
പുൽവാമ ഭീകരാക്രമണത്തിൽ അന്നത്തെ ജമ്മുകാശ്മീർ ഗവർണർ സത്യപാൽ മാലിക്കിന്റെ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ കേന്ദ്രസർക്കാരിനെതിരെ വിമർശനവുമായി മുൻ കരസേനാ മേധാവിയും രംഗത്ത്പുൽവാമയിൽ ജവാൻമാർക്ക് ജീവൻ നഷ്ടമായതിന്റെ ഉത്തരവാദിത്വം പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നൽകുന്ന സർക്കാരിന്റേതെന്ന് മുൻ കരസേന മേധാവി ശങ്കർ റോയ് ചൗധരി പറഞ്ഞു. ദേശീയ സുരക്ഷാ ഏജൻസിക്കും ഇൻറലിജൻസ് വീഴ്ചയിൽ ഉത്തരവാദിത്വമുണ്ട്. സൈനിക കോൺവോയ് പാക്കിസ്ഥാൻ അതിർത്തിയോട് ചേർന്നുള്ള ഹൈവേയിലൂടെ പോകരുതായിരുന്നു. വ്യോമ മാർഗ്ഗം സഞ്ചരിച്ചിരുന്നെങ്കിൽ ജവാന്മാരുടെ ജീവൻ രക്ഷിക്കാമായിരുന്നുവെന്നും ജനറൽ റോയ് ചൗധരി ദി ടെലഗ്രാഫ് പത്രത്തോട് പ്രതികരിച്ചു. 1994 മുതൽ 1997 വരെ ഇന്ത്യയുടെ കരസേന മേധാവിയായിരുന്നു ശങ്കർ റോയ് ചൗധരി. സിആർപിഎഫ് ജവാന്മാരെ വ്യോമ മാർഗ്ഗം കൊണ്ടു പോകണമെന്ന ആവശ്യം കേന്ദ്ര സർക്കാർ അംഗീകരിക്കാത്തതാണ് പുൽവാമ ആക്രമത്തിലേക്ക് നയിച്ചതെന്ന് ജമ്മുകശ്മീർ മുൻ ഗവർണർ സത്യപാൽ മാലിക്ക് വെളിപ്പെടുത്തിയിരുന്നു. സിആർപിഎഫ് നടത്തിയ ആഭ്യന്തര അന്വേഷണത്തിലും ജവാന്മാരെ റോഡ് മാർഗ്ഗം കൊണ്ടു പോയതിലെ വീഴ്ച ചൂണ്ടിക്കാട്ടിയിരുന്നു എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വന്നത്. സാധാരണ സൈനികരെ റോഡുമാർഗ്ഗം കൊണ്ടു പോകാറുണ്ട്. എന്നാൽ 78വാഹനങ്ങളടങ്ങുന്ന കോൺവോയി പോകാൻ തീരുമാനിച്ചത് അസാധരണമെന്നാണ് സിആർപിഎഫും വിലയിരുത്തിയത്.
ഇന്റലിജൻസ് വീഴ്ച ഉൾപ്പടെ മിണ്ടരുതെന്ന് തന്നോട് പ്രധാനമന്ത്രി നിർദ്ദേശിച്ചതായി സത്യപാൽ മാലിക് വെളിപ്പെടുത്തിയിരുന്നു. പുൽവാമ ആക്രമണത്തിന് പിന്നാലെ കോൺഗ്രസ് ഉൾപ്പെടെയുള്ള കക്ഷികൾ ഇന്റലിജൻസ് വീഴ്ച ചൂണ്ടിക്കാണിച്ച് അന്വേഷണം ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് പ്രതിപക്ഷ ആരോപണം ശരിവച്ചുകൊണ്ടുള്ള സത്യപാൽ മാലിക്കിന്റെ വെളിപ്പെടുത്തൽ.