
ലോകത്തിന്റ വിവിധ ഭാഗങ്ങളില്‍ നിന്ന് അല്ലാഹുവിന്റെ വിളിക്കുത്തരം നല്‍കി ഒഴുകിയെത്തിയ രണ്ടര ദശ ലക്ഷം പേര്‍ അണിനിരന്ന അറഫാ സംഗമം പൂര്‍ത്തിയായി. ലബ്ബൈക്ക് വിളികളാല്‍ മുഖരിതമായ അറഫാ സംഗമം ചൊവ്വാഴ്ച ഉച്ചയോടെയാണ് ആരംഭിച്ചത്. തൂവെള്ള വസ്ത്രമണിഞ്ഞ ഹജ്ജാജിമാരാല്‍ മസ്ജിദു നമിറയും ജബലുറഹ്മയുടെ പരിസരവും അക്ഷരാര്‍ത്ഥത്തില്‍ പാല്‍ക്കടലായി മാറി. ഇവിടെ വച്ച് ളുഹര്‍, അസര്‍ നമസ്‌കാരങ്ങള്‍ ജംഅും ഖസ്വ്‌റുമാക്കി നമസ്‌കരിച്ച ഹാജിമാര്‍ പ്രാര്‍ഥനകളാല്‍ തങ്ങളുടെ ഹൃദയം വിശുദ്ധമാക്കി. സൗദിയിലെ പ്രമുഖ പണ്ഡിതനായ ഡോ. യൂസുഫ് ബിന്‍ മുഹമ്മദ് ബിന്‍ സഈദാണ് അറഫാ ദിന സന്ദേശം നല്‍കിയത്. മലയാളം ഉള്‍പ്പെടെ 20 ഭാഷകളിലേക്ക് ഖുത്വുബയുടെ വിവര്‍ത്തനം നല്‍കിയിരുന്നു. ഹജ്ജിന്റെ ആത്മാവ് എന്നറിയപ്പെടുന്ന അറഫാ സംഗമം ലോകത്തിലെ ഏറ്റവും വലിയ മനുഷ്യ സംഗമമായാണ് വിശേഷിപ്പിക്കപ്പെടുന്നത്. ഹജ്ജാജിമാരുടെ എണ്ണം ഇത്തവണ റെക്കോഡ് തിരുത്തിയിട്ടുണ്ട്. 25 ലക്ഷത്തോളം പേരാണ് ഇത്തവണ ഹജ്ജ് കര്‍മത്തിനെത്തിയത്.