
നാം അതിദരിദ്രർ ഇല്ലാത്ത സംസ്ഥാനമെന്ന അഭിമാനം നേട്ടം കൈവരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരളത്തിന്റെ ചരിത്രപുസ്തകത്തില്‍ പുതിയ ഒരു അധ്യായം പിറന്നിരിക്കുകയാണ്. അതിദാരിദ്ര്യമില്ലാത്ത നാടായി ലോകത്തിനു മുന്നില്‍ സംസ്ഥാനം ആത്മാഭിമാനത്തോടെ തല ഉയര്‍ത്തി നില്‍ക്കുകയാണ്. നവകേരളം എന്ന ലക്ഷ്യം ഏറെ അകലെയല്ല എന്ന് വ്യക്തമാക്കുന്നതാണ് ഈ നേട്ടം. കേരള ജനത ഒരേ മനസ്സോടെ സഹകരിച്ചു നേടിയ നേട്ടമാണിത്. അസാധ്യം എന്നൊന്നില്ല എന്ന് വ്യക്തമാക്കുന്നതാണ് സമഗ്രമായ, വർഷങ്ങൾ നീണ്ട സൂക്ഷ്മമായ പ്രക്രിയയിലൂടെ സാധ്യമാക്കിയ ഈ ദൗത്യം. നാടിന്റെ ഒരുമയുടെയും ഐക്യത്തിന്റെയും ഫലം കൂടിയാണിത്. കേരളം അതിദാരിദ്ര്യമുക്തമായതിന്റെ ഔദ്യോഗിക പ്രഖ്യാപനം തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.നമ്മുടെ സങ്കല്‍പത്തിലുള്ള നവകേരളത്തിന്റെ സാക്ഷാത്കാരത്തിലേക്കുള്ള ചവിട്ടുപടിയാണിത്. ഒരു മനുഷ്യജീവിയും വിശപ്പിന്റെയോ കൊടും ദാരിദ്ര്യത്തിന്റെയോ ആഘാതത്തില്‍ വീണുപോകില്ല എന്ന് നമ്മുടെ നാട് ഉറപ്പാക്കുന്ന ചരിത്ര മുഹൂര്‍ത്തത്തില്‍ ഇതിൽ ഭാഗഭാക്കാവുകയും നേതൃത്വം കൊടുക്കുകയും പിന്തുണ നൽകുകയും ചെയ്ത ഏവരെയും ഹാർദമായി അഭിവാദ്യം ചെയ്യുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഐക്യകേരളം എന്ന സ്വപ്നം യാഥാര്‍ത്ഥ്യമായിട്ട് 69 വര്‍ഷം തികയുന്ന മഹത്തായ ദിനത്തിൽ നമ്മുടെ ഏവരുടെയും സ്വപ്നം സാക്ഷാത്ക്കരിക്കുന്നു എന്നത് ഏറെ സന്തോഷകരമാണ്. മനുഷ്യന്റെ ഇച്ഛാശക്തിയും സാമൂഹിക ഇടപെടലുംകൊണ്ട് ചെറുത്തു തോല്‍പ്പിക്കാവുന്ന ഒരു അവസ്ഥയാണ് അതിദാരിദ്ര്യം എന്നത്. ഈ നാടിന്റെയാകെ സഹകരണത്തോടെയാണ് ആ ദുരവസ്ഥയെ നാം ചെറുത്തു തോല്‍പ്പിച്ചിരിക്കുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഒരേ മനസ്സോടെ ലക്ഷ്യം കൈവരിക്കാൻ ഇറങ്ങിയിരുന്നു. നമ്മുടെ സംസ്ഥാനം വികസിത രാജ്യങ്ങളോട് കിടപിടിക്കുന്ന ജീവിതനിലവാരത്തിലേക്ക് കേരളത്തെ ഉയര്‍ത്തും എന്ന നവകേരള നിര്‍മ്മിതിയുടെ സുപ്രധാന ലക്ഷ്യം ഏറെയാന്നും അകലെയല്ല എന്ന് മുഖ്യമന്ത്രി പറഞ്ഞു.കേരളത്തിലെ ശിശുമരണനിരക്കും മാതൃമരണനിരക്കും അമേരിക്കയിലേതിനെ അപേക്ഷിച്ച് കുറവാണ് എന്നത് ലോകം അംഗീകരിച്ച വസ്തുതയാണ്. ഇതൊരു ചെറിയ നേട്ടമല്ല. 167.90 ബില്യണ്‍ ഡോളര്‍ മാത്രം ജി ഡി പിയുള്ള നമ്മുടെ സംസ്ഥാനം 30.51 ട്രില്യണ്‍ ഡോളറിന്റെ സാമ്പത്തിക ഭീമനായ അമേരിക്കയെക്കാള്‍ എങ്ങനെ മുന്നിലെത്തി. അവരുടെ ജി ഡി പിയുടെ 0.55 ശതമാനം മാത്രമാണ് നമ്മുടേത്. എന്നിട്ടും നമുക്ക് അമേരിക്കയെ മറികടക്കാനായി. ഇതാണ് ‘യഥാര്‍ത്ഥ കേരള സ്റ്റോറി’.അമേരിക്കയില്‍ ഒരു ലക്ഷം പ്രസവങ്ങളില്‍ 22.3 അമ്മമാര്‍ക്ക് ജീവന്‍ നഷ്ടപ്പെടുമ്പോള്‍, കേരളത്തില്‍ അത് 18 ആണ്. കേരളത്തില്‍ ആയിരം ജനനത്തിന് അഞ്ച് ശിശുമരണമാണ് ഉണ്ടാകുന്നത്. അമേരിക്കയില്‍ അത് 5.6 ആണ്. 96.2 ശതമാനം സാക്ഷരതയുമായി കേരളം ബഹുദൂരം മുന്നില്‍ നില്‍ക്കുമ്പോള്‍ അമേരിക്കയുടെ സാക്ഷരതാ നിരക്ക് 79 ശതമാനം മാത്രമാണ്. ബഹുമുഖ ദാരിദ്ര്യം കേരളത്തില്‍ ഏതാണ്ട് തുടച്ചുനീക്കപ്പെട്ടപ്പോള്‍ (0.55 ശതമാനം) , അമേരിക്കയില്‍ അത് 5.68 ശതമാനമാണ്. കുന്നുകൂടിയ സമ്പത്തല്ല, ജനങ്ങള്‍ക്ക് നല്‍കുന്ന കരുതലും മുന്‍ഗണനയുമാണ് ഒരു നാടിന്റെ യഥാര്‍ത്ഥ അളവുകോലെന്ന് ഇത് സാക്ഷ്യപ്പെടുത്തുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളം ഒരു അത്ഭുതമായി തന്നെയാണ് നിലകൊള്ളുന്നത്. രാജ്യത്ത് ദാരിദ്ര്യം ഏറ്റവും കുറഞ്ഞ സംസ്ഥാനം കേരളമാണെന്ന് നീതി ആയോഗ് പറയുന്നു. രാജ്യത്ത് 100 ല്‍ 11 പേര്‍ ദരിദ്രരായിരിക്കുമ്പോള്‍, കേരളത്തില്‍ അത് 200 ല്‍ ഒരാള്‍ മാത്രമാണ്. നീതി ആയോഗ് റിപ്പോര്‍ട്ട് അനുസരിച്ച് സുസ്ഥിര വികസനത്തിലും ആരോഗ്യത്തിലും വിദ്യാഭ്യാസത്തിലും കേരളമാണ് രാജ്യത്ത് ഒന്നാമത്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ സാക്ഷ്യപ്പെടുത്തുന്നത് രാജ്യത്ത് തൊഴിലാളിക്ക് ഏറ്റവും ഉയര്‍ന്ന ദിവസവേതനം ലഭിക്കുന്നത് കേരളത്തില്‍ എന്നാണ്. നിര്‍മ്മാണ മേഖലയില്‍ ദേശീയ ശരാശരി 362 രൂപ മാത്രമുള്ളപ്പോള്‍, കേരളത്തിലത് 829 രൂപയാണ്. അത് തൊഴിലാളിയുടെ അന്തസ്സാണ്, അവന്റെ കുടുംബത്തിന്റെ സുരക്ഷയാണ്.
ഇന്ത്യ ടുഡേ പറയുന്നു, ഈ രാജ്യത്ത് ഏറ്റവും സന്തോഷമുള്ള ജനത കേരളത്തിലാണെന്ന്. വികസനം എന്നത് അംബരചുംബികള്‍ മാത്രമല്ല, മനുഷ്യന്റെ സന്തോഷം കൂടിയാണ്. ഇന്റർനെറ്റ് ഒരു മൗലികാവകാശമായി പ്രഖ്യാപിച്ചതും പച്ചക്കറികള്‍ക്ക് താങ്ങുവില ഏര്‍പ്പെടുത്തിയതുമായ ആദ്യ സംസ്ഥാനമാണ് കേരളം. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളെയും അപേക്ഷിച്ച് ഏറ്റവും കുറഞ്ഞ സ്‌കൂള്‍ കൊഴിഞ്ഞുപോക്ക് നിരക്ക് കേരളത്തിലാണ്. ഇന്ത്യാ സ്‌കില്‍സ് റിപ്പോര്‍ട്ട് 2024 പ്രകാരം, തൊഴില്‍ വൈദഗ്ദ്ധ്യമുള്ള പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ജോലി ചെയ്യാന്‍ ഏറ്റവും മുന്‍ഗണന നല്‍കുന്ന സംസ്ഥാനം കേരളമാണ്. ഹ്യൂമന്‍ ഡെവലപ്‌മെന്റ് ഇന്‍ഡക്‌സ് സ്‌കോറില്‍ കേരളം ഇന്ത്യയില്‍ ഒന്നാമതാണ്. 0.758 ആണ് നമ്മുടെ സ്‌കോര്‍. രാജ്യത്തിന്റേത് 0.685. അഗോള ശരാശരി 0.754, അതിനേക്കാള്‍ മുകളിലാണ് കേരളത്തിന്റെ സ്ഥാനം.ക്വാളിറ്റി ഓഫ് ലൈഫ് ഇന്‍ഡക്‌സില്‍ (ഭൗതിക ജീവിത നിലവാര സൂചിക) 95.34 സ്‌കോറോടെ കേരളം ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഒന്നാമതാണ്. തിരുവനന്തപുരം, കൊച്ചി, കോട്ടയം, തൃശ്ശൂര്‍, കൊല്ലം, കണ്ണൂര്‍, കോഴിക്കോട് തുടങ്ങിയ കേരളത്തിലെ പ്രമുഖ നഗരങ്ങള്‍ ഡല്‍ഹി, മുംബൈ, ബംഗളൂരു തുടങ്ങിയ മെട്രോ നഗരങ്ങളേക്കാള്‍ മുന്നിലാണ്. ആരോഗ്യം, വിദ്യാഭ്യാസം, വായുവിന്റെ ഗുണനിലവാരം, പൊതു സൗകര്യങ്ങള്‍, കുറഞ്ഞ കുറ്റകൃത്യനിരക്ക് എന്നിവയാണ് കേരളത്തിന്റെ നേട്ടത്തിനു കാരണം. ഇന്ത്യയുടെ ദേശീയ ശരാശരി ഇക്കാര്യത്തിൽ വളരെ പിന്നിലാണ്. പൊതുസുരക്ഷ, ലിംഗസമത്വ മനോഭാവം എന്നീ കാര്യങ്ങളില്‍ കേരളം രാജ്യത്ത് മികച്ച പ്രകടനം കാഴ്ചവെക്കുന്നു. യു എന്‍ ഡി പി വിദ്യാഭ്യാസ സൂചികയില്‍ അതായത് ഉയര്‍ന്ന സാക്ഷരതയും സ്‌കൂള്‍ പഠന വര്‍ഷങ്ങളും സംബന്ധിച്ച കേരളത്തിന്റെ സ്‌കോര്‍ 0.77 ആണ്. ഇന്ത്യയുടെ സ്‌കോര്‍ 0.569 ആണ്.
ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് ഇന്‍ഡക്‌സില്‍ കേരളം വലിയ മുന്നേറ്റം നടത്തി. 2022 ലെ സ്റ്റേറ്റ് ബിസിനസ് റിഫോംസ് ആക്ഷന്‍ പ്ലാനില്‍ 30 പരിഷ്‌കരണ മേഖലകളില്‍ ഒമ്പതെണ്ണത്തില്‍ കേരളത്തെ ‘ടോപ്പ് അച്ചീവര്‍’ ആയി തിരഞ്ഞെടുത്തു. തൊഴില്‍ സേനയിലെ സ്ത്രീപങ്കാളിത്തം 2021 ലെ 32.3 ശതമാനത്തില്‍ നിന്ന് 2023-24 ല്‍ 36.4 ശതമാനമായി ഉയര്‍ത്തി. സാമൂഹിക പുരോഗതി സൂചികയില്‍ കേരളത്തിന്റെ സ്‌കോര്‍ 65.2 ആണ്. ഇത് ഇന്ത്യന്‍ ദേശീയ ശരാശരിയായ 58.3 നേക്കാളും വളരെ മുകളിലാണ്, കൂടാതെ ആഗോള ശരാശരിയായ 70.27 നോട് അടുത്തുമാണ്. കേരളം ഉയര്‍ന്ന കൂലിയും തൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങളും ഉറപ്പാക്കിയപ്പോള്‍ വ്യവസായങ്ങള്‍ അയല്‍ സംസ്ഥാനങ്ങളിലേക്ക് പോകുമെന്നും കേരളം തകരുമെന്നും പ്രവചിക്കപ്പെട്ടു. എന്നാല്‍ സംഭവിച്ചത് മറിച്ചാണ്. ആ ഉയര്‍ന്ന കൂലി ഇവിടുത്തെ ജനങ്ങളുടെ ജീവിതനിലവാരവും മാനവ വികസന സൂചികയും ഉയര്‍ത്തി.കേരളത്തിലെ സാമൂഹിക പുരോഗതിയുടെ ആണിക്കല്ല് നവോത്ഥാനകാലത്തെ പിന്‍പറ്റി നാം തുടര്‍ന്നുവന്ന നയസമീപനങ്ങളും കേരളത്തിന്റെ സവിശേഷമായ മതസൗഹാര്‍ദ്ദ പാരമ്പര്യവുമാണ്. അതിലൂടെ നാം ഒരു വലിയ ഐക്യനിരയേയാണ് കെട്ടിപ്പെടുത്തത്. വികസനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കേരളത്തെ പ്രാപ്തമാക്കിയതില്‍ ഈ ഐക്യത്തിനും നിര്‍ണ്ണായക പങ്കുണ്ട്. ശ്രീനാരായണ ഗുരുവിനെപ്പോലുള്ള മഹാരഥന്മാരുടെ സാമൂഹിക പരിഷ്‌കരണ സന്ദേശങ്ങള്‍ കേരളത്തിന്റെ നയരൂപീകരണങ്ങളില്‍ ഇന്നും പ്രതിധ്വനിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
