EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



മുതലപ്പൊഴിയിൽ സർക്കാരിന്റെ ‘ഷോ’;കേന്ദ്ര മുതലെടുപ്പ് തടയാൻ അനുനയ തന്ത്രം…

കഴിഞ്ഞ ദിവസം നാലു മൽസ്യ തൊഴിലാളികളുടെ ജീവനെടുത്ത മുതലപ്പൊഴിയിൽ കേന്ദ്രസംഘം എത്തുന്നതിന് മുമ്പേ അനുനയ തന്ത്രവുമായി സർക്കാർ. സംഭവദിവസം മൽസ്യതൊഴിലാളികളോട് ‘ഷോ’ കാണിക്കരുതെന്ന് മന്ത്രിമാരെക്കൊണ്ട് പറയിപ്പിക്കുകയും ലത്തീൻ അതിരൂപതാ വികാരി ജനറൽ മോൺ. യൂജിൻ പെരേരയ്ക്കെതിരെ കലാപാഹ്വാനത്തിന് കേസെടുക്കുകയും ചെയ്ത സർക്കാരാണ് ഇന്നലെ മുതലപ്പൊഴിക്ക് വേണ്ടി പുതിയ ‘ഷോ’യുമായി രംഗത്തുവന്നത്. അശാസ്ത്രീയ ഹാർബർ നിർമാണം നിരന്തരം മൽസ്യ തൊഴിലാളികളുടെ ജീവനെടുക്കുന്നതിന് പരിഹാരം കാണണമെന്ന് പലവട്ടം ആവശ്യപ്പെട്ടിട്ടും അനങ്ങാതിരുന്ന സംസ്ഥാന സർക്കാർ, ഈ വിഷയത്തിൽ ഇടപെട്ട് കേന്ദ്രസർക്കാർ  ക്രെഡിറ്റ് കൊണ്ടുപോകുമോയെന്ന തോന്നലുണ്ടായതോടെയാണ്  രംഗത്തുവന്നത്. രാവിലെ മുഖ്യമന്ത്രിയുമായി ഫിഷറീസ് മന്ത്രി സജി ചെറിയാൻ ചർച്ച നടത്തി. കേന്ദ്രസംഘത്തിന്റെ സന്ദർശനത്തെക്കുറിച്ച് അറിയിപ്പ് ലഭിച്ചതിന് പിന്നാലെ അതിരാവിലെ മന്ത്രിമാരായ വി ശിവൻകുട്ടി, ആന്റണി രാജു, ജി.ആർ അനിൽ എന്നിവർ ഫിഷറീസ് മന്ത്രിയെ കാണുകയും ചെയ്തു. അതേസമയം, സർക്കാരിന്റേത് വെറും ‘ഷോ’ ആണെന്നാണ് മുതലപ്പൊഴിയിലെ മൽസ്യ തൊഴിലാളികളുടെ പ്രതികരണം.കടലിന്റെ പ്രക്ഷുബ്ധാവസ്ഥയും അപകട സാധ്യതയും കണക്കിലെടുത്ത് മത്സ്യബന്ധന തുറമുഖത്തിലൂടെയുള്ള ഗതാഗതം സംബന്ധിച്ച് പരിഹാരം കണ്ടെത്താൻ ബന്ധപ്പെട്ട ട്രേഡ് യൂണിയനുകളും സാമൂഹിക സംഘടനകളുമായി അടുത്ത ദിവസങ്ങളിൽ ചർച്ച നടത്തുമെന്ന് മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സജി ചെറിയാൻ മാധ്യമങ്ങളോട് പ്രതികരിച്ചു. പൊഴിയുടെ ഇരു വശങ്ങളിലുമായുള്ള വെളിച്ചക്കുറവ് പരിഹരിക്കാൻ ആധുനിക സംവിധാനം ഉടൻ സ്ഥാപിക്കും. ഇതുമായി ബന്ധപ്പെട്ട ഹാർബർ എൻ‌ജിനീയർക്ക് നിർദേശം നൽകിയെന്നും മുതലപ്പൊഴിക്കായി പത്തു കോടിയോളം രൂപയുടെ പദ്ധതി നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.അതേസമയം, മുതലപ്പൊഴിക്കായി ആശ്വാസ പാക്കേജ് പ്രഖ്യാപിച്ച് പ്രതിഷേധിച്ചു നിൽക്കുന്ന തീരജനതയെ കയ്യിലെടുക്കാമെന്നാണ് സർക്കാർ വൃത്തങ്ങളിൽ ഉയർന്നുവന്നിരിക്കുന്ന ആലോചന. ഇന്ന് രാവിലെ അദാനി കമ്പനിയുമായി ചർച്ച നടത്തി കരാർ പ്രകാരം പൊഴിയിലെ ആഴം ഉറപ്പാക്കുമെന്ന് ആവശ്യപ്പെടാനാണ് തീരുമാനം.  മണ്ണ് നീക്കം ചെയ്യാനുള്ള സ്ഥിരം സംവിധാനം നടപ്പിലാക്കുന്നതും മണ്ണ് പൊഴിയിലേക്ക് വരാതിരിക്കാനുള്ള സംവിധാനമുണ്ടാക്കുന്നതും മൽസ്യ തൊഴിലാളികളുടെ ആവശ്യമാണ്.ഇതിനിടെ, ഫിഷറീസ് ഡവലപ്‌മെന്റ് കമ്മീഷണര്‍, അസിസ്റ്റന്റ് കമ്മീഷണര്‍ ഉള്‍പ്പെടുന്നതാണ് മൂന്നംഗ കേന്ദ്ര വിദഗ്ധ സംഘം മുതലപ്പൊഴിയിലെത്തി. മന്ത്രി വി മുരളീധരന്റെ നേതൃത്വത്തിലായിരുന്നു സന്ദർശനം. മത്സ്യബന്ധന മേഖലയിലുള്ളവരുമായിട്ടും മത്സ്യത്തൊഴിലാളികളുമായും സംസാരിച്ച് അവരുടെ അഭിപ്രായം കേട്ടതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാരുമായി കൂടിയാലോചിച്ചു ശാശ്വതമായ പരിഹാരത്തിന് ശ്രമിക്കുമെന്ന് മുരളീധരൻ വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *