EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



തൃശ്ശൂർ പൂരം നിലവിലുള്ള ധാരണ പ്രകാരം നടത്തണമെന്ന് മുഖ്യമന്ത്രി…

തൃശ്ശൂർ പൂരം നടത്തിപ്പിലെ പ്രദർശന വാടക നിശ്ചയിക്കൽ വിഷയത്തിൽ നിലവിലുള്ള ധാരണ പ്രകാരം ഇത്തവണത്തെ പൂരം നടത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. മറ്റ് കാര്യങ്ങൾ പൂരത്തിനുശേഷം ചർച്ചചെയ്ത് തീരുമാനിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ നിർദ്ദേശം പാറമേക്കാവ്, തിരുവമ്പാടി ദേവസ്വം പ്രതിനിധികൾ സ്വാഗതം ചെയ്തു. ഇക്കാര്യം ആലോചിക്കാൻ വിളിച്ച ഉന്നതതല യോഗത്തിലാണ് തീരുമാനം.

കൊച്ചിൻ ദേവസ്വം ബോർഡും പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളും തമ്മിൽ നിലവിലുള്ള ധാരണ പ്രകാരം ഇത്തവണ പൂരം ഭംഗിയായി നടത്തണം. രാജ്യത്തെ തന്നെ പ്രധാന ശ്രദ്ധാകേന്ദ്രമാണ് തൃശ്ശൂർ പൂരം. പൂരം ഭംഗിയായി നടക്കുക നാടിന്റെ ആവശ്യമാണ്. ലോകത്തിന്റെ പല ഭാഗങ്ങളിലും ഐക്കൺ ആണ് തൃശൂർ പൂരം. ഇതിൽ ഒരു വിവാദവും പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജെഡിയു അധ്യക്ഷനായി നിതീഷ് കുമാറിനെ തിരഞ്ഞെടുത്തു

ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെ ജനതാദൾ (യു)അധ്യക്ഷനായി തിരഞ്ഞെടുത്തു. ഇന്നു ചേർന്ന പാർട്ടി ദേശീയ എക്സിക്യൂട്ടീവ് യോഗത്തിൽ നിലവിലെ അധ്യക്ഷൻ ലാലൻ സിംഗ് രാജിവെച്ച് അദ്ദേഹത്തിന്റെ പേര് നിർദ്ദേശിച്ചതായി കെ.സി. ത്യാഗി പറഞ്ഞു. ഏകകണ്ഠമായാണ് നിതീഷ് കുമാറിനെ തിരഞ്ഞെടുത്തത്.ഡൽഹിയിൽ ചേർന്ന ദേശീയ എക്സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം. പിന്നീട് ചേരുന്ന പാർട്ടി ദേശീയ കൗൺസിൽ യോഗം എക്സിക്യൂട്ടീവ് യോഗത്തിലെ തീരുമാനങ്ങൾക്ക് അംഗീകാരം നൽകിയേക്കും. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് നിതീഷ് കുമാറിനെ പാർട്ടി തലപ്പത്തേക്ക് കൊണ്ടുവരുന്നതിലൂടെ ബിഹാർ, ഉത്തർപ്രദേശ്, മധ്യപ്രദേശ് അടക്കമുള്ള ഹിന്ദി ഹൃദയ ഭൂമിയിലെ വോട്ടുകൾ ‘ഇന്ത്യ’ സഖ്യത്തിന് നേടാനാകും എന്നാണ് പ്രതീക്ഷ.

മന്ത്രിമാരെ മാറ്റിയതു കൊണ്ട് സര്‍ക്കാരിന്റെ നഷ്ടപ്പെട്ട പ്രതിച്ഛായ തിരിച്ച് കിട്ടില്ലെന്ന് രമേശ് ചെന്നിത്തല

രണ്ടാം പിണറായി സര്‍ക്കാരിന്റെ മന്ത്രിസഭാ പുനഃസംഘടനയെ പരിഹസിച്ച് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നഷ്ടപ്പെട്ട പ്രതിച്ഛായ പുതിയ മന്ത്രിമാര്‍ സ്ഥാനമേറ്റാല്‍ തിരിച്ച് കിട്ടില്ല. തൊഴുത്ത് മാറ്റികെട്ടിയതുകൊണ്ട് ഫലം ഉണ്ടാകില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ഡല്‍ഹിയില്‍ പറഞ്ഞു. മുഖ്യമന്ത്രി ഇപ്പോഴും ജീവിക്കുന്നത് കാരവനിലാണ്. ആയിരം അടി ദൂരെ നിന്നേ മുഖ്യമന്ത്രി ജനങ്ങളെ കാണൂവെന്നും രമേശ് ചെന്നിത്തല വിമര്‍ശിച്ചു.രണ്ടു പാവങ്ങളെ പറഞ്ഞുവിട്ട് പുതിയ രണ്ടുപേര്‍ വരുന്നു എന്നല്ലാതെ, ഇതിന് ഒരു പ്രധാന്യവുമില്ല. കേരള രാഷ്ട്രീയത്തില്‍ ഒരു ചലനവും ഉണ്ടാക്കാന്‍ പോകുന്നില്ല. ഗവണ്‍മന്റ് ജനങ്ങളുടെ മുന്നില്‍ വളരെയേറെ വഷളായി ക്കൊണ്ടിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.

പല കാര്യങ്ങളിലും വ്യക്തമായ നിലപാട് സ്വീകരിക്കാന്‍ കോണ്‍ഗ്രസിന് സാധിക്കുന്നില്ല: എം വി ഗോവിന്ദന്‍

പല കാര്യങ്ങളിലും വ്യക്തമായ നിലപാട് സ്വീകരിക്കാന്‍ കോണ്‍ഗ്രസിന് സാധിക്കുന്നില്ലെന്നും ഇത് അപല്‍ക്കരമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മൃദുഹിന്ദുത്വനിലപാട് സ്വീകരിച്ച് തീവ്രഹിന്ദുത്വ അജണ്ടയെ പ്രതിരോധിക്കാന്‍ സാധിക്കില്ലെന്ന് കോണ്‍ഗ്രസ് ഇനിയെങ്കിലും മനസ്സിലാക്കണം. ബിജെപി ഉയര്‍ത്തുന്ന വര്‍ഗീയധ്രുവീകരണ മുദ്രാവാക്യത്തെ ഫലപ്രദമായി പ്രതിരോധിക്കാന്‍ കോണ്‍ഗ്രസ് ശരിയായ നിലപാട് സ്വീകരിക്കാന്‍ തയ്യാറാവണം. വ്യക്തമായ നിലപാടും രാജ്യത്തെ രക്ഷിക്കാനുള്ള മുദ്രാവാക്യങ്ങളും ഉണ്ടെങ്കില്‍ മാത്രമേ ഏതൊരുപാര്‍ട്ടിക്കും ശക്തിപ്പെട്ട് മുന്നോട്ടുപോവാന്‍ സാധിക്കൂ. ഈ അടിസ്ഥാനപരമായ ധാരണകളില്‍നിന്ന് പിന്നോട്ടുപോവുന്ന കോണ്‍ഗ്രസ് സമീപനം ആപല്‍ക്കരമാണ്. ചില ആളുകള്‍ വിശ്വാസത്തിന്റെ കുത്തകാവകാശികളെന്ന് അവകാശപ്പെടുകയാണ്. വര്‍ഗീയ വാദികള്‍ വിശ്വാസത്തെ ഉപകരണമാക്കുകയാണ്. വിശ്വാസികള്‍ക്ക് വര്‍ഗീയവാദി ആവാന്‍ പറ്റില്ല. അതിനാല്‍ വിശ്വാസത്തിന്റെ പേര് പറഞ്ഞു നടക്കുന്ന വര്‍ഗീയവാദികള്‍ യഥാര്‍ഥത്തില്‍ വിശ്വാസികളല്ല. വിശ്വാസത്തെ ഉപകരണമായി ഉപയോഗിച്ച് രാഷ്ട്രീയാധികാരം നിലനിര്‍ത്താന്‍ വേണ്ടിയുള്ള ബോധപൂര്‍വമായ പ്രവര്‍ത്തനമാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിലും മുസ് ലിം ലീഗിലും ഇക്കാര്യത്തില്‍ അഭിപ്രായ ഭിന്നതയുണ്ട്. ബാബരി മസ്ജിദ് തകര്‍ത്തപ്പോഴും ലീഗ് കോണ്‍ഗ്രസിനൊപ്പമായിരുന്നുവെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനം; ശ്രീകോവിലിനുള്ളില്‍ മോദിയും ആര്‍എസ്എസ് മേധാവിയും ഉള്‍പ്പെടെ അഞ്ചുപേര്‍ മാത്രം

അയോധ്യയിലെ ബാബരി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് നിര്‍മിച്ച രാമക്ഷേത്രം ഉദ്ഘാടനത്തില്‍ ശ്രീകോവിലിനുള്ളില്‍ പ്രവേശനം അഞ്ചുപേര്‍ക്കു മാത്രം. പ്രധാനമന്ത്രി നരേന്ദ്രമോദിക്കു പുറമെ ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത്, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, യുപി ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍, മുഖ്യപുരോഹിതന്‍ എന്നിവര്‍ക്ക് മാത്രമാണ് പ്രവേശനം ഉണ്ടാവുക. ജനുവരി 22നാണ് ക്ഷേത്രത്തിലെ രാമവിഗ്രഹ പ്രതിഷ്ഠ നടക്കുന്നത്. 3000 വിഐപികള്‍ ഉള്‍പ്പെടെ ആകെ 7000 പേരെയാണ് ക്ഷണിച്ചതെങ്കിലും അഞ്ചുപേര്‍ക്ക് മാത്രമാണ് പരമ്പരാഗത ചടങ്ങില്‍ നേരിട്ട് പങ്കെടുക്കാന്‍ അനുമതിയുണ്ടാവുകയുള്ളൂ. പ്രതിഷ്ഠാ സമയത്ത് ശ്രീകോവിലിലോ ഗര്‍ഭഗൃഹത്തിലോ മേല്‍പ്പറഞ്ഞ് അഞ്ച് പേര്‍ മാത്രമേ ഉണ്ടാകൂ. ഈ സമയത്ത് മുറി അടച്ചിടും. ആചാരപ്രകാരം വിഗ്രഹത്തിന് ആദ്യം കണ്ണാടി സമര്‍പ്പിക്കും. പൂജ നടത്താനായി ബിന്ദു പുരോഹിതരുടെ മൂന്ന് സംഘത്തെയും രൂപീകരിച്ചിട്ടുണ്ട്. സ്വാമി ഗോവിന്ദ് ദേവ് ഗിരിയാണ് നയിക്കുക. കാഞ്ചി കാമകോടി പീഠത്തിലെ ശങ്കരാചാര്യന്‍ ശങ്കരാചാര്യ വിജയേന്ദ്ര സരസ്വതിയാണ് രണ്ടാമത്തെ സംഘത്തിന് നേതൃത്വം നല്‍കുന്നത്. മൂന്നാമത്തെ ടീമില്‍ കാശിയില്‍ നിന്നുള്ള 21 പുരോഹിതരുണ്ടാവും. ജനുവരി 22ന് നടക്കുന്ന ഉദ്ഘാടനത്തിന് മുന്നോടിയായി ഡിസംബര്‍ 30ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ഥലം സന്ദര്‍ശിക്കും. പുതുതായി നിര്‍മിച്ച വിമാനത്താവളവും പുതിയ ട്രെയിനിന്റെ പതാകയും മോദി ഉദ്ഘാടനം ചെയ്യും. 2020ല്‍ മോദി ഭൂമി പൂജ നടത്തിയാണ് രാമക്ഷേത്ര നിര്‍മാണത്തിന്റെ തുടക്കമിട്ടത്.മുകേഷ് അംബാനി, ഗൗതം അദാനി, രത്തന്‍ ടാറ്റ, അമിതാഭ് ബച്ചന്‍, മാധുരി ദീക്ഷിത്, അനുപം ഖേര്‍, അക്ഷയ് കുമാര്‍, രജനീകാന്ത്, സഞ്ജയ് ലീലാ ബന്‍സാലി, മാതാ അമൃതാനന്ദമയി, മോഹന്‍ലാല്‍ തുടങ്ങി വ്യവസായ-ചലച്ചിത്ര രംഗത്തെ പ്രമുഖരെയാണ് ക്ഷണിച്ചിട്ടുള്ളത്. കോണ്‍ഗ്രസ് നേതാക്കളായ സോണിയാ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ തുടങ്ങിയവര്‍ക്കും ക്ഷണമുണ്ട്. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ ക്ഷണിച്ചെങ്കിലും അദ്ദേഹം നിരസിക്കുകയായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *