EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



മണിപ്പൂരില്‍ സ്വാതന്ത്രസമര സേനാനിയുടെ ഭാര്യയെ വീടിനുള്ളിലിട്ട് ചുട്ടുകൊന്നു…

രണ്ടു സ്ത്രീകളെ നഗ്‌നരാക്കി നടത്തിയതിന്റെ വിഡിയോ പുറത്തുവന്നതിനു പിന്നാലെ മണിപ്പുരില്‍നിന്നു ഞെട്ടിപ്പിക്കുന്ന കൂടുതല്‍ ദാരുണ സംഭവങ്ങളാണു പുറത്തുവരുന്നത്. കാക്ചിങ് ജില്ലയിലെ സെറൗ എന്ന ഗ്രാമത്തില്‍ അന്തരിച്ച സ്വാതന്ത്ര്യ സമര സേനാനിയുടെ എണ്‍പതുകരിയായ ഭാര്യയെ അക്രമികള്‍ വീടിനുള്ളിലിട്ടു ജീവനോടെ ചുട്ടുകൊന്നുവെന്ന റിപ്പോര്‍ട്ടാണ് ഏറ്റവും ഒടുവില്‍ പുറത്തുവരുന്നത്. സെറൗ പൊലീസ് സ്‌റ്റേഷനിലാണ് ഇതുസംബന്ധിച്ച കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നു ദേശീയ മാധ്യമമായ എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു.എ.പി.ജെ. അബ്ദുല്‍ കലാം രാഷ്ട്രപതിയായിരിക്കെ ആദരിച്ച സ്വാതന്ത്ര്യസമര സേനാനിയായ അന്തരിച്ച എസ്.ചുരാചന്ദ് സിങ്ങിന്റെ ഭാര്യയെയാണ് അക്രമികള്‍ വീട്ടില്‍ പൂട്ടിയിട്ട ശേഷം ചുട്ടു കൊന്നത്. 80 കാരിയായ ഇബേതോംബി വീടിനുള്ളില്‍ ഇരിക്കുമ്പോള്‍ അക്രമികള്‍ വീടു പുറത്തുനിന്ന് പൂട്ടിയ ശേഷം തീയിടുകയായിരുന്നു. ഓടിപ്പോയ കുടുംബാംഗങ്ങള്‍ തിരിച്ച് എത്തുമ്പോഴേക്കും വീട് പൂര്‍ണമായി കത്തിനശിച്ചിരുന്നുവെന്ന് ഇബേതോംബിയുടെ കൊച്ചുമകന്‍ പ്രേംകാന്ത പറഞ്ഞു.മുത്തശിയെ രക്ഷിക്കാന്‍ ശ്രമിച്ച തനിക്കു നേരെ അക്രമികള്‍ വെടിവച്ചുവെന്നും തലനാരിഴയ്ക്കാണു രക്ഷപ്പെട്ടതെന്നും പ്രേംകാന്ത പറഞ്ഞു. ഓടി രക്ഷപ്പെട്ടോളൂ, പിന്നീട് എന്നെ രക്ഷിക്കാന്‍ തിരിച്ചുവരണമെന്ന് മുത്തശി ഉറക്കെ വിളിച്ചു പറഞ്ഞു. അതായിരുന്നു അവരുടെ അവസാന വാക്കുകള്‍. തിരിച്ചെത്തിയപ്പോള്‍ മുത്തശിയുടെ തലയോട്ടിയും കുറച്ച് അസ്ഥികളും മാത്രമാണ് അവശേഷിച്ചത്. വീടിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് മുത്തശ്ശന്‍ എ.പി.ജെ. അബ്ദുല്‍ കലാമിനൊപ്പം നില്‍ക്കുന്ന ചിത്രം നശിക്കാതെ ലഭിച്ചുവെന്നും പ്രേംകാന്ത പറഞ്ഞു.പുലര്‍ച്ചെ 2 മണിയോടെയാണ് അക്രമികള്‍ എത്തിയതെന്ന് ഇബേതോംബിയുടെ മരുമകള്‍ പറഞ്ഞു. ഞങ്ങളോട് ഓടി രക്ഷപ്പെട്ട ശേഷം പിന്നീട് ആരെയെങ്കിലും തന്റെ രക്ഷയ്ക്കായി അയയ്ക്കാനാണ് അവര്‍ പറഞ്ഞത്. ഞങ്ങള്‍ ഓടി എം.എല്‍.എയുടെ വീട്ടിലാണ് എത്തിയത്. വെടിവയ്പ് തുടര്‍ന്നതിനാല്‍ പുറത്തിറങ്ങാന്‍ കഴിഞ്ഞില്ല. ഏതാണ് 6 മണിയായപ്പോഴാണ് കുറച്ചു പേര്‍ ചേര്‍ന്ന് ഇബേതോംബിയെ രക്ഷിക്കാനായി പോയത്. അപ്പോഴേക്കും വീടു പൂര്‍ണമായി അഗ്‌നി വിഴുങ്ങിയിരുന്നുവെന്നും മരുമകള്‍ പറഞ്ഞു.സെറൗവില്‍ വന്‍ അക്രമവും വെടിവയ്പും ഉണ്ടായ മേയ് 28നാണ് സംഭവം ഉണ്ടായത്. ഇംഫാലില്‍നിന്ന് 45 കിലോമീറ്റര്‍ അകലെയാണ് ഏറെ പ്രകൃതിരമണീയമായിരുന്ന സെറൗ ഗ്രാമം സ്ഥിതി ചെയ്യുന്നത്. മേയ് 3ന് കലാഗം ആരംഭിച്ചതിനു ശേഷം ഇവിടെ തീവച്ചു നശിപ്പിച്ചതും ഭിത്തികളില്‍ വെടിയേറ്റതുമായ വീടുകള്‍ മാത്രമാണ് അവശേഷിക്കുന്നത്. മെയ്‌തെയ്കുക്കി സംഘര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ ദുരന്തമുണ്ടായ ഗ്രാമങ്ങളിലൊന്നാണിത്.

Leave a Comment

Your email address will not be published. Required fields are marked *