EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



കേരളീയത്തിന് ആശംസയുമായി താരങ്ങളും…

കേരളീയത്തിന്റെ ആദ്യപതിപ്പിന്റെ ഉദ്ഘാടന വേദി താരത്തിളക്കത്താല്‍ ശ്രദ്ധേയമായി. കേരളീയം പരിപാടിക്ക് ആശംസയര്‍പ്പിച്ച് കമലഹാസനൊപ്പം മമ്മൂട്ടിയും മോഹന്‍ലാലും ശോഭനയും കേരളീയം വേദിയിലെത്തി.മഹത്തായ ആശയത്തിന്റെ തുടക്കമാണ് കേരളീയമെന്ന് നടന്‍ മമ്മൂട്ടി. കേരള ചരിത്രത്തിലെ മഹാസംഭവമായി കേരളീയം മാറട്ടെയെന്നും മമ്മൂട്ടി ആശംസിച്ചു. കേരളത്തിന്റെ മാത്രമല്ല ലോക സാഹോദര്യത്തിന്റെ വികാരമായി കേരളീയം മാറും. രാഷ്ട്രീയം, മതം, ജാതി എന്നിവയ്ക്കതീതമായി കേരളീയരെന്ന വികാരമാണ് എല്ലാവരും പങ്കിടുന്നത്. കേരളത്തിന്റെ ആശയങ്ങളും സ്വപ്നങ്ങളും ഒന്നാണ് എന്നതാണ് കേരളീയത്തിന്റെ സന്ദേശം. എല്ലാ വ്യത്യാസങ്ങളെയും മറികടന്ന് കേരളീയര്‍ ലോകത്തെ ശ്രദ്ധാ കേന്ദ്രമായി എല്ലാവരും ആദരിക്കുന്ന ജനതയായി മാറട്ടെയെന്നും മമ്മൂട്ടി പറഞ്ഞു.

നാളത്തെ കേരളം എങ്ങനെ എന്ന ചിന്തയാണ് കേരളീയം 2023 മുന്നോട്ട് വച്ചിട്ടുള്ളതെന്ന് മോഹന്‍ലാല്‍ പറഞ്ഞു. കേരളീയത്തിന് വേദിയാകാന്‍ തിരുവനന്തപുരം നഗരം തെരഞ്ഞെടുത്തതിലുള്ള സന്തോഷവും മോഹന്‍ലാല്‍ പങ്കുവെച്ചു. ഇത് തന്റെ സ്വന്തം നഗരമാണ്. ഈ നഗരത്തോളം തനിക്കു പരിചിതമായ മറ്റൊരു നഗരവുമില്ല. ഇവിടുത്തെ സംസ്‌കാരവും ഏറെ പരിചിതം. പാന്‍ ഇന്ത്യന്‍ മലയാള സിനിമകള്‍ ഇനിയും ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം ശ്രമങ്ങള്‍ക്ക് ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യ കേരളഘടകത്തിന് മുന്‍കൈ എടുക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

മണിച്ചിത്രത്താഴിന് ശേഷം എല്ലാവരും തമിഴത്തി എന്ന് വിളിക്കുന്ന തന്റെ നാട് തിരുവനന്തപുരം തന്നെയാണെന്ന് ശോഭന. ശാസ്ത്രത്തിനും സാങ്കേതിക വിദ്യക്കുമൊപ്പം വളരെ മനോഹരമായി നമ്മുടെ കലാരംഗവും മുന്നേറുകയാണെന്നും ശോഭന പറഞ്ഞു. എല്ലാവരിലേക്കും എത്തപ്പെടുന്ന രീതിയില്‍ പരാമ്പരാഗത കലകളെ അവതരിപ്പിക്കുന്നതിലാണ് കേരളം മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്തമായിരിക്കുന്നതെന്നും ശോഭന പറഞ്ഞു. സ്‌കൂളുകളിലും കോളേജുകളിലും സംഘടിപ്പിക്കുന്ന യുവജനോത്സവങ്ങള്‍ പുതിയ തലമുറയുടെ കഴിവുകള്‍ കണ്ടെത്താന്‍ സഹായിക്കുന്നു. ഏറ്റവും മികച്ച പൈതൃക കലാസൃഷ്ടിയായി യുനെസ്‌കോ അംഗീകരിച്ച 2000 വര്‍ഷം പഴക്കമുള്ള കലാരൂപമായ കൂടിയാട്ടം ഇന്നും കേരളത്തില്‍ അവതരിപ്പിക്കുന്നുണ്ടെന്നും ശോഭന പറഞ്ഞു.

*കേരളീയം ഉദ്ഘാടന വേദിയെ ഭാവസാന്ദ്രമാക്കി കേരള ഗാനത്തിന്റെ നൃത്താവിഷ്‌കാരം*

കേരളത്തിന്റെ അഭിമാനം വാനോളം ഉയര്‍ത്തി കേരള ഗാനത്തിന്റെ നൃത്താവിഷ്‌കാരം കേരളീയം ഉദ്ഘാടന വേദിയെ ഹൃദ്യമാക്കി. കേരളത്തിന്റെ തനത് കലാരൂപങ്ങളെ കോര്‍ത്തിണക്കി കലാമണ്ഡലത്തിലെ 33 വിദ്യാര്‍ത്ഥികളാണ് കേരള ഗാനത്തിന്റെ നൃത്താവിഷ്‌കാരം അവതരിപ്പിച്ചത്. കെ. ജയകുമാര്‍ ഐ എ എസിന്റെ വരികള്‍ക്ക് ബിജിപാല്‍ ആണ് സംഗീതം നല്‍കിയത്. കലാമണ്ഡലം സംഗീതയാണ് ചുവടുകള്‍ ചിട്ടപ്പെടുത്തിയത്. കഥകളി, മോഹിനിയാട്ടം, ഓട്ടംതുള്ളല്‍, നങ്ങ്യാര്‍കൂത്ത്, തെയ്യം, കളരി, മാര്‍ഗംകളി, ഒപ്പന എന്നീ കലാരൂപങ്ങളാണ് കേരള ഗാനത്തിന് ചാരുത പകര്‍ന്ന് വേദിയില്‍ എത്തിയത്. നവംബര്‍ അഞ്ചിന് വൈകിട്ട് 6.30ന് സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ വേദിയില്‍ കലാമണ്ഡലത്തിലെ കലാകാരന്മാര്‍ അവതരിപ്പിക്കുന്ന, തനത് വാദ്യങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ട്രഡീഷണല്‍ ബാന്‍ഡും ഡാന്‍സ് ഫ്യൂഷനും അരങ്ങേറും. പ്രകാശ് ഉള്ളിയേരി മുഖ്യാതിഥിയായി പങ്കെടുക്കും.

*കേരളം രാജ്യത്തിനു മാതൃകയായ സംസ്ഥാനം: കമലഹാസന്‍*

സാമൂഹിക സൂചികയിലും ജീവിത നിലവാരത്തിലും പ്രാദേശിക ഭരണ നിര്‍വഹണത്തിലും കേരളം രാജ്യത്തെ മറ്റു സംസ്ഥാനങ്ങള്‍ക്കു മാതൃകയാണെന്നു നടന്‍ കമലഹാസന്‍. കേരളീയം 2023ന്റെ ഉദ്ഘാടന ചടങ്ങില്‍ ആശംസയര്‍പ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരളത്തെക്കുറിച്ചു താന്‍ പറയുന്ന കാര്യങ്ങള്‍ എന്താണെന്നു രാജ്യം അറിയണമെന്നതിനാല്‍ ഇംഗ്ലിഷില്‍ പ്രസംഗിക്കുകയാണെന്നു പറഞ്ഞാണ് അദ്ദേഹം ആശംസാ പ്രസംഗം ആരംഭിച്ചത്. വികസന പദ്ധതികളുടെ നടത്തിപ്പിലും വികേന്ദ്രീകൃതാസൂത്രണത്തിലും രാജ്യത്തെ ഏറ്റവും മികച്ച മാതൃകയാണു കേരളമെന്ന് അദ്ദേഹം പറഞ്ഞു. കലാകാരനെന്ന നിലയിലും രാഷ്ട്രീയ പ്രവര്‍ത്തകനെന്ന നിലയിലും കേരളത്തില്‍നിന്നു നിരവധി പാഠങ്ങള്‍ താന്‍ ഉള്‍ക്കൊണ്ടിട്ടുണ്ട്.നിര്‍ണായകവും ഗൗരവവുമായ സാമൂഹ്യ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതാണു മലയാള സിനിമകള്‍. സാമൂഹ്യ പ്രതിബദ്ധതയുള്ള കേരള സംസ്‌കാരം രൂപപ്പെടുന്നതില്‍ ഇവിടുത്തെ സിനിമകള്‍ വലിയ സ്വാധീനമുണ്ടാക്കിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ പുരോഗമനപരമായ സാമൂഹ്യബോധം പ്രതിഫലിപ്പിക്കുന്നതൂകൂടിയാണിത്. തന്റെ രാഷ്ട്രീയ പ്രവേശന സമയത്ത് കേരളത്തിലെ രീതികള്‍ മനസിലാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. പ്രശസ്തമായ കേരള മോഡല്‍ വികസനത്തില്‍നിന്നു താന്‍ പ്രചോദനമുള്‍ക്കൊണ്ടു. വികേന്ദ്രീകൃതാസൂത്രണം അതിന്റെ യഥാര്‍ഥ അര്‍ഥത്തില്‍ നടപ്പാക്കാന്‍ രാജ്യത്തെ പല സംസ്ഥാനങ്ങളും ബുദ്ധിമുട്ടുമ്പോഴും 1994ല്‍ തുടങ്ങിയ ജനകീയാസൂത്രണ പദ്ധതിയിലൂടെ കേരളം അതു നടപ്പാക്കിക്കാണിച്ചു. സാമൂഹ്യ രംഗത്തും വിദ്യാഭ്യാസ, ആരോഗ്യ രംഗങ്ങളിലും നടപ്പാക്കിയ കേരള മോഡല്‍ വികസനവും രാജ്യത്തിനു മാതൃകയാണ്. പ്രാദേശിക സര്‍ക്കാരുകളെ ശക്തിപ്പെടുത്തിയതാണു കോവിഡ് മഹാമാരിയെ മികച്ച രീതിയില്‍ നേരിടാന്‍ കേരളത്തെ പ്രാപ്തമാക്കിയത്.ഏതു സാധാരണക്കാരനും പ്രാപ്യമായ രാഷ്ട്രീയ, ഭരണ സംവിധാനമുള്ള സംസ്ഥാനമാണു കേരളം. തന്റെ ദൈനംദിന ജീവിതം മെച്ചപ്പെടുത്തണമെന്നു ഭരണകൂടത്തോട് ആവശ്യപ്പെടാന്‍ പൗരനെ പ്രേരിപ്പിക്കുന്നത് ഇതാണ്. വളര്‍ച്ചാധിഷ്ഠിത വികസന പദ്ധതികളിലാണു കേരളം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സാര്‍വത്രിക വിദ്യാഭ്യാസ, ആരോഗ്യ മാതൃകളിലൂടെ ശക്തമായ സാമൂഹ്യ അടിത്തറ സൃഷ്ടിച്ച , സൃഷ്ടിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമാണ് കേരളം. കേരളത്തെ മികച്ച സാമൂഹ്യ വികസിത സംസ്ഥാനമാക്കി മാറ്റുന്നതിന് വിജ്ഞാനാധിഷ്ഠിത സമൂഹ സൃഷ്ടിക്കായുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പരിശ്രമങ്ങളെ പ്രസംഗത്തില്‍ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു.

Leave a Comment

Your email address will not be published. Required fields are marked *