
നേമം ശാന്തിവിള താലൂക്ക് ആശുപത്രിയിൽ കാഷ്വാലിറ്റി കം ഡയാലിസിസ് ബ്ലോക്ക് ശിലാസ്ഥാപനം നടത്തി.
നേമം മണ്ഡലത്തിലെ ജനങ്ങൾക്ക് മെച്ചപ്പെട്ട ജീവിതം ഉറപ്പാക്കുമെന്നും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ നവീകരണവും, കൂടുതൽ ഡോക്ടർമാരെയും ജീവനക്കാരെയും നിയമിക്കുന്നതും തുടരുമെന്നും പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. നേമം താലൂക്ക് ആശുപത്രിയിലെ പുതിയ കാഷ്വാലിറ്റി കം ഡയാലിസിസ് ബ്ലോക്കിന്റെ ശിലാസ്ഥാപനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവിൽ പലരും വളരെ ദൂരം യാത്ര ചെയ്താണ് ഡയാലിസിസ് ചെയ്യുന്നത്. ഈ പുതിയ സൗകര്യം യാത്രാക്ലേശം ഒഴിവാക്കി, കുറഞ്ഞ ചെലവിൽ മികച്ച ചികിത്സ ഉറപ്പാക്കും. അത്യാഹിത ഘട്ടങ്ങളിൽ രോഗികൾക്ക് ഉടനടി വിദഗ്ധ ചികിത്സ നൽകാൻ പുതിയ കാഷ്വാലിറ്റി വിഭാഗം സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നേമം താലൂക്ക് ആശുപത്രിയിൽ നാഷണൽ ഹെൽത്ത് മിഷന്റെ ഫണ്ടിൽ നിന്നും എട്ടു കോടി രൂപ ഉപയോഗിച്ചാണ് കാഷ്വാലിറ്റി കം ഡയാലിസിസ് ബ്ലോക്ക് നിർമിക്കുന്നത്.നേമം താലൂക്ക് ആശുപത്രിയിൽ നടന്ന ചടങ്ങിൽ പൊന്നുമംഗലം വാർഡ് കൗൺസിലർ എം ആർ ഗോപൻ അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ബിന്ദു മോഹൻ, നാഷണൽ ഹെൽത്ത് മിഷൻ ഡി.പി.എം അനോജ് എസ് എന്നിവർ പങ്കെടുത്തു.

നവീകരണം പൂർത്തിയാക്കിയ കരകുളം നീന്തൽക്കുളം തുറന്നുകൊടുത്തു…
ബജറ്റ് ഫണ്ടിൽ നിന്ന് ഒരു കോടി രൂപ ചെലവഴിച്ച് നവീകരിച്ച കരകുളം നീന്തൽക്കുളം നാടിന് സമർപ്പിച്ചു. ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ നീന്തൽക്കുളത്തിന്റെ നവീകരണ ഉദ്ഘാടനം നിർവ്വഹിച്ചു. ആയിരക്കണക്കിന് ഉദ്യോഗാർത്ഥികളുടെ ജീവിതത്തെ സ്വാധീനിക്കുന്നതാണ് നീന്തൽ പരിശീലനമെന്ന് മന്ത്രി പറഞ്ഞു.

നിരവധി നീന്തൽക്കുളങ്ങളും നീന്തൽ പരിശീലനവും നടക്കുന്ന ഒരു മണ്ഡലമാണ് നെടുമങ്ങാട്. നീന്തൽക്കുളങ്ങളിൽ പരിശീലനം നേടുന്ന നിരവധി പേർക്ക് സർക്കാർ ജോലി ലഭിക്കുന്നുണ്ട്. ഇത്തരം സൗകര്യങ്ങൾ നന്നായി പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ബേബി പൂളും ഓപ്പൺ ജിമ്മും നീന്തൽക്കുളത്തിന്റെ ഭാഗമായി സജ്ജീകരിച്ചിട്ടുണ്ട്. കരകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു.ലേഖാ റാണി ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
