നിയമസഭയിൽ പഴയ പിണറായി വിജയന്റെ തൊലിയുരിച്ച് മാത്യു കുഴൽ നാടൻ. മറുപടിയില്ലാതെ പൊട്ടിത്തെറിച്ച് പിണറായി. അഴിമതിയുടെ കൊടുമുടി കയറിയ ഇടതുഭരണത്തിനെതിരേ ഇന്നും നിയമസഭയിൽ പ്രതിഷേധം. ലൈഫ് മിഷൻ കോഴയിടപാടിലെ അടിയന്തര പ്രമേയ നോട്ടീസ് അവതരണ വേളയിൽ നാടകീയ സംഭവങ്ങളാണ് സഭയിലുണ്ടായത്. മുഖ്യമന്ത്രി പിണറായി വിജയൻ, അന്നത്തെ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ, വിവാദ നായിക സ്വപ്ന സുരേഷ്, യുഎഇ കോൺസൽ ജനറൽ എന്നിവർ ക്ലിഫ് ഹൗസിൽ യോഗം ചേർന്നുവെന്ന് സ്വപ്ന പറഞ്ഞെന്ന ആരോപണവുമായി മാത്യു കുഴൽനാടൻ സഭയിൽ കത്തിക്കയറി. ഇതെല്ലാം പച്ചക്കള്ളമെന്ന മറുപടി നൽകി മുഖ്യമന്ത്രിയും എഴുന്നേറ്റു. കള്ളമാണെങ്കിൽ കോടതിയെ സമീപിക്കണമെന്നും ഇതൊന്നും താൻ എഴുതിയ തിരക്കഥയല്ലെന്നും ഇഡി കോടതിക്ക് കൊടുത്ത റിപ്പോർട്ടിനെയാണ് താൻ ഉദ്ധരിച്ചതാണെന്നും കുഴൽനാടൻ വിശദീകരിച്ചു. തെറ്റാണെങ്കിൽ എന്ത് കൊണ്ട് കോടതിയെ സമീപിക്കുന്നില്ലെന്ന ചോദ്യവും കുഴൽനാടൻ ഉന്നയിച്ചു.അതോടെ മുഖ്യമന്ത്രിയെ പ്രതിരോധിക്കാൻ ഭരണപക്ഷം എഴുന്നേറ്റു. ലൈഫ് മിഷൻ കോഴയിടപാടിൽ സഭയിൽ രൂക്ഷമായ ഭരണ-പ്രതിപക്ഷ പോരായി. കുഴൽനാടന്റെ ആരോപണം പച്ചക്കള്ളമാണെന്നും താൻ ആരെയും കണ്ടിട്ടില്ലെന്നും തിരിച്ചടിച്ചു. ഇതോടെ സഭയിൽ പ്രതിപക്ഷവും ഭരണപക്ഷവും തമ്മിൽ വൻ ബഹളവും വാക് വാദവുമുണ്ടായി. ഇരുപക്ഷവും സഭയിലെ സീറ്റിൽ നിന്നും എഴുന്നേറ്റ് ബഹളം വെച്ചതോടെ സഭ അൽപ്പ സമയത്തേക്ക് പിരിഞ്ഞു.