EN24TV

കണ്ണൂര്‍ രാഷ്ട്രീയത്തില്‍ വീണ്ടും സംഘര്‍ഷഭീതി…

ഇരു പാര്‍ട്ടികളുടെ നേതാക്കന്‍മാര്‍ പോര്‍വിളിയുമായി രംഗത്തെത്തിയതോടെ ഒരു ഇടവേളയ്ക്ക് ശേഷം സംഘര്‍ഷമൊഴിഞ്ഞ കണ്ണൂര്‍ വീണ്ടും സംഘര്‍ഷഭരിതമാവുകയാണ്. യുവമോര്‍ച്ചയുടെ കണ്ണൂര്‍ ജില്ലാ നേതാവ് കഴിഞ്ഞ ദിവസം സ്പീക്കറും തലശ്ശേരി എംഎല്‍എയുമായ ഷംസീറിനെതിരേ രംഗത്ത് വന്നതാണ് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്. ഗണപതിയെ അപമാനിച്ചുവെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം ഷംസീറിന്റെ എംഎല്‍എ ക്യാംപ് ഓഫിസിലേക്ക് യുവമോര്‍ച്ച മാര്‍ച്ച് നടത്തിയിരുന്നു. മാര്‍ച്ച് ഉദ്ഘാടനം ചെയ്ത യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി കെ ഗണേഷ്, ഷംസീറിന് ജോസഫ് മാഷിന്റെ അനുഭവം ഉണ്ടാകുമെന്ന് പ്രസംഗിച്ചിരുന്നു.ജൂലൈ 21ന് കുന്നത്തുനാട് ജിഎച്ച്എസ്എസില്‍ നടന്ന വിദ്യജ്യോതി പരിപാടിയില്‍ സ്പീക്കര്‍ ചില പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. ഈ പരാമര്‍ശങ്ങളാണ് വിവാദമായത്. ശാസ്ത്ര സാങ്കേതിക രംഗത്തെ നേട്ടങ്ങള്‍ക്ക് പകരം ഹൈന്ദവ പുരാണത്തിലെ മിത്തുകളാണ് കുട്ടികളെ പഠിപ്പിക്കാന്‍ ശ്രമിക്കുന്നതെന്ന് ഷംസീര്‍ പറഞ്ഞിരുന്നു. വന്ധ്യതാ ചികിത്സയും വിമാനവും പ്ലാസ്റ്റിക് സര്‍ജറിയുമെല്ലാം ഹിന്ദുത്വകാലം മുതല്‍ക്കേ ഉണ്ടെന്ന് സ്ഥാപിക്കുകയാണ് ചെയ്യുന്നത്. വിമാനം കണ്ടുപിടിച്ചത് ആരെന്ന ചോദ്യത്തിനു താന്‍ പഠിച്ച കാലത്തെ ഉത്തരം റൈറ്റ് ബ്രദേഴ്‌സ് എന്നാണ്.എന്നാല്‍, ആദ്യ വിമാനം പുഷ്പക വിമാനമാണെന്ന് സ്ഥാപിക്കാനാണ് ശ്രമം നടക്കുന്നതെന്നും സ്പീക്കര്‍ പറഞ്ഞിരുന്നു. ഗണപതിയും പുഷ്പക വിമാനവുമല്ല ശാസ്ത്രം. അതൊക്കെ മിത്തുകളാണ്. ഹിന്ദുത്വ കാലഘട്ടത്തിലെ അന്ധവിശ്വാസങ്ങള്‍ പുരോഗമനത്തെ പിന്നോട്ട് നയിക്കും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കാലഘട്ടത്തില്‍ ഇതൊക്ക വെറും മിത്തുകളാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനെതിരെയാണ് പ്രതിഷേധവുമായി ഹിന്ദു സംഘടനകള്‍ രംഗത്തെത്തിയത്. ഹിന്ദു വിശ്വാസങ്ങളെ അവഹേളിച്ചുവെന്നാണ് ആരോപിച്ച് ഷംസീറിനെതിരെ സംസ്ഥാനത്തെ മുഴുവന്‍ പൊലീസ് സ്റ്റേഷനുകളിലും പരാതി നല്‍കാനുള്‍പ്പെടെ വിശ്വഹിന്ദു പരിഷത്ത് തീരുമാനിച്ചിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *