വട്ടിയൂർക്കാവ് നിയോജക മണ്ഡലത്തിലെ ഏഴാമത്തെ ഹൈടെക് ബസ് ഷെൽട്ടർ ശാസ്തമംഗലം പൈപ്പിൻമൂട് ജംഗ്ഷനിൽ പണി പൂർത്തിയാക്കി പൊതുജനങ്ങൾക്കായി തുറന്നു നൽകി. ബസ് കാത്തിരിക്കുന്നവർക്ക് സുഖകരമായി ഇരിക്കാൻ കഴിയുന്ന സീറ്റുകൾ, എഫ്.എം റേഡിയോ, ഫ്രീ വൈഫൈ, മൊബൈൽ ചാർജ്ജിംഗ് സ്റ്റേഷൻ, മാഗസിൻ സ്റ്റാന്റ്, സുരക്ഷാ ക്യാമറ എന്നിവ സഹിതം അതി മനോഹരമായ ഡിസൈനിലാണ് ബസ് കാത്തിരിപ്പ് കേന്ദ്രം നിർമ്മിച്ചിരിക്കുന്നത്. സി.ഇ.ആർ ഫണ്ട് വിനിയോഗിച്ച് അടുത്തിടെ നവീകരിച്ച പൈപ്പിൻമൂട് പാർക്കിൽ ഒരു കുടിവെള്ള കിയോസ്ക്കും സജ്ജമാക്കി. യാതൊരുവിധ സർക്കാർ ഫണ്ടും വിനിയോഗിക്കാതെയാണ് ഹൈടെക്ക് ബസ് ഷെൽട്ടറുകൾ നിർമ്മിക്കുന്നത്. പ്രമുഖ പരസ്യ സ്ഥാപനമായ ദിയ അഡ്വർടൈസേഴ്സാണ് എം.എൽ.എ അഡ്വ. വി.കെ പ്രശാന്തിന്റെ നിർദ്ദേശ പ്രകാരം കാത്തിരിപ്പ് കേന്ദ്രത്തിന്റെ രൂപകൽപ്പനയും നിർമ്മാണവും നിർവ്വഹിച്ചിരിക്കുന്നത്. തുടർ പരിപാലനത്തിന്റെ ചുമതലയും ദിയയ്ക്കു തന്നെയാണ്. പരസ്യ ഇനത്തിലുള്ള വരുമാനത്തിൽ നിന്നുമാണ് ഇതിലേക്കാവശ്യമായ ഫണ്ട് കണ്ടെത്തിയിരിക്കുന്നത്. പട്ടം, കേശവദാസപുരം, നാലാഞ്ചിറ, വെള്ളയമ്പലം എന്നിവിടങ്ങളിലും ഈ മാതൃകയിലുള്ള ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ ഉടൻ നിർമ്മിക്കുമെന്ന് അഡ്വ. വി.കെ പ്രശാന്ത് എം.എൽ.എ പറഞ്ഞു.ശാസ്തമംഗലം വാർഡ് മുൻ കൌൺസിലർമാരായ ബിന്ദു ശ്രീകമാർ, അനന്തചന്ദ്രൻ, ശിശുക്ഷേമ സമിതി ജില്ലാ വൈസ് പ്രസിഡന്റ് ആർ.എസ് കിരൺദേവ്, ശശിധരൻ എസ്, അജിത്ത് കുമാർ, വൈബ്കോസ് പ്രസിഡന്റ് സി.എസ് രതീഷ്. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് മുകുന്ദേഷ്, ദിയ അഡ്വടൈസേഴ്സ് ഭാരവാഹികളായ മനോജ്, പ്രസാദ്, ഗിരീഷ് കുളത്തൂർ എന്നിവർ എം.എൽ.എ വി.കെ പ്രശാന്തിനൊപ്പമുണ്ടായിരുന്നു.