യുദ്ധം രൂക്ഷമായ ഖാര്‍ഖീവില്‍ നിന്നാണ് പെണ്‍കുട്ടിയും സുഹൃത്തുക്കളും രക്ഷപ്പെട്ട് അതിര്‍ത്തിയിലെത്തിയത്.
വാരാണസി: യുക്രൈന്‍ യുദ്ധഭൂമിയില്‍(Ukraine Russia War) നിന്നെത്തി പോളിങ് ബൂത്തിലെത്തി വിദ്യാര്‍ത്ഥിനി. യുപി വാരാണസിയിലാണ് (UP Election) കൃതിക (Kritika) എന്ന പെണ്‍കുട്ടി വോട്ട് (Vote) ചെയ്യാനെത്തിയത്. വോട്ടു ചെയ്യുന്നത് തന്റെ അവകാശമാണെന്ന് വിദ്യാര്‍ത്ഥി മാധ്യമങ്ങളോട് പറഞ്ഞു. യുക്രൈനിലെ ഭീകരമായ അനുഭവങ്ങളില്‍ നിന്ന് ഇതുവരെ മോചിതയായിട്ടില്ലെന്നും അവര്‍ പറഞ്ഞു. സുഹൃത്തുക്കളോടൊപ്പമാണ് കൃതിക യുക്രൈന്‍-പോളണ്ട് അതിര്‍ത്തിയില്‍ എത്തിയത്. അവിടെ നിന്നാണ് രാജ്യത്തേക്ക് വിമാനം കയറിയത്. യുദ്ധം രൂക്ഷമായ ഖാര്‍ഖീവില്‍ നിന്നാണ് പെണ്‍കുട്ടിയും സുഹൃത്തുക്കളും രക്ഷപ്പെട്ട് അതിര്‍ത്തിയിലെത്തിയത്.
ഞങ്ങള്‍ സ്വയം രക്ഷപ്പെട്ട് അതിര്‍ത്തിയിലെത്തുകയായിരുന്നു. അതിര്‍ത്തിയില്‍ നിന്ന് ഇന്ത്യന്‍ എംബസിയുടെ സഹായം ലഭിച്ചു. യുക്രൈനില്‍ നിന്ന് തിരിച്ചെത്തിയ കുട്ടികളുടെയെല്ലാം ഭാവി അനിശ്ചിതത്വത്തിലായെന്ന് പെണ്‍കുട്ടി പറഞ്ഞു. യുക്രൈനില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥികളുടെ പഠനം ഇന്ത്യയില്‍ തുടരാനാകുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല. തുടര്‍പഠനത്തിന് ഇന്ത്യയില്‍ സൗകര്യം നല്‍കാന്‍ പ്രധാനമന്ത്രി തയ്യാറായാല്‍ യുക്രൈനിലേക്ക് തിരിച്ചുപോകില്ല. അല്ലെങ്കില്‍ തിരിച്ച് അങ്ങോട്ടുതന്നെ പോകുമെന്നും വിദ്യാര്‍ത്ഥി വ്യക്തമാക്കി.
ഓപ്പറേഷന്‍ ഗംഗയിലൂടെ 16000ത്തോളം വിദ്യാര്‍ത്ഥികളെയാണ് ഇതുവരെ ഇന്ത്യയില്‍ എത്തിച്ചത്. സമി, ഖാര്‍ഖീവ് പ്രദേശങ്ങളിലൊഴികെ ബാക്കിയെല്ലാ പ്രദേശങ്ങളില്‍ നിന്നും വിദ്യാര്‍ത്ഥികളെ ഇന്ത്യയില്‍ എത്തിച്ചു. രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്.