
കേരളത്തില്‍ ആദ്യത്തെ അനുഭവം; ആഢംബര കപ്പല്‍ ‘ക്ലാസിക് ഇംപീരിയൽ’ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് സന്ദര്‍ശിച്ചു.വിനോദ സഞ്ചാരികളെ വരവേല്‍ക്കാനൊരുങ്ങുന്ന കേരളത്തിലെ ഏറ്റവും വലിയ ആഢംബര കപ്പലായ ക്ലാസിക് ഇംപീരിയൽ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് സന്ദര്‍ശിച്ചു. കേരളത്തിലെ ആദ്യത്തെ അനുഭവമാണിത്. പല ഘട്ടങ്ങളിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും അറിയാറുണ്ടെന്നും വളരെ മികച്ച രീതിയില്‍ സമര്‍പ്പണത്തോടെയാണ് കപ്പല്‍നിര്‍മ്മാണം പുരോഗമിച്ചതെന്നും മന്ത്രി പറഞ്ഞു. ക്ലാസിക് ഇംപീരിയൽ നിര്‍മ്മിക്കുന്ന നിഷിജിത്ത് കെ. ജോണിനെ മന്ത്രി അഭിനന്ദിച്ചു .ടൂറിസ്റ്റ് ബോട്ട് സര്‍വ്വീസ് മേഖലയില്‍ 22 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ബോൾഗാട്ടി സ്വദേശി നിഷിജിത്ത് കെ. ജോണിന്റെ മൂന്ന് വര്‍ഷക്കാലത്തെ പ്രയത്‌നത്തിന്റെ ഫലമാണ് വരും ദിവസങ്ങളില്‍ നീറ്റിലിറങ്ങാന്‍ തയ്യാറെടുക്കുന്ന ‘ക്ലാസിക് ഇംപീരിയൽ’ എന്ന ആഢംബര കപ്പല്‍. ഐആര്‍എസ് ക്ലാസിഫിക്കേഷനിലുള്ള 50 മീറ്റര്‍ നീളമുള്ള വെസ്സല്‍ നിഷിജിത്തിന്റെ ആറാമത്തെ സംരംഭമാണ്.വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനലിന് സമീപമുളള രാമന്‍ തുരുത്തില്‍ പോര്‍ട്ട് ട്രസ്റ്റിന്റെ സ്ഥലം 1.20 ലക്ഷം രൂപ പ്രതിമാസ വാടകയ്‌ക്കെടുത്താണു നിഷിജിത്ത് നിര്‍മാണകേന്ദ്രം ഒരുക്കിയത്. നിഷിജിത്തിന്റേയും അന്‍പതോളം തൊഴിലാളികളുടേയും അധ്വാനത്തിന്റെ ഫലമായി യാത്രയക്കൊരുങ്ങുന്ന ഈ വെസ്സല്‍ ഐആര്‍എസ് സുരക്ഷാ മാനദണ്ഡങ്ങളെല്ലാം പാലിച്ചുകൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്.