അടിയന്തിര പ്രമേയ നോട്ടീസ് അവതരിപ്പിച്ച് മാത്യു കുഴല്‍നാടന്‍ എം.എല്‍.എ സംസാരിച്ച് തുടങ്ങിയപ്പോള്‍ നിയമസഭയുടെ ചരിത്രത്തില്‍ ഇന്നുവരെ ഉണ്ടാകാത്ത സംഭവങ്ങളാണ് അരങ്ങേറിയതെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ കുറ്റപ്പെടുത്തി. മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രസംഗം തടസപ്പെടുത്തി. അടിയന്തിര പ്രമേയത്തില്‍ പോയിന്റ് ഓഫ് ഓര്‍ഡര്‍ അനുവദിക്കില്ലെന്ന് സ്പീക്കര്‍ പറഞ്ഞിട്ടും മന്ത്രിമാര്‍ അത് ഉന്നയിക്കുന്ന സാഹചര്യമുണ്ടായി. കുറ്റപത്രം നല്‍കി വിചാരണയിലേക്ക് കടക്കുന്ന വിഷയങ്ങള്‍ നിയമസഭയില്‍ അടിയന്തിര പ്രമേയത്തില്‍ ഉന്നയിക്കാന്‍ പാടില്ലെന്നു മാത്രമാണ് റൂള്‍സ് ഓഫ് പ്രൊസീജിയറില്‍ പറയുന്നത്. ലൈഫ് മിഷന്‍ കേസ് ഇപ്പോഴും അന്വേഷണ ഘട്ടത്തിലാണ്. കുറ്റപത്രം നല്‍കുകയോ വിചാരണയിലേക്ക് കടക്കുകയോ ചെയ്തിട്ടില്ല. കേസ് നടക്കുന്ന കാലത്ത് പോലും ബാര്‍ കോഴയെ കുറിച്ചും സോളാര്‍ കേസിനെ കുറിച്ചും കെ.എം മാണിയെ കുറിച്ചുമൊക്കെ എത്രയോ തവണ അടിയന്തിര പ്രമേയം അനുവദിച്ചിട്ടുണ്ട്. എല്ലാ ഒരു സുപ്രഭാതത്തില്‍ മറക്കുകയാണ്. ലൈഫ് മിഷനെ കുറിച്ച് മിണ്ടിപ്പോകരുതെന്നാണ് സര്‍ക്കാര്‍ പറയുന്നത്.ഇ.ഡി പുരാണം, സി.ബി.ഐ പുരാണം എന്‍.ഐ.എ പുരാണം എന്നിവയില്‍ തുടങ്ങി കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെയുള്ള സസ്ഥാനങ്ങളില്‍ കേന്ദ്ര ഏജന്‍സികള്‍ നടത്തിയ ഇടപെടലുകളെ കുറിച്ചാണ് മന്ത്രി എം.ബി രാജേഷ് പ്രതിപക്ഷത്തിന് ക്ലാസെടുത്തത്. അത്ര കൊള്ളരുതാത്തവരായിരുന്നു കേന്ദ്ര ഏജന്‍സികളെങ്കില്‍, ഡിയര്‍ മോദിജി എന്ന് അഭിസംബോധന ചെയ്തുകൊണ്ട് ഒന്നിലധിക കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി കത്തെഴുതിയത് എന്തിന് വേണ്ടിയായിരുന്നു? മോദിക്ക് മുഖ്യമന്ത്രി കത്തെഴുതിയിട്ടാണ് സി.ബി.ഐയും ഇ.ഡിയും പാടില്ലെന്ന് മന്ത്രി ഇപ്പോള്‍ പറയുന്നത്.