാർക്ക് ചെയ്യേണ്ടതാണ്.അനധികൃതമായും ഗതാഗത തടസ്സം സൃഷ്ടിച്ചും പാർക്ക് ചെയ്യുന്ന വാഹനങ്ങളെ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്തു നിയമനടപടികള്‍ സ്വീകരിക്കുന്നതാണ്.വാഹനങ്ങൾ പാർക്ക് ചെയ്ത ശേഷം ഓണാഘോഷ പരിപാടി കാണാൻ പോകുന്ന അവസരത്തിൽ വാഹനത്തിൽ കാണുന്ന വിധത്തിൽ ഡ്രൈവറുടെ ഫോൺ നമ്പർ പ്രദർശിപ്പിക്കേണ്ടതാണ്.

കാല്‍നടയാത്രക്കാര്‍ റോഡില്‍ ഗതാഗതതടസ്സം ഉണ്ടാക്കുന്നവിധം യാത്ര ചെയ്യാന്‍ പാടില്ലാത്തതും, പരമാവധി ഫുട്പാത്തില്‍കൂടി യാത്ര ചെയ്യേണ്ടതുമാണ്.വെള്ളയമ്പലം-മ്യൂസിയം റോഡില്‍ ഗതാഗത തിരക്ക് അനുഭവപ്പെടുന്ന സമയം വെള്ളയമ്പലം ഭാഗത്തു നിന്നും കോര്‍പ്പറേഷന്‍ ഭാഗത്തു നിന്നും വാഹനങ്ങള്‍ വഴി തിരിച്ചു വിടുന്നതാണ്.ഓണാഘോഷത്തോടനുബന്ധിച്ച് യൂണിവേഴ്സിറ്റി ഓഫീസ് കോമ്പൗണ്ട്, യൂണിവേഴ്സിറ്റി കോളേജ് ഗ്രൗണ്ട്, സംസ്കൃത കോളേജ് ഗ്രൗണ്ട്. കേരള വാട്ടർ അതോറിറ്റി കോമ്പൗണ്ട്, ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയം പാര്‍ക്കിംഗ്, പബ്ലിക് ഓഫീസ് കോമ്പൗണ്ട്, കവടിയാര്‍ സാൽവേഷൻ ആർമി സ്കൂൾ ഗ്രൗണ്ട്, ടാഗോര്‍ തിയേറ്റര്‍പാര്‍ക്കിംഗ്, സെന്റെ് ജോസഫ് സ്കൂൾ ഗ്രൗണ്ട്, വഴുതക്കാട് വിമൻസ് കോളേജ്, സംഗീത കോളേജ് ഗ്രൗണ്ട്, ,ഫോർട്ട് ഹൈസ്കൂൾ ഗ്രൗണ്ട്, അട്ടക്കുളങ്ങര സെൻട്രൽ സ്കൂൾ, മാഞ്ഞാലികുളം ഗ്രൗണ്ട്, ആറ്റുകാൽ ക്ഷേത്രം ഗ്രൗണ്ട്, ഐരാണിമുട്ടം ഹോമിയോ കോളേജ് ഗ്രൗണ്ട്, . , എൽ.ബി.എസ് സെന്റർ ഫോർ സയൻസ് & ടെക്നോളജി പൂജപ്പുര എന്നീ സ്ഥലങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യാവുന്നതാണ്.തിരുവനന്തപുരം സിറ്റി പോലീസിന്റെ ഗതാഗത ക്രമീകരണങ്ങളോട് പൊതുജനങ്ങള്‍ സഹകരിക്കേണ്ടതാണ്.ട്രാഫിക് ക്രമീകരണങ്ങളുടെ വിവരങ്ങള്‍ അറിയുന്നതിലേക്ക് പൊതുജനങ്ങള്‍ക്ക് 04712558731, 9497930055 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.
