
ഇന്നലെ പുലര്‍ച്ചെ വരെയുള്ള കണക്കുകള്‍ പ്രകാരം 8525 പേര്‍ കൊല്ലപ്പെട്ടതായി ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. മരിച്ചവരില്‍ 3,542 പേരും കുട്ടികളാണ്. വൈകീട്ടോടെ ഖാന്‍ യൂനിസിനു സമീപം ജബലിയ അഭയാര്‍ത്ഥി ക്യാമ്പിലുണ്ടായ ബോംബുവര്‍ഷത്തില്‍ നൂറിലേറെ പേര്‍ കൊല്ലപ്പെട്ടതായാണ് പ്രാഥമിക റിപ്പോര്‍ട്ട്. മരണ സംഖ്യ ഉയര്‍ന്നേക്കാമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇസ്രാഈല്‍ സൈന്യം നടത്തുന്ന കരയാക്രമണത്തിലും നിരവധി ഫലസ്തീനികളെ കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ടുണ്ട്. എല്ലാം ചേരുന്നതോടെ മരണ നിരക്ക് കുത്തനെ ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.അതേസമയം ഗസ്സ അഭയാര്‍ത്ഥി ക്യാമ്പിനു മുകളില്‍ തുടര്‍ച്ചയായി ബോംബു വര്‍ഷിച്ച് ഇസ്രാഈലിന്റെ കൊടും ക്രൂരത വീണ്ടും. ഒരാഴ്ച മുമ്പ് അല്‍ അഹ്്‌ലി ആശുപത്രിക്കു നേരെയുണ്ടായ ആക്രമണത്തിന് സമാനമായാണ് ഇന്നലെ ജബലിയയിലെ അഭയാര്‍ത്ഥി ക്യാമ്പ് ആക്രമിച്ചത്. 400 ലേറെ സിവിലിയന്മാര്‍ കൊല്ലപ്പെട്ടതായാണ് പ്രാഥമിക കണക്ക്. ഏറെയും കുട്ടികളും സ്ത്രീകളുമാണ്. പരിക്കേറ്റവരുടെ കൃത്യമായ കണക്കുകള്‍ ലഭ്യമല്ല. മരണ സംഖ്യ ഉയരാന്‍ ഇടയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.ഒന്നിനു പിന്നാലെ ഒന്നായി ആറു ബോംബുകളാണ് ജബലിയയിലെ അഭയാര്‍ത്ഥി സെറ്റില്‍മെന്റിനു മുകളിലും സമീപത്തുമായി ഇസ്രാഈല്‍ പോര്‍വിമാനങ്ങള്‍ വര്‍ഷിച്ചതെന്ന് ലേഖകന്‍ അഹമ്മദ് അല്‍ കഹലൗത്തിനെ ഉദ്ധരിച്ച് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. യു.എസ് നിര്‍മ്മിത ബോംബുകള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. ഒരു ടണ്‍ പ്രഹരശേഷിയുള്ളതാണ് ഓരോ ബോംബും. അഭയാര്‍ത്ഥി ക്യാമ്പ് പൂര്‍ണമായും നാമാവശേഷമായതായി ഗസ്സ സിവില്‍ ഡിഫന്‍സ് ഡയരക്ടര്‍ വ്യക്തമാക്കി. പരിക്കേറ്റവരെ ഖാന്‍ യൂനിസിലെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. വൈദ്യുതി നിലച്ചതിനെതുടര്‍ന്ന് ഇന്നലെ പ്രവര്‍ത്തം നിര്‍ത്തിയ ആശുപത്രിയിലാണ് പരിക്കേറ്റ നൂറിലേറെ പേരെ പ്രവേശിപ്പിച്ചിരിക്കുന്നത്. പരിമിതമായ സൗകര്യങ്ങളില്‍ നിന്ന് ചികിത്സ നല്‍കാനുള്ള ശ്രമത്തിലാണ് തങ്ങളെന്ന് ഇന്തൊനേഷ്യന്‍ ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്: ആദ്യഘട്ട കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും…

കരുവന്നൂര്‍ കള്ളപ്പണ ഇടപാടു കേസില്‍ ഇഡി ഇന്ന് ആദ്യഘട്ട കുറ്റപത്രം സമര്‍പ്പിക്കും. കൊച്ചിയിലെ പ്രത്യേക കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിക്കുക. ആദ്യഘട്ട കുറ്റപത്രത്തില്‍ 50 ലേറെ പ്രതികളാണുള്ളത്.പി സതീഷ് കുമാറാണ് കേസിലെ മുഖ്യപ്രതി. സതീഷ് കുമാറും പിപി കിരണും അറസ്റ്റിലായി 60 ദിവസത്തിനകമാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. 12,000 ലേറെ പേജുകളാണ് കുറ്റപത്രത്തില്‍ ഉണ്ടാകുകയെന്നാണ് റിപ്പോര്‍ട്ട്.സതീഷ് കുമാര്‍, പിപി കിരണ്‍, സിപിഎം കൗണ്‍സിലര്‍ അരവിന്ദാക്ഷന്‍, ബാങ്ക് മുന്‍ ജീവനക്കാരന്‍ ജില്‍സ് എന്നീ 4 പേരാണ് കേസുമായി ബന്ധപ്പെട്ട് നിലവില്‍ അറസ്റ്റിലായിട്ടുള്ളത്.കരുവവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് കോടികളുടെ കള്ളപ്പണ ഇടപാടുകള്‍ നടന്നിട്ടുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. ഇതില്‍ കൂടുതല്‍ അന്വേഷണം നടന്നു വരികയാണെന്നും, കൂടുതല്‍ അറസ്റ്റ് വരും ദിവസങ്ങളില്‍ ഉണ്ടാകുമെന്നും ഇഡി ഉദ്യോഗസ്ഥര്‍ സൂചിപ്പിക്കുന്നു.

മൂന്ന് ദിവസത്തിനിടെ മൂന്നാമത്തെ ആക്രമണം; ജമ്മു കശ്മീരില്‍ പൊലീസ് ഉദ്യോഗസ്ഥനെ വെടിവെച്ചു കൊന്നു.

ജമ്മു കാശ്മീര്‍ ബാരമുള്ളയില്‍ പൊലീസ് ഉദ്യോഗസ്ഥനെ ഭീകരര്‍ വെടിവെച്ചുകൊന്നു.പൊലീസ് ഹെഡ് കോണ്‍സ്റ്റബിളായ ഗുലാം മുഹമ്മദ് ദാര്‍ ആണ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്റെ വീടിന് സമീപത്ത് വെച്ചാണ് വെടിവെച്ചത്.ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മൂന്നു ദിവസത്തിനിടെ ഇത് മൂന്നാമത്തെ ആക്രമണമാണ്.

