
പ്രതിദിന വരുമാനം ജൂണോടെ എട്ടുകോടിയിൽ എത്തിക്കാൻ പദ്ധതിയുമായി കെഎസ്‌ആർടിസി. നിലവിൽ ആറ്–- ആറര കോടിയാണ് ശരാശരി വരുമാനം. ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ വരുമാനത്തിൽ വലിയ കുറവുണ്ടായി. പരമാവധി ബസുകൾ ഓടിക്കുകയും പുതുതായി സ്വിഫ്‌റ്റിന് ലഭിച്ച 131 ബസ് ലാഭകരമായ റൂട്ടിൽ സർവീസ് നടത്തുന്നതിലൂടെയും ലക്ഷ്യം നേടാൻ കഴിയുമെന്നാണ് കണക്കുകൂട്ടൽ. 5400 ബസ് ഉള്ളതിൽ ശരാശരി 4250 ബസാണ് നിരത്തിലിറക്കുന്നത്. കട്ടപ്പുറത്ത് കിടക്കുന്നതിൽ 70 ശതമാനവും ഓർഡിനറി ബസുകളാണ്. അവ അറ്റകുറ്റപ്പണി നടത്തി ലാഭകരമായ റൂട്ട് കണ്ടെത്തി ഓടിക്കും. ഓരോ സോണിലുമുള്ള കട്ടപ്പുറത്തായ ബസുകളുടെ സ്ഥിതിവിവരങ്ങൾ ശേഖരിച്ചു. ബജറ്റിൽ വർക്ക്‌ഷോപ്പുകളുടെ നവീകരണത്തിനും വാഹനങ്ങളുടെ നവീകരണത്തിനുമായി 100 കോടി വകയിരുത്തിയിട്ടുണ്ട്.