EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



വയനാട് ദുരന്തമേഖലയില്‍ ആറുമാസത്തേക്ക് വൈദ്യുതി സൗജന്യം…

വയനാട്ടിലെ ദുരന്ത മേഖലയിലെ ഉപഭോക്താക്കളില്‍ നിന്നു ആറു മാസത്തേക്ക് വൈദ്യുതി ചാര്‍ജ് ഈടാക്കരുതെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി നിര്‍ദേശം നല്‍കി. കെഎസ്ഇബിയുടെ മേപ്പാടി പഞ്ചായത്തിലെ 10, 11, 12 വാര്‍ഡുകളില്‍ ഉള്‍പ്പെടുന്ന ചൂരല്‍മല എക്‌സ്‌ചേഞ്ച്, ചൂരല്‍മല ടവര്‍, മുണ്ടക്കൈ, കെ കെ നായര്‍, അംബേദ്കര്‍ കോളനി, അട്ടമല, അട്ടമല പമ്പ് എന്നീ ട്രാന്‍സ്‌ഫോര്‍മറുകളുടെ പരിധിയില്‍ ഉള്‍പ്പെടുന്ന ഉപഭോക്താക്കള്‍ക്കാണ് അടുത്ത ആറു മാസം സൗജന്യമായി വൈദ്യുതി വിതരണം ചെയ്യാന്‍ മന്ത്രി നിര്‍ദേശം നല്‍കിയത്. ഈ ഉപഭോക്താക്കള്‍ക്ക് നിലവില്‍ വൈദ്യുതി ചാര്‍ജ് കുടിശ്ശിക ഉണ്ടെങ്കില്‍ അത് ഈടാക്കാന്‍ നടപടി സ്വീകരിക്കരുതെന്നും നിര്‍ദേശത്തിലുണ്ട്. ദുരന്ത മേഖലയിലെ 1139 ഉപഭോക്താക്കള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഈ മേഖലയിലെ 385 ഓളം വീടുകള്‍ പൂര്‍ണമായും തകര്‍ന്നുതായി കെഎസ്ഇബി കണ്ടെത്തിയിട്ടുണ്ട്.

ഒന്‍പതാം ദിവസവും കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരും

വയനാട് ദുരന്തത്തിന്റെ ഒന്‍പതാം ദിവസവും കാണാതായവര്‍ക്ക് വേണ്ടിയുഉള്ള തിരച്ചില്‍ തുടരും. ഇന്ന് വിവിധ വകുപ്പുകളുടെ മേധാവിമാര്‍ ചേര്‍ന്നാണ് പരിശോധന നടത്തുക. നേരത്തെ പരിശോധന നടത്തിയ ഇടങ്ങളില്‍ വീണ്ടും വിശദമായ പരിശോധന നടത്തും. സണ്‍റൈസ് വാലിയില്‍ പ്രത്യേക സംഘത്തിന്റെ പരിശോധന ഇന്നും ഉണ്ടാകും. സൂചിപ്പാറ വെള്ളച്ചാട്ടത്തിന് താഴെ ഹെലികോപ്റ്ററില്‍ ഇറങ്ങിയ പ്രത്യേക സംഘം ഇന്നലെ നാലു കിലോമീറ്റര്‍ ദൂരം പരിശോധന നടത്തിയിരുന്നു. ഇന്ന് ആറു കിലോമീറ്റര്‍ ദൂരം പരിശോധന തുടരും.

ഭാര്യാമാതാവിനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി; മരുമകൻ പിടിയിൽ

ആറ്റിങ്ങലിൽ മരുമകൻ ഭാര്യാമാതാവിനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. ആറ്റിങ്ങൽ കരിച്ചയിൽ രേണുക അപ്പാർട്ട്മെൻ്റിൽ താമസിക്കുന്ന പ്രീതയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രീതയുടെ മകളുടെ ഭർത്തവ് വർക്കല സ്വദേശി അനിൽ കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണത്തിൽ പ്രീതയുടെ ഭർത്താവ് ബാബുവിനും പരിക്കേറ്റു .ഇന്നലെ രാത്രിയായിരുന്നു സംഭവം. അനിൽകുമാറും ഭാര്യയും തമ്മിൽ തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്. ഇതേത്തുടർന്നുണ്ടായ വൈരാ​ഗ്യമാണ് ആക്രമണത്തിനു പിന്നിലെന്നാണ് കരുതുന്നത്. രാത്രിയോടെ ഇവരുടെ വീട്ടിലെത്തിയ അനിൽകുമാർ ചുറ്റിക ഉപയോ​ഗിച്ച് ആക്രമിക്കുകയായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *