
യൂത്ത് കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റും പാലക്കാട് എംഎല്‍യുമായ രാഹുല്‍ മാങ്കൂട്ടത്തിലിനോട് രാജി ആവശ്യപ്പെടണമെന്ന് കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍. രാഹുലിനെതിരെ നടപടി വേണമെന്നും കോണ്‍ഗ്രസ് നേതൃത്വത്തോട് അദ്ദേഹം ആവശ്യപ്പെട്ടു. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ എന്നിവരെയാണ് വിഎം സുധീരന്‍ നിലപാട് അറിയിച്ചത്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഗർഭഛിദ്രത്തിന് നിർബന്ധിക്കുന്ന ശബ്ദരേഖ ഉൾപ്പെടെ ഉള്‍പ്പെടെയുള്ള ശക്തമായ തെളിവുകൾ പുറത്ത് വന്ന സാഹചര്യത്തിലാണ് വി എം സുധീരന്‍ അദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.

കെസിഎല്ലിലെ ഏറ്റവും ആവേശം നിറഞ്ഞ കൊല്ലം സെയ്‌ലേഴ്‌സ്- കൊച്ചി ബ്ലൂടൈഗേഴ്‌സ് മത്സരത്തിന് സാക്ഷ്യം വഹിക്കാനെത്തിയത് 11,000 പേര്‍. അവസാന പന്ത് വരെ ആരാധകരെ ത്രില്ലടിപ്പിച്ച മത്സരത്തില്‍ സിക്‌സടിച്ച് കൊച്ചി തങ്ങളുടെ വിജയം ആഘോഷിച്ചപ്പോള്‍ ഗ്യാലറി ഇളകിമറിഞ്ഞു. സഞ്ജു സാംസന്റെ സെഞ്ച്വറിയും കൊച്ചിയുടെ അവിസ്മരണീയ വിജയവും ഗ്രീന്‍ഫീല്‍ഡിലേക്ക് ഒഴുകിയെത്തിയ ആരാധകര്‍ക്ക് അക്ഷരാര്‍ത്ഥത്തില്‍ സമ്മാനിച്ചത് സൂപ്പര്‍ സണ്‍ഡേ തന്നെയായിരുന്നു. ആവേശക്രിക്കറ്റ് അറ്റ് ഇറ്റ്‌സ് ബെസ്റ്റ് എന്ന കെസിഎല്ലിന്റെ ടാഗ് ലൈനിനോട് യോജിച്ചതായിരുന്നു ഇന്നത്തെ കാണികളുടെ സാന്നിധ്യവും ആവേശവും. ഗ്രീന്‍ഫീല്‍ഡിനെ ഇരുടീമിന്റെയും താരങ്ങള്‍ ആവേശത്തിലാക്കിയ ദിനമായിരുന്നു ഞായറാഴ്ച്ച. ഓരോ ബൗണ്ടറിക്കും സിക്സറിനും വിക്കറ്റിനും ആര്‍പ്പുവിളികളുമായി കാണികള്‍ കളിക്കാര്‍ക്ക് ഊര്‍ജ്ജം പകര്‍ന്നു. മത്സരത്തിലെ ഏറ്റവും ആവേശകരമായ നിമിഷം പിറന്നത് കൊച്ചി ബ്ലൂ ടൈഗേഴ്സ് താരം സഞ്ജു സാംസണിന്റെ ബാറ്റില്‍ നിന്നായിരുന്നു. കൊല്ലത്തിന്റെ ബൗളര്‍മാരെ തലങ്ങും വിലങ്ങും പായിച്ച സഞ്ജു, മിന്നല്‍ വേഗത്തില്‍ സെഞ്ചുറി നേടിയപ്പോള്‍ ഗാലറി ആവേശത്തിമിര്‍പ്പിലായി. സഞ്ജുവിന്റെ ഓരോ ഷോട്ടും ആവേശത്തോടെയാണ് ആരാധകര്‍ വരവേറ്റത്. താരത്തിന്റെ തകര്‍പ്പന്‍ പ്രകടനം കൊച്ചിക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചതിനൊപ്പം കാണികള്‍ക്ക് അവിസ്മരണീയമായ അനുഭവവും നല്‍കി. ഇരു ടീമുകള്‍ക്കും മികച്ച പിന്തുണയാണ് ഗ്യാലറിയില്‍ നിന്ന് ലഭിച്ചത്.

കെ.സി.എല്ലിന് ദിനംപ്രതി ജനപ്രീതി ഏറിവരുന്നതിന്റെ വ്യക്തമായ സൂചന നല്‍കുന്നതായിരുന്നു സ്റ്റേഡിയത്തിലെ ആരവം. ഞായറാഴ്ച രാത്രി നടന്ന കൊല്ലം സെയിലേഴ്സും കൊച്ചി ബ്ലൂ ടൈഗേഴ്സും തമ്മിലുള്ള മത്സരം ആവേശത്തിന്റെ അലകടലാക്കി മാറ്റിയത് ഗാലറിയിലെ കാണികളായിരുന്നു. നേരത്തെ കൊല്ലത്തിന് വേണ്ടി സച്ചിനും വിഷ്ണു വിനോദും മികച്ച ഇന്നിങ്സ് കാഴ്ച്ചവെച്ചപ്പോഴും വന്‍ ആരവമായിരുന്നു ഗ്യാലറിയില്‍.രാവിലെ നടന്ന കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ്- ട്രിവാന്‍ഡ്രം റോയല്‍സ് മത്സരം കാണുവാനും നിരവധിയാളുകളാണ് എത്തിയത്.

കെ.സി.എല്ലിന്റെ തുടര്‍ന്നുള്ള മത്സരങ്ങളിലും ഇതേ ജനപങ്കാളിത്തം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് സംഘാടകര്‍. പ്രാദേശിക താരങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിനൊപ്പം, സഞ്ജുവിനെപ്പോലുള്ള അന്താരാഷ്ട്ര താരങ്ങളുടെ സാന്നിധ്യം കൂടുതല്‍ കാണികളെ സ്റ്റേഡിയത്തിലേക്ക് ആകര്‍ഷിക്കുന്നുണ്ട്. വരും ദിവസങ്ങളില്‍ കെ.സി.എല്‍ കൂടുതല്‍ ആവേശകരമാകുമെന്നതിന്റെ സൂചനയാണ് നാലാം ദിനത്തിലെ വന്‍ ജനത്തിരക്ക്.
കെസിഎല്ലിലെ ആവേശപ്പോരാട്ടത്തില്‍ കൊല്ലം സെയിലേഴ്‌സിനെ നാല് വിക്കറ്റിന് തോല്പിച്ച് കൊച്ചി ബ്ലൂ ടൈഗേഴ്‌സ്. 237 റണ്‍സ് പിന്തുടര്‍ന്ന് ബാറ്റിങ്ങിന് ഇറങ്ങിയ കൊച്ചിയെ അവസാന പന്തില്‍ മൊഹമ്മദ് ആഷിഖ് നേടിയ സിക്‌സറാണ് വിജയത്തിലെത്തിച്ചത്. സെഞ്ച്വറി നേടിയ സഞ്ജു സാംസനാണ് കളിയിലെ താരം. ആദ്യം ബാറ്റ് ചെയ്ത കൊല്ലം സെയിലേഴ്‌സ് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 236 റണ്‍സെടുത്തത്.

ആവേശം എല്ലാ അതിരുകളും ഭേദിച്ചൊരു പോരാട്ടം. അതിനായിരുന്നു ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. അടിച്ചും തിരിച്ചടിച്ചും കൊല്ലവും കൊച്ചിയും അവസാന പന്ത് വരെ പോരാടിയപ്പോള്‍ ടീമിന് അതിശയ വിജയമൊരുക്കിയത് സഞ്ജുവിന്റെയും മൊഹമ്മദ് ആഷിക്കിന്റെയും ഉജ്ജ്വല ഇന്നിങ്‌സുകളാണ്. 237 റണ്‍സെന്ന വലിയ ലക്ഷ്യവുമായിറങ്ങിയ കൊച്ചിക്ക് സഞ്ജു നല്കിയത് തകര്‍പ്പന്‍ തുടക്കമാണ്. പവന്‍ രാജ് എറിഞ്ഞ ആദ്യ പന്ത് തന്നെ ബൌണ്ടറി കടത്തിയാണ് സഞ്ജു തുടങ്ങിയത്. ആ ഓവറില്‍ തന്നെ വീണ്ടുമൊരു ഫോറും സിക്‌സും. മൂന്നാം ഓവറില്‍ ഷറഫുദ്ദീനെതിരെ തുടരെ നാല് ബൌണ്ടറികള്‍. ഫോറും സിക്‌സും തുടര്‍ക്കഥയായപ്പോള്‍ അന്‍പതിലേക്ക് എത്താന്‍ സഞ്ജുവിന് വേണ്ടി വന്നത് 16 പന്തുകള്‍ മാത്രമാണ്. അഞ്ചാം ഓവറില്‍ വിനൂപ് മനോഹരന്‍ മടങ്ങിയപ്പോള്‍ പകരമെത്തിയത് മൊഹമ്മദ് ഷാനുവാണ്. പന്തുകള്‍ അതിര്‍ത്തി കടത്തി സഞ്ജുവിന് മികച്ച പിന്തുണ നല്കിയ ഷാനു 28 പന്തുകളില്‍ 39 റണ്‍സെടുത്തു. ആദ്യ പവര്‍പ്ലേയില്‍ തന്നെ നൂറ് റണ്‍സാണ് കൊച്ചി അടിച്ചുകൂട്ടിയത്. കെസിഎല്‍ സീസണ്‍ -2 വില്‍ ഇതാദ്യമായാണ് ഒരു ടീം ആദ്യ പവര്‍പ്ലേയില്‍ തന്നെ ഇത്രയും വലിയ സ്‌കോര്‍ നേടുന്നത്.


പാതി പിന്നിട്ടതോടെ ഇന്നിങ്‌സിന്റെ വേഗം കുറഞ്ഞെങ്കിലും വ്യക്തമായ കണക്കുകൂട്ടലുകളോടെയാണ് സഞ്ജു ബാറ്റ് വീശിയത്. ഷാനുവും സാലി സാംസനും നിഖില്‍ തോട്ടത്തും അടുത്തടുത്ത ഇടവേളകളില്‍ മടങ്ങിയത് ആരാധകരുടെ നെഞ്ചിടിപ്പേറ്റി. എന്നാല്‍ പകരമെത്തിയ മൊഹമ്മദ് ആഷിഖ് അവസാന പന്ത് വരെ കൂറ്റന്‍ ഷോട്ടുകളുമായി ക്രീസില്‍ ഉറച്ച് നിന്നു. ഇതിനിടയില്‍ 42 പന്തുകളില്‍ നിന്ന് സഞ്ജു സെഞ്ച്വറി പൂര്‍ത്തിയാക്കി. 19ആം ഓവറില്‍ ആദ്യ പന്തില്‍ 121 റണ്‍സെടുത്ത സഞ്ജു മടങ്ങി. അയജ്‌ഘോഷിന്റെ പന്തില്‍ സഞ്ജു ക്ലീന്‍ ബൌള്‍ഡാവുകയായിരുന്നു. 51 പന്തുകളില്‍ 14 ഫോറും ഏഴ് സിക്‌സുമടക്കമാണ് സഞ്ജു 121 റണ്‍സ് നേടിയത്.പകരമെത്തിയ ആല്‍ഫി ഫ്രാന്‍സിസ് ജോണ്‍ ആദ്യ പന്തില്‍ തന്നെ സിക്‌സര്‍ പറത്തി. ഒടുവില്‍ അവസാന ഓവര്‍ തുടങ്ങുമ്പോള്‍ കൊച്ചിയ്ക്ക് ജയിക്കാന്‍ വേണ്ടത് 17 റണ്‍സായിരുന്നു. ഷറഫുദ്ദീന്‍ എറിഞ്ഞ ആദ്യ രണ്ട് പന്തുകളില്‍ മൊഹമ്മദ് ആഷിഖ് ഫോറും സിക്‌സും നേടി. എന്നാല്‍ നാലാം പന്തില്‍ ആല്‍ഫി ഫ്രാന്‍സിസ് റണ്ണൌട്ടായി. അഞ്ചാം പന്തില്‍ റണ്‍ നേടാനാകാതെ വന്നതോടെ അവസാന പന്തില്‍ ജയിക്കാന്‍ വേണ്ടത് ആറ് റണ്‍സായിരുന്നു. ഷറഫുദ്ദീന്റെ പന്ത് ലോങ് ഓണിലേക്ക് പറത്തി ആഷിഖ് ടീമിന് അത്ഭുത വിജയം സമ്മാനിക്കുകയായിരുന്നു. 18 പന്തുകളില്‍ മൂന്ന് ഫോറും അഞ്ച് സിക്‌സുമടക്കം 45 റണ്‍സാണ് ആഷിഖ് നേടിയത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത കൊല്ലത്തിന് ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയുടെയും വിഷ്ണു വിനോദിന്റെയും തകര്‍പ്പന്‍ ബാറ്റിങ്ങാണ് കൂറ്റന്‍ സ്‌കോര്‍ നല്കിയത്. ആദ്യ രണ്ട് മല്‌സരങ്ങളിലും തങ്ങളുടെ പതിവ് ഫോമിലേക്ക് ഉയരാന്‍ കഴിയാതിരുന്ന ഇരുവര്‍ക്കും നേരിയ വ്യത്യാസത്തിലാണ് സെഞ്ച്വറി നഷ്ടമായത്. അഭിഷേക് ജെ നായര്‍ മൂന്നാം ഓവറില്‍ പുറത്തായതോടെയാണ് ഇരുവരും ഒത്തു ചേര്‍ന്നത്. നേരിട്ട ആദ്യ പന്തുകളില്‍ ലഭിച്ച ഭാഗ്യത്തിന്റെ ആനുകൂല്യം സച്ചിന്‍ മുതലാക്കി. അഖിന്‍ സത്താറിനെ ബൌണ്ടറി പായിച്ച് അക്കൌണ്ട് തുറന്ന സച്ചിന്‍ തുടര്‍ന്നുള്ള ഓവറുകളില്‍ ഫോറിന്റെയും സിക്‌സിന്റെയും പെരുമഴ തീര്‍ത്തു. 22 പന്തുകളില്‍ നിന്ന് സച്ചിന്‍ അര്‍ദ്ധ സെഞ്ച്വറി പൂര്‍ത്തിയാക്കി. പത്താം ഓവറില്‍ നൂറ് കടന്ന കൊല്ലം സെയിലേഴ്‌സ് 14ആം ഓവറില്‍ 150ഉം പിന്നിട്ടു. എന്നാല്‍ പി എസ് ജെറിന്‍ എറിഞ്ഞ ആ ഓവറില്‍ തന്നെ സച്ചിന്‍ മടങ്ങി. ജെറിനെ ഉയര്‍ത്തിയടിക്കാന്‍ ശ്രമിച്ച സച്ചിനെ വിനൂപ് മനോഹരന്‍ പിടികൂടുകയായിരുന്നു. 44 പന്തുകളില്‍ നിന്ന് ആറ് ഫോറും ആറ് സിക്‌സും അടക്കം സച്ചിന്‍ 91 റണ്‍സ് നേടി. തുടര്‍ന്നങ്ങോട്ട് കൂറ്റന്‍ അടികളുടെ ചുമതല വിഷ്ണു വിനോദ് ഏറ്റെടുത്തു. പന്തുകള്‍ അതിര്‍ത്തി കടന്ന് പാഞ്ഞപ്പോള്‍ 17ആം ഓവറില്‍ സെയിലേഴ്‌സ് 200 പിന്നിട്ടു. എന്നാല്‍ കെ എം ആസിഫിനെ ബൌളിങ്ങിലേക്ക് മടക്കി വിളിച്ച തന്ത്രം ഫലം കണ്ടു. 94 റണ്‍സെടുത്ത വിഷ്ണു വിനോദ് ആല്‍ഫി ഫ്രാന്‍സിസ് പിടിച്ചു മടങ്ങി. 41 പന്തില്‍ മൂന്ന് ഫോറും ഒന്‍പത് സിക്‌സുമടക്കം 94 റണ്‍സാണ് വിഷ്ണു വിനോദ് നേടിയത്. ഷറഫുദ്ദീന്‍ എട്ടും എ ജി അമല്‍ 12ഉം റണ്‍സുമായി പുറത്താകാതെ നിന്നു. കൊച്ചിയ്ക്ക് വേണ്ടി പി എസ് ജെറിന്‍ രണ്ടും സാലി സാംസനും കെ എം ആസിഫും മൊഹമ്മദ് ആഷിക്കും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. മൂന്ന് മത്സരത്തില്‍ മൂന്ന് വിജയം കരസ്ഥമാക്കിയതോടെ കൊച്ചി പോയിന്റ് നിലയില്‍ 6 പോയിന്റുമായി ഒന്നാം സ്ഥാനത്താണ്.


2025 ഓണാഘോഷവുമായി ബന്ധപ്പെട്ട മുന്നൊരുക്ക പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് യോഗം

2025 ഓണാഘോഷവുമായി ബന്ധപ്പെട്ട മുന്നൊരുക്ക പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് യോഗം ചേർന്നു.ഓണ നാളുകളിലെ ശുചീകരണ പ്രവർത്തനങ്ങൾ, ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കൽ എന്നിവയായിരുന്നു യോഗത്തിലെ പ്രധാന ചർച്ചാവിഷയങ്ങൾ. ഘോഷയാത്ര ദിവസവും മറ്റ് ദിവസങ്ങളിലും നഗരസഭ പൊതുയിടങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന ബിന്നുകളിൽ മാത്രം മാലിന്യം നിക്ഷേപിക്കണമെന്ന് പൊതുജനങ്ങളോട് അഭ്യർത്ഥിക്കുന്നു. ഓണാഘോഷവുമായി ബന്ധപ്പെട്ട് നഗരത്തിലെ മുഴുവൻ കലാപരിപാടികളുടെ വേദികളും പരിസരവും നഗരസഭയുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നതായിരിക്കും.
