
സംസ്ഥാനത്ത് പലയിടത്തും രണ്ടുദിവസമായി പെയ്യുന്ന കനത്ത മഴയില്‍ പലയിടത്തും വ്യാപക നാശനഷ്ടം. കണ്ണൂരില്‍ വെള്ളക്കെട്ടില്‍ വീണ് മധ്യവയസ്‌കന്‍ മരിച്ചു. തൃശ്ശൂരില്‍ രണ്ടിടത്തായി മിന്നല്‍ച്ചുഴലി അനുഭവപ്പെട്ടു. പലയിടത്തും കടലാക്രമണവും രൂക്ഷമാണ്. ആറു ജില്ലകളില്‍ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. കണ്ണൂര്‍ സിറ്റി നാലുവയലില്‍ താഴത്ത് ഹൗസില്‍ ബഷീര്‍(50) ആണ് വീട്ടിനു സമീപത്തെ വെള്ളക്കെട്ടില്‍ വീണ് മരണപ്പെട്ടത്. തലശ്ശേരി താലൂക്കില്‍ ഒരു വീട് പൂര്‍ണമായും രണ്ട് വീടുകള്‍ ഭാഗികമായും തകര്‍ന്നു. പടുവിലായി ചാമ്പാട് കുശലകുമാരിയുടെ ഉടമസ്ഥതയിലുള്ള കരയങ്കണ്ടി വീടാണ് പൂര്‍ണമായും തകര്‍ന്നത്. തളിപ്പറമ്പ്, പയ്യന്നൂര്‍ താലൂക്കുകളിലും വീടുകള്‍ ഭാഗികമായി തകര്‍ന്നിട്ടുണ്ട്. പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് പബ്ലിക് സ്‌കൂളിലെ കഞ്ഞിപ്പുര മരം വീണ് തകര്‍ന്നു.കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ അതിസുരക്ഷാ മതില്‍ ഇടിഞ്ഞു വീണു. അഞ്ചാം ബ്ലോക്കിലെ ന്യൂ ബ്ലോക്ക് കെട്ടിടത്തിന് എതിര്‍ വശത്തുള്ള കൂറ്റന്‍ മതിലാണ് 30 മീറ്ററോളം നിലംപൊത്തിയത്. പുലര്‍ച്ചെ ഏഴര മണിയോടെ ജയില്‍ വളപ്പിനുള്ളിലെ തൊഴുത്തിന് സമീപമാണ് സംഭവം. കോഴിക്കോട് പള്ളിക്കണ്ടി മഹാകാളി ക്ഷേത്രത്തിലേക്ക് മരക്കൊമ്പ് ഒടിഞ്ഞുവീണു. നദികളിലും അണക്കെട്ടുകളിലും ജലനിരപ്പുയര്‍ന്നിട്ടുണ്ട്. ഇടുക്കിയിലെ കല്ലാര്‍കുട്ടി ഡാം തുറന്നു. കേരളത്തില്‍ അടുത്ത രണ്ടുദിവസം വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായതോ അതിശക്തമായയോ ആയ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കാലവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളുടെ മുന്നറിയിപ്പ്. ശനിയാഴ്ചയോടെ മഴയുടെ തീവ്രത കുറയുമെന്നും റിപോര്‍ട്ടുകളുണ്ട്. വടകര താലൂക്ക് ആശുപത്രിയുടെ മതില്‍ ഇടിഞ്ഞ് വീണു. ആശുപത്രിയുടെ പുതിയ കെട്ടിടത്തിനോട് ചേര്‍ന്നുള്ള മതിലാണ് റോഡിലേക്ക് ഇടിഞ്ഞ് വീണത്. ആളുകള്‍ ഓടി രക്ഷപ്പെട്ടു. കാസര്‍കോട് തൃക്കണ്ണാട് കടല്‍ ക്ഷോഭം രൂക്ഷമാണ്. രണ്ട് വീടുകള്‍ തകര്‍ന്നു. തിരുവനന്തപുരം അഞ്ചുതെങ്ങ് മേഖലയിലും കടലാക്രമണം രൂക്ഷമാണ്. വെള്ളം ഇരച്ചുകയറിയതിനാല്‍ ചില വീടുകള്‍ ഭാഗികമായി തകര്‍ന്നു. ശക്തമായ തിരയില്‍ വെള്ളം റോഡിലേക്കും കയറി. ദുരിതാശ്വാസ ക്യാംപുകള്‍ സജ്ജമാക്കിയിട്ടുണ്ട്. അതിനിടെ, ഇടുക്കിയില്‍ ജില്ലയിലും ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.