
മുന്‍ എംപിയും കൊലക്കേസ് പ്രതിയുമായ ആതിഖ് അഹമ്മദും സഹോദരന്‍ അഷ്‌റഫ് അഹമ്മദും വെടിയേറ്റ് മരിച്ചു. ഇരുവരെയും വൈദ്യചികിത്സയ്ക്കായി പ്രയാഗ്രാജ് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുന്നതിനിടെ വെടിയേല്‍ക്കുകയായിരുന്നു. മകന്‍ അസദ് അഹമ്മദിന്റെ അന്ത്യകര്‍മങ്ങള്‍ കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളിലാണ് മുന്‍ എംപി കൊല്ലപ്പെട്ടത്. മൂന്ന് പേര്‍ ആതിഖിനും അഷ്‌റഫിനും നേരെ വെടിയുതിര്‍ത്തതായി മാധ്യമ വൃത്തങ്ങള്‍ അറിയിച്ചു. മാധ്യമ പ്രവര്‍ത്തകരെന്ന വ്യാജേന എത്തിയവരാണ് ആതിഖിനെ വെടിവെച്ചത്. വെടിയുതിര്‍ത്ത ശേഷം അക്രമികള്‍ കീഴടങ്ങി. മൂന്ന് അക്രമികളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇരുവരുടെയും മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്. ആതിഖ് അഹമ്മദിന്റെ ഗുണ്ടാസംഘത്തിനെ ഉന്മൂലനം ചെയ്യുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉറപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് അസദ് മരിച്ചത്. മകന്റെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ ആതിഖ് വെള്ളിയാഴ്ച മജിസ്‌ട്രേറ്റിനോട് അനുമതി തേടിയിരുന്നു.