പതിനഞ്ചാം കേരള നിയമസഭയുടെ എട്ടാം സമ്മേളനത്തിന് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ തുടക്കം. കേന്ദ്രത്തെ തല്ലാതെയും സംസ്ഥാനത്തെ ആകാവുന്നത്ര തലോടിയുമാണ് നയപ്രഖ്യാപനം. സംസ്ഥാനത്തിന്റെ നേട്ടങ്ങൾ വിവരിച്ചാണ് ഗവർണർ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചത്. അഭിമാനകരമായ സാമ്പത്തിക വളർച്ച സംസ്ഥാനം നേടിയെന്നും സുസ്ഥിര വികസനത്തിൽ കേരളം മുന്നിലാണെന്നും ഗവർണർ പറഞ്ഞു.ഗവർണറെ അനുനയപ്പിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന ഭാഗങ്ങൾ നയപ്രഖ്യാനത്തിൽ നിന്ന് ഒഴിവാക്കിയിരുന്നു.സാമൂഹിക ശാക്തീകരണത്തിൽ സംസ്ഥാനം മാതൃകയാണ്. അതിദാരിദ്രം ഒഴിവാക്കാൻ സംസ്ഥാനം ശ്രദ്ധേയ പരിശ്രമം നടത്തുകയാണ്. സർക്കാർ ലക്ഷ്യമിടുന്നത് അടിസ്ഥാന വിഭാഗങ്ങളുടെ ക്ഷേമത്തിൽ ഊന്നിയ വികസനത്തിനാണ്. തൊഴിൽ ഉറപ്പാക്കുന്നതിൽ രാജ്യത്ത് കേരളം മൂന്നാം സ്ഥാനത്താണെന്നും ഗവർണർ പറഞ്ഞു. വേർതിരിവില്ലാത്ത സംസ്ഥാനമായി കേരളത്തിന് നിലനിൽക്കാൻ കഴിയുന്നുണ്ട്.