
മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിക്കാൻ ഭയമില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. എന്തിനാണ് ഭയപ്പെടേണ്ട കാര്യമെന്നും റിപ്പോർട്ടറിനോട് സംസാരിക്കവെ എം വി ഗോവിന്ദൻ ചോദിച്ചു. ജനറൽ സെക്രട്ടറി മുതൽ പൊളിറ്റ്ബ്യൂറോ അംഗം മുതൽ മുഖ്യമന്ത്രി വരെ ഒരാളെയും ഈ പാർട്ടിക്ക് ഭയപ്പേടേണ്ട ഒരു കാര്യവുമില്ലെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി. പാർട്ടി വ്യക്തമായ നിലപാട് അനുസരിച്ചാണ് പ്രവർത്തിക്കുന്നത്. എന്തിനാണ് ആരെയെങ്കിലും പ്രത്യേകമായി ഭയപ്പെട്ട് നിൽക്കേണ്ട കാര്യമെന്നും എം വി ഗോവിന്ദൻ ചോദിച്ചു. ഇത്തരം വാർത്തകൾ മാധ്യമങ്ങൾ ഉണ്ടാക്കുന്നതാണെന്നും എം വി ഗോവിന്ദൻ കുറ്റപ്പെടുത്തി.

റേഷൻ മേഖലയോട് അവഗണന; വ്യാപാരികളുടെ സമരം ഇന്ന് മുതൽ …

റേഷൻ മേഖലയോടുള്ള അവഗണക്കെതിരെ റേഷൻ വ്യാപാരികൾ നടത്തുന്ന രണ്ടുദിവസത്തെ സമരം ഇന്ന് തുടങ്ങും. റേഷൻ കടകൾ അടച്ചിട്ടാണ് വ്യാപരികൾ പ്രതിഷേധിക്കുക. ഇന്ന് രാവിലെ 8 മുതൽ ആരംഭിച്ച സമരം നാളെ വൈകിട്ട് 5 മണിക്കാണ് അവസാനിക്കുന്നത്.മന്ത്രിമാരുമായി കഴിഞ്ഞ ദിവസങ്ങളിൽ ചർച്ചനടത്തിയ ചർച്ച പരാജയപ്പെട്ടതിനെതുടർന്നാണ് സമരവുമായി മുന്നോട്ട് പോകാൻ റേഷൻ ഡീലേഴ്സ് കോ ഓർഡിനേഷൻ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചത്. റേഷൻ വ്യാപാരികളുടെ വേതന പാക്കേജ് കാലാനുസൃതമായി പരിഷ്കരിക്കുക, ക്ഷേമനിധി കാര്യക്ഷമമാക്കുക, കെ ടി പി ഡി എസ് അപാകതകൾ പരിഹരിക്കുക തുടങ്ങിയ പ്രധാനപ്പെട്ട ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് വ്യാപാരികൾ സമരം നടത്തുന്നത്. തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നിലാണ് വ്യാപാരികൾ സമരം നടത്തുന്നത്.