
9 മാസവും 14 ദിവസവും ബഹിരാകാശത്ത് ചെലവഴിച്ചതിന് ശേഷം നാസയിലെ ബഹിരാകാശ സഞ്ചാരികളായ സുനിത വില്യംസും ബുച്ച് വില്‍മോറും ഉള്‍പ്പടെ നാലു പേര്‍ സുരക്ഷിതമായി ഭൂമിയില്‍ തിരിച്ചെത്തി. സുനിത വില്യംസിനും ബുച്ച് വില്‍മോറിനും ഒപ്പം ബഹിരാകാശയാത്രികരായ നിക്ക് ഹേഗും അലക്‌സാണ്ടര്‍ ഗോര്‍ബുനോവും 2025 മാര്‍ച്ച് 18 ന് ചൊവ്വാഴ്ചയാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് പുറപ്പെട്ടത്.17 മണിക്കൂർ നീണ്ട യാത്രക്കൊടുവില്‍ ഇന്ന് പുലർച്ചെ 3.25ന് ഫ്ളോറിഡ തീരത്തോട് ചേർന്ന് അറ്റ്ലാന്റിക് സമുദ്രത്തിലാണ് സംഘം സഞ്ചരിച്ച സ്പേസ് എക്സിന്‍റെ ഡ്രാഗണ്‍ ക്രൂ-9 പേടകം ഇറങ്ങിയത്. ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ 2.41ന് ഡീഓർബിറ്റ് ബേണ്‍ പ്രക്രിയയിലൂടെ വേഗം കുറച്ച് ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് ഡ്രാഗണ്‍ പേടകം പ്രവേശിച്ചു. തുടർന്ന് പാരച്ചൂട്ടുകളുടെ സഹായത്തോടെ സ്ഥിരവേഗം കൈവരിച്ച പേടകം സുരക്ഷിതമായി കടലില്‍ പതിച്ചു. അറ്റ്ലാന്റിക് സമുദ്രത്തില്‍ പതിച്ച പേടകം റിക്കവറി ടീം ക്രെയ്ൻ ഉപയോഗിച്ച് ഉയർത്തി കപ്പലിലേക്ക് മാറ്റി. തുടർന്ന് പേടകത്തിനുള്ളില്‍ നിന്ന് ഓരോ യാത്രികരെയും പുറത്തെത്തിച്ച് ഹെലികോപ്റ്ററില്‍ നാസ കേന്ദ്രത്തിലേക്ക് മാറ്റി.ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുമ്ബോള്‍ ബഹിരാകാശ പേടകത്തിന്റെ താപനില 1650 ഡിഗ്രി സെല്‍ഷ്യസില്‍ എത്തിയിരുന്നു. ഈ സമയത്ത്, ബഹിരാകാശ പേടകവുമായുള്ള ബന്ധം ഏകദേശം 10 മിനിറ്റോളം നഷ്ടപ്പെടുകയും ആശയവിനിമയ തടസ്സപ്പെടുകയും ചെയ്തു.ഈ സമയത്ത്, കാപ്‌സ്യൂളില്‍ ഇരിക്കുന്ന ബഹിരാകാശയാത്രികര്‍ പുറത്തേക്ക് നോക്കുമ്പോള്‍, അവര്‍ ഒരു അഗ്‌നിഗോളത്തില്‍ ഇരിക്കുന്നതായി തോന്നും, എന്നാലും ഈ സമയത്ത് അവര്‍ക്ക് താപനില അനുഭവപ്പെടുന്നില്ല.കാപ്‌സ്യൂള്‍ ഭൂമിയുടെ അന്തരീക്ഷത്തില്‍ പ്രവേശിക്കുമ്പോൾ അതിന്റെ വേഗത മണിക്കൂറില്‍ ഏകദേശം 28000 കിലോമീറ്ററാണ്. ഈ വേഗതയില്‍ കാപ്‌സ്യൂള്‍ കടന്നുപോകുമ്പോൾ അത് അന്തരീക്ഷത്തില്‍ ഉരസും. ഈ സമയത്ത് ഘര്‍ഷണം കാരണം, കാപ്‌സ്യൂള്‍ ഏകദേശം 3500 ഫാരന്‍ഹീറ്റ് വരെ ചൂടാകുന്നു. അതായത്, അതിന്റെ താപനില വലിയ അളവില്‍ വര്‍ദ്ധിക്കുന്നു. കാപ്‌സ്യൂളിലെ ചില പ്രത്യേക ലോഹങ്ങള്‍ ചൂടില്‍ നിന്ന് അതിനെ സംരക്ഷിക്കും. ഈ സമയത്ത് കാപ്‌സ്യൂളിന്റെ സിഗ്‌നലും നഷ്ടപ്പെടും. നാസയുടെ അഭിപ്രായത്തില്‍, ഏകദേശം 7-10 മിനിറ്റ് നേരത്തേക്ക് കാപ്‌സ്യൂളിന്റെ സിഗ്‌നല്‍ നഷ്ടപ്പെട്ടിരുന്നു.