EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



ഗസയില്‍ അഞ്ച് ഇസ്രായേല്‍ സൈനികര്‍ കൂടി കൊല്ലപ്പെട്ടു…

യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ഗസയില്‍ അഞ്ചു സൈനികര്‍ കൂടി കൊല്ലപ്പെട്ടതായി ഇസ്രായേല്‍ സൈന്യത്തിന്റെ സ്ഥിരീകരണം. ബന്ദികളായ മൂന്ന് ഇസ്രായേല്‍ പൗരന്‍മാരെ ഇസ്രായേല്‍ സൈന്യം തന്നെ വെടിവച്ചുകൊന്ന സംഭവത്തില്‍ പ്രതിഷേധം ഉയരുന്നതിനിടെയാണ് വീണ്ടും സൈനികരുടെ മരണം. ഇതോടെ ഗസ മുനമ്പില്‍ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം 127 ആയെന്നാണ് ഇസ്രായേല്‍ സൈന്യത്തിന്റെ അവകാശവാദം. എന്നാല്‍, കൊല്ലപ്പെടുന്നതും പരിക്കേറ്റതുമായ സൈനികരുടെ എണ്ണം ഇസ്രായേല്‍ മറച്ചുവയ്ക്കുകയാണെന്ന ആരോപണം ശക്തമാണ്. ഇസ്രായേല്‍ സൈന്യം ഖാന്‍ യൂനിസിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ ആക്രമണം കടുപ്പിച്ചപ്പോഴാണ് തെക്കന്‍ ഗസയില്‍ ഞായറാഴ്ച ഹമാസിന്റെ കനത്ത തിരിച്ചടിയില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടത്. 20നും 23നും ഇടയില്‍ വയസ്സുള്ളവരാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച നടന്ന ഏറ്റുമുട്ടലില്‍ രണ്ട് റിസര്‍വിസ്റ്റുകള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. അതിനിടെ, ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 18,700 പിന്നിട്ടു.

ദാവൂദ് ഇബ്രാഹിമിന് വിഷബാധയേറ്റു; ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്

അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന് പാകിസ്ഥാനിലെ കറാച്ചിയിൽ വെച്ച് വിഷബാധയേറ്റതായി റിപ്പോർട്ട്. വിഷം ഉള്ളിൽ ചെന്ന നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ദാവൂദിന്‍റെ ആരോഗ്യനില ഗുരുതരമാണെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. രണ്ട് ദിവസമായി ആശുപത്രിയിലാണെങ്കിലും തിങ്കളാഴ്ചയാണ് ഇക്കാര്യം പുറത്തുവരുന്നത്.വൻ സുരക്ഷയിലാണ് ദാവൂദിനെ ചികിത്സിക്കുന്നതെന്നും വിവരമുണ്ട്. ഇന്ത്യൻ ഏജൻസികൾ തേടുന്ന ഏറ്റവും വലിയ കുറ്റവാളികളിലൊരാളാണ് 65-കാരനായ ദാവൂദ് ഇബ്രാഹിം. ദാവൂദിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ മുംബൈ പൊലീസ്. വർഷങ്ങളായി പാകിസ്ഥാനിലെ കറാച്ചിയിലാണ് ദാവൂദ് കഴിയുന്നത്. ഇന്ത്യയിൽ നിന്ന് കടന്ന ദാവൂദ് കറാച്ചിയിലാണ് കഴിയുന്നതെന്ന കാര്യം പാക് ഏജൻസികൾ ഏറെക്കാലമായി നിഷേധിച്ചിരുന്നു.

ചൈനയിൽ വൻ ഭൂചലനം: നൂറിലേറെപ്പേർ മരിച്ചു; നിരവധി പേർക്ക് പരിക്ക്

ചൈനയിലെ ഭൂചലനത്തിൽ നൂറിലേറെപ്പേർ കൊല്ലപ്പെട്ടു. ചൈനയിൽ ഗാൻസു പ്രവിശ്യയിലാണ് റിക്ടർ സ്കെയിലിൽ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. നിരവധി പേർക്ക് പരിക്കേറ്റതായും നിരവധി വീടുകളും കെട്ടിടങ്ങളും തകർന്നതായുമാണ് വിവരം. രക്ഷാപ്രവർത്തനം തുടരുകയാണ്. 

നരഭോജിക്കടുവ ഇനി പുത്തൂർ സുവോളജിക്കൽ പാർക്കിൽ

വയനാട് വാകേരി കൂടല്ലൂരില്‍ യുവാവിനെ കൊന്നുതിന്ന കടുവയുടെ ശിഷ്ടകാലം തൃശൂർ പുത്തൂർ സുവോളജിക്കൽ പാർക്കിൽ. കടുവയെ മാറ്റാൻ ചീഫ്‌ സെക്രട്ടറി തലത്തിലെടുത്ത തീരുമാനപ്രകാരമാണ്‌ നടപടി. മന്ത്രി എ കെ ശശീന്ദ്രൻ വനം അഡീഷണൽ ചീഫ്‌ സെക്രട്ടറി, ചീഫ്‌ വൈൽഡ്‌ ലൈഫ്‌ വാർഡൻ എന്നിവർക്ക്‌ നൽകിയ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ്‌ തീരുമാനം. കുപ്പാടിയിലെ കടുവ പരിചരണ കേന്ദ്രത്തിൽനിന്ന്‌ കടുവയെ തൃശൂരിലേക്ക്‌ കൊണ്ടുപോയി.  ജനപ്രതിനിധികളെയും രാഷ്‌ട്രീയ നേതാക്കളെയും അറിയിച്ചശേഷമാണ്‌ കൂടല്ലൂരിൽനിന്ന്‌ കടുവയെ കൊണ്ടുപോയത്‌.  സുവോളജിക്കൽ പാർക്കിലെ നിരീക്ഷണ കേന്ദ്രത്തിൽ കടുവയെ പാർപ്പിക്കും. പരുക്കേറ്റ കടുവയുടെ ആരോഗ്യം വനംവകുപ്പ് നിരീക്ഷിക്കുന്നുണ്ട്. മൂക്കിനേറ്റ മുറിവിനാകും ആദ്യം ചികിൽസ നല്‍കുക.കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പ്രജീഷിന്റെ കുടുംബത്തിലെ ഒരാൾക്ക്‌ ഉടൻ വനംവകുപ്പിൽ താൽകാലിക  ജോലി നൽകും. കുടുംബത്തിന്‌ കൂടുതൽ നഷ്ടപരിഹാരം നൽകുന്നതിനുള്ള റിപ്പോർട്ടിൻമേലുള്ള നടപടികൾ വേഗത്തിലാക്കും. ചർച്ചയിലെ തീരുമാനങ്ങൾ ഉടൻ നടപ്പാക്കണമെന്ന്‌ സിപിഐ എം പുൽപ്പള്ളി ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു.

Leave a Comment

Your email address will not be published. Required fields are marked *