
നിയമസഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി നഗരസഭയുടെ വിവിധ വാര്‍ഡുകളില്‍ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ല കളക്ടറുടെ നിർദ്ദേശാനുസരണം ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് നടത്തിയ മിന്നല്‍ പരിശോധനയില്‍ വന്‍തോതില്‍ ഫ്ളക്സ് ഉള്‍പ്പെടെയുള്ള നിരോധിത സൈനേജ് മെറ്റീരിയലുകള്‍ പിടികൂടി.വഞ്ചിയൂരിൽ പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനത്തില്‍ നിന്നാണ് ചട്ടവിരുദ്ധമായി സൂക്ഷിച്ചിരുന്ന നിരോധിത സൈനേജ് മെറ്റീരിയല്‍ പിടിച്ചെടുത്തത്.
ജില്ലാ ശുചിത്വ മിഷന്‍ കോ-ഓര്‍ഡിനേറ്ററും ജില്ലാ ഗ്രീന്‍ പ്രോട്ടോക്കോള്‍ നോഡല്‍ ഓഫീസറും കൂടിയായ അരുണ്‍ രാജ് പി എന്‍, ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡര്‍ രാജേഷ് ജി.കെ, ജില്ലാ മലിനീകരണ നിയന്ത്രണ ബോര്‍ഡ് അസിസ്റ്റന്റ് എന്‍ജിനീയര്‍ രാഹുല്‍ ആര്‍. കോര്‍പ്പറേഷന്‍ ശ്രീകണ്ഠേശ്വരം സര്‍ക്കിള്‍ സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അരുണ്‍ എസ് നായര്‍ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്.പരിശോധനയില്‍ പിടിച്ചെടുത്ത ഏകദേശം 10,000 കിലോ നിരോധിത സാമഗ്രികള്‍ ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിനായി കോര്‍പ്പറേഷന്റെ മുട്ടത്തറയിലുള്ള മെറ്റീരിയല്‍ കളക്ഷന്‍ സെന്ററിലേക്ക് മാറ്റി. ചട്ടവിരുദ്ധമായി സാധനങ്ങൾ സൂക്ഷിച്ച സ്ഥാപനത്തിനെതിരെ കനത്ത പിഴ ഈടാക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായും വരും ദിവസങ്ങളിലും കര്‍ശനമായ പരിശോധനകള്‍ തുടരുമെന്നും അധികൃതര്‍ അറിയിച്ചു.

ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധിയില്‍ കുടുങ്ങിയ ജഗ് വസന്ത് എന്ന കപ്പല്‍ പാചകവാതകവുമായി ഗുജറാത്ത് തീരത്തെത്തി.കപ്പലില്‍ 47,600 മെട്രിക് ടണ്‍ എല്‍പിജിയുണ്ടെന്നും ഇതോടെ രാജ്യത്തെ പാചകവാതക ക്ഷാമത്തിന് പരിഹാരമാകുമെന്നും അധികൃതർ പറഞ്ഞു.ഗുജറാത്ത് തീരത്ത് നങ്കൂരമിട്ടിരിക്കുന്ന കപ്പലില്‍ നിന്ന് എല്‍പിജി മാറ്റുന്ന മിഡ്-സീ ട്രാൻസ്ഫർ നടപടികള്‍ ഇന്ന് ആരംഭിക്കും. യുദ്ധം മൂലം ആഴ്ചകളോളം ഹോർമുസ് കടലിടുക്കില്‍ കുടുങ്ങിക്കിടന്ന കപ്പല്‍ നാവികസേനയുടെ സഹായത്തോടെയാണ് ഗുജറാത്തിലെത്തിയത്.
ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് ചാർട്ടർ ചെയ്ത ഈ കപ്പല്‍ ഫെബ്രുവരി 28ന് യുദ്ധം തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് കുവൈറ്റില്‍ നിന്ന് ചരക്ക് കയറ്റിയത്. എന്നാല്‍ ഹോർമുസ് കടലിടുക്ക് അടച്ചതോടെ കപ്പല്‍ അവിടെ കുടുങ്ങുകയായിരുന്നു. ഇറാനുമായി നടത്തിയ ചർച്ചകള്‍ക്ക് പിന്നാലെയാണ് കപ്പലിന് കടന്നുപോകാൻ അനുമതി ലഭിച്ചത്.[ കായംകുളം മണ്ഡലത്തിലെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി യു പ്രതിഭ എം എല്‍ എക്കെതിരെ സ്ത്രീവിരുദ്ധ അധിക്ഷേപ പ്രസ്താവന നടത്തിയ ഇര്‍ഷാദ് ചക്കാലശ്ശേരിയുടെ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്.പ്രതിഭയുടെയടക്കം പരാതിയില്‍ കേസെടുത്ത കായംകുളം പൊലീസാണ് ഇര്‍ഷാദിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിയെ ജാമ്യത്തില്‍ വിടുകയും ചെയ്തു.
സ്ത്രീത്വത്തെ അപമാനിക്കല്‍, നവമാധ്യമങ്ങള്‍ വഴി അശ്ലീല ഉള്ളടക്കം പ്രചരിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. അശ്ലീല ഉള്ളടക്കം പ്രചരിപ്പിച്ചതിന് ഐ ടി നിയമ പ്രകാരമുള്ള കുറ്റവും ചുമത്തിയിട്ടുണ്ട്. ഒരു സ്ത്രീക്ക് നേരെയും അധിക്ഷേപ പരാമര്‍ശം നടത്തുന്നത് ഭൂഷണമല്ലെന്നും ആ ഒരു സന്ദേശം പൊതുസമൂഹത്തിന് വരണമെന്നും പറഞ്ഞുകൊണ്ടാണ് അധിക്ഷേപ പരാമര്‍ശത്തില്‍ പ്രതിഭ പരാതി നല്‍കിയത്. വ്യാപകമായി സൈബര്‍ ആക്രമണം നേരിടുകയാണെന്നും സൈബര്‍ ഇടത്തില്‍ വ്യക്തിഹത്യ നേരിടുന്നുവെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. വ്യക്തിഹത്യ നടത്തുന്നവര്‍ക്ക് മുന്നറിയിപ്പ് കൊടുക്കേണ്ടതുണ്ടെന്നും സൈബര്‍ അധിക്ഷേപം തുടര്‍ന്നാല്‍ നിയമ നടപടി സ്വീകരിക്കുമെന്നും യു പ്രതിഭ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
