EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



ഡോ ഷഹനയുടെ ആത്മഹത്യ; പ്രതി റുവൈസിന് ജാമ്യം…

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പി.ജി വിദ്യാര്‍ഥിനിയായ ഡോ. ഷഹ്ന ആത്മഹത്യ ചെയ്ത കേസില്‍ പ്രതി റുവൈസിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. വിദ്യാര്‍ഥിയാണെന്ന പരിഗണനയിലാണ് കോടതി ജാമ്യം നല്‍കിയത്. ഡിസംബര്‍ 12 മുതല്‍ ജൂഡിഷ്യല്‍ കസ്റ്റഡിലാണെന്നും തുടര്‍പഠനം മുന്നോട്ട് കൊണ്ടുപോകണമെന്നും റുവൈസ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. കേസുമായി സഹകരിക്കുമെന്നും റുവൈസ് അറിയിച്ചു. ഇതോടെയാണ് ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചത്. പഠനത്തില്‍ മികവ് പുലര്‍ത്തിയിരുന്ന, മികച്ച അക്കാദമിക് പിന്‍ബലമുണ്ടായിരുന്ന വ്യക്തിയാണ് സ്ത്രീധനം ആവശ്യപ്പെട്ടു എന്നതിന്റെ പേരില്‍ ആത്മഹത്യ ചെയ്യുന്ന സാഹചര്യമുണ്ടായതെന്നും കോടതി നിരീക്ഷിച്ചു. ഡിസംബര്‍ നാലിനാണ് ഷഹ്നയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയിരുന്നത്. വിവാഹത്തിനായി റുവൈസിന്റെ കുടുംബം വലിയ തുക സ്ത്രീധനം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഷഹ്ന ആത്മഹത്യ ചെയ്തതന്നായിരുന്നു കുടുംബത്തിന്റെ പരാതി.

പരാതികാരിയെ പീഡിപ്പിച്ച കേസ്: അഡ്വ. പി ജി മനുവിന്റെ ജാമ്യാപേക്ഷ തള്ളി; 10 ദിവസത്തിനകം കീഴടങ്ങണം

പീഡനത്തിന് ഇരയായ യുവതിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ സര്‍ക്കാര്‍ അഭിഭാഷകനായിരുന്ന അഡ്വ. പിജി മനുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. 10 ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ കീഴടങ്ങണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. നിലവിലെ സാഹചര്യത്തില്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസ് പി ഗോപിനാഥിന്റെ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയാല്‍ ജാമ്യാപേക്ഷ കാലതാമസമില്ലാതെ പരിഗണിക്കണമെന്നും കോടതി പറഞ്ഞു. പോലിസിന്റെ കേസ് ഡയറിയും മറ്റും പരിശോധിച്ച സാഹചര്യത്തില്‍ പിജി മനുവിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട സാഹചര്യമുണ്ടെന്നാണ് മനസ്സിലാകുന്നത് എന്നും കോടതി നിരീക്ഷിച്ചു. പ്രതി സര്‍ക്കാര്‍ മുന്‍ പ്ലീഡറാണെന്നും അതിനാല്‍ മുന്‍കൂര്‍ ജാമ്യം അനുവദിച്ചാല്‍ കേസ് അട്ടിമറിക്കപ്പെടാന്‍ ഇടയുണ്ടെന്നും പരാതിക്കാരി കോടതിയെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ മുന്‍കൂര്‍ ജാമ്യം പരിഗണിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.

കട്ടാക്കടയിൽ സിപിഎം- ഡിവൈഎഫ്ഐ ആക്രമണം,25 ഓളം യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർക്കു പരുക്ക്…

മുഖ്യമന്ത്രി പിണറായി വിജയൻ നയിക്കുന്ന നവകേരള സദസ് അക്രമ കൊടുങ്കാറ്റോടെ സമാപനത്തിലേക്ക്. തലസ്ഥാന ജില്ലയിൽ വ്യാപകമായി അക്രമങ്ങൾ അഴിച്ചു വിട്ടാണ് സിപിഎം ജാഥയെ വരവേൽക്കുന്നത്. പ്രതിഷേധിക്കാനെത്തിയ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരെ പൊലീസും സിപിഎം -ഡിവൈഎഫ്ഐ പ്രവർത്തകരും ചേർന്നു ക്രൂരമായി മർദിച്ചു. ലാത്തി ചാർജിലും അക്രമങ്ങളിലുമായി ഇരുപത്തഞ്ചോളം യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർക്ക് സാരമായി പരുക്കേറ്റു. ഇന്നു രാവിലെ നവകേരള സദസിന്റെ പ്രാതൽ കഴിഞ്ഞു പുറത്തേക്കു വന്ന മുഖ്യമന്ത്രിയുടെ ആഡംബര വാഹനത്തിന്റെ മുന്നിലേക്കു ചാ‌ടി വീണ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു. ഇവരെ സംഘടിച്ചെത്തിയ ഡിവൈഎഫ്ഐ- സിപിഎം പ്രവർത്തകർ മാരകായുധങ്ങളുമായി നേരിടുകയായരുന്നു. സ്ഥലത്തുണ്ടായിരുന്ന പൊലീസ് ഇവർക്കു സംരക്ഷണം നൽകി. പിരിഞ്ഞു പോയ യൂത്ത് കോൺ​ഗ്രസ പ്രവർത്തകരെ പിന്തുടർന്നെത്തി മർദിച്ചതായി നേതാക്കൾ ആരോപിച്ചു.

പാവങ്ങള്‍ക്ക് സബ്‌സിഡി സാധനങ്ങള്‍ പോലും കൊടുക്കാന്‍ പറ്റാത്ത സര്‍ക്കാരാണ് ആര്‍ഭാട സദസ് നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍…

പാവങ്ങള്‍ക്ക് സബ്‌സിഡി സാധനങ്ങള്‍ പോലും ഉത്സവകാലത്ത് കൊടുക്കാന്‍ പറ്റാത്ത സര്‍ക്കാരാണ് ആര്‍ഭാട സദസ് നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സബ്‌സിഡി സാധനങ്ങള്‍ ഇല്ലാത്തതിനാല്‍ തൃശൂരില്‍ സപ്ലൈകോയുടെ ക്രിസ്തുമസ് ചന്ത ഇന്ന് രാവിലെ തുറക്കാന്‍ പറ്റിയില്ല. ഉദ്ഘാടനത്തിന് എത്തിയ എം.എല്‍.എയും മേയറും ചടങ്ങിന് നില്‍ക്കാതെ മടങ്ങി. രാവിലെ ഏഴുമണി മുതല്‍ ക്യൂവില്‍ നിന്നവര്‍ക്ക് അരി മാത്രമാണ് കിട്ടിയത്. നവകേരള സദസില്‍ ഫൈവ് സ്റ്റാര്‍ ഭക്ഷണമാണ് കൊടുത്തത്. പാവങ്ങള്‍ക്ക് സബ്‌സിഡി സാധനങ്ങള്‍ പോലും ഉത്സവകാലത്ത് കൊടുക്കാന്‍ പറ്റാത്ത സര്‍ക്കാരാണ് ആര്‍ഭാട സദസ് നടത്തുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

മാനേജ്‌മെന്റ് ക്വാട്ടയില്‍ മന്ത്രിയായ മന്ത്രി മുഹമ്മദ് റിയാസ് സൂപ്പര്‍ മുഖ്യമന്ത്രി ചമയേണ്ട. സൂപ്പര്‍ മുഖ്യമന്ത്രി ചമഞ്ഞ് ഇങ്ങോട്ട് വരികയും വേണ്ട. പ്രതിപക്ഷ നേതാവിന്റെ പാര്‍ട്ടിയിലെ സ്വാധീനത്തെ കുറിച്ച് അളക്കുന്നത് പൊതുമരാമത്ത് മന്ത്രിയല്ല. അദ്ദേഹം കേരളത്തില്‍ കേടായി കിടക്കുന്ന റോഡിലെ കുഴി എത്രയെന്ന് എണ്ണിയാല്‍ മതി. ഇതെല്ലാം മൂക്കാതെ പഴുത്തതിന്റെ കുഴപ്പമാണ്. മാനേജ്‌മെന്റ് ക്വാട്ടയില്‍ മന്ത്രിയായതിന്റെ പ്രശ്‌നമാണെന്നും വി.ഡി. സതീശന്‍ പരിഹസിച്ചു.നവകേരള സദസിനോട് പ്രതിപക്ഷത്തിനല്ല കേരളത്തിലെ ജനങ്ങള്‍ക്കാണ് അലര്‍ജിയെന്നും അദ്ദേഹം പറഞ്ഞു. നവകേരള സദസിന്റെ മറവില്‍ വ്യാപകമായ അക്രമങ്ങളാണ് സി.പി.എം നടത്തുന്നത്. ഇതിനെ കുറിച്ചൊന്നും മുഖ്യമന്ത്രിക്ക് മിണ്ടാട്ടമില്ല. കലാപത്തിന് ആഹ്വാനം ചെയ്ത മുഖ്യമന്ത്രിയാണ് ഒന്നാം പ്രതി ആകേണ്ടതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

നവകേരള സദസ്സിനെതിരായ നീക്കം നാടിനെതിരായ നീക്കം

നവകേരള സദസ്സിനെതിരായ നീക്കം നാടിനെതിരായ നീക്കമാണെന്നും  നവകേരള സദസ്സിന് ലഭിക്കുന്ന വലിയ പിന്തുണ പ്രതിപക്ഷത്തെ അസ്വസ്ഥമാക്കുന്നതായും മുഖ്യമന്ത്രി പിണറായി വിജയൻ.  ഈ അസ്വസ്ഥതയുടെ പ്രതിഫലനമാണ് തിരുവനന്തപുരത്ത് കണ്ടത്. അത്തരം അക്രമങ്ങൾ തിരുത്താൻ പറ്റുമെങ്കിൽ പ്രതിപക്ഷം തിരുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. അക്രമം നടത്തിയവർ നവകേരള സദസ്സിന്റെ ബാനറുകൾ വ്യാപകമായി നശിപ്പിച്ചു. മുളകുപൊടിയും  ഗോലിയും പൊലീസിനെതിരെ അക്രമത്തിനായി ഉപയോഗിച്ചു. ഇഎംഎസിനെ ഗുണ്ടയെന്നുവരെ കോൺഗ്രസ് നേതാക്കൾ വിളിച്ചു. അതിൽ ഒട്ടും ആശങ്കപ്പെടേണ്ടതില്ല. കോൺഗ്രസ്  നേതൃത്വം അങ്ങിനെയായിപോയി. നവകേരള സദസ്സിലേക്കുള്ള ജനങ്ങളുടെ ഒഴുക്ക് അത് ബഹിഷ്ക്കരിച്ചവർക്ക് വലിയ തിരിച്ചടിയായി. അവരുടെ കുറ്റവിചാരണ സദസ്സിൽ കോൺഗ്രസുകാർ പോലും പങ്കെടുക്കുന്നില്ലെന്നും മുഖ്യമന്ത്രി  പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *