
പ്രതിപക്ഷ നേതാക്കളെ അപകീർത്തിപ്പെടുത്താൻ മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് ഗൂഢാലോചന നടന്നതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കെ. സുധാകരനെതിരെ വൃത്തികെട്ട ആരോപണമുന്നയിച്ച ദേശാഭിമാനിക്കും എം.വി ഗോവിന്ദനുമെതിരെ കേസെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഗോവിന്ദൻ സൂപ്പർ ഡി.ജി.പിയാകേണ്ടെന്നും അദ്ദേഹത്തിന്റെ ഭാഷ വളരെ വൃത്തികെട്ടതാണെന്നും കന്റോൺമെന്റ് ഹൗസിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മോൻസൺ മാവുങ്കൽ പീഡിപ്പിക്കുമ്പോൾ കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ അവിടെയുണ്ടായിരുന്നെന്ന് പെൺകുട്ടി മൊഴി നൽകിയിയെന്ന് ദേശാഭിമാനി വാർത്ത നൽകിയിരുന്നു. ഇതിന് പിന്നാലെ സി.പി.എം സെക്രട്ടറി എം.വി ഗോവിന്ദനും ഇതേ വാർത്തയിലെ ആരോപണം ആവർത്തിച്ചു. ഇത്തരത്തിൽ ഒരു മൊഴിയുണ്ടെന്ന് ക്രൈംബ്രാഞ്ചിൽ നിന്നും തനിക്ക് വിവരം കിട്ടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പേരിനെങ്കിലും ആഭ്യന്തരവകുപ്പിന്റെ തലപ്പത്ത് മുഖ്യമന്ത്രിയുള്ളപ്പോൾ ആഭ്യന്തരമന്ത്രി ചമയുകയും സൂപ്പർ ഡി.ജി.പി കളിക്കകയും ചെയ്യുകയാണ് എം.വി ഗോവിന്ദൻ. ക്രൈംബ്രാഞ്ച് റിപ്പോർട്ട് ചെയ്യുന്നത് എം.വി ഗോവിന്ദനോടാണോ എന്ന് സതീശൻ ചോദിച്ചു.മുഖ്യമന്ത്രിയുടെ ഓഫീസും പാർട്ടിയിലെ ചില കേന്ദ്രങ്ങളും ചേർന്നാണ് വ്യാജവാർത്തയുണ്ടാക്കിയത്. എം.വി ഗോവിന്ദൻ അതിൽ വന്ന് വീഴുകയായിരുന്നു. പ്രതിപക്ഷ നേതാക്കളെ കള്ളക്കേസിൽ കുടുക്കാൻ സി.പി.എം ശ്രമിക്കുന്നുവെന്നതിന്റെ ഹീനമായ ഉദാഹരണമാണ് ദേശാഭിമാനിയിൽ വന്ന വാർത്തയും ഗോവിന്ദൻ അത് ഏറ്റുപിടിച്ചതും. രാഷ്ട്രീയ എതിരാളികളെ കേസിൽപ്പെടുത്താൻ ഏത് ഹീനമായ മാർഗവും സി.പി.എം സ്വീകരിക്കും. സി.പി.എം സൈബർ ഗുണ്ടകൾ നടത്തുന്ന ആക്രമണത്തിന് സമാനമായ രീതിയിലുള്ള പ്രസ്താവനയാണ് പാർട്ടി സെക്രട്ടറിയുടേത്. അദ്ദേഹം ആ സ്ഥാനത്ത് തുടരണമോയെന്ന് അവരുടെ പാർട്ടിയാണ് തീരുമാനിക്കേണ്ടത്. ഇല്ലാത്ത ഒരു സംഭവം ഉണ്ടെന്ന് പറഞ്ഞതിലൂടെ ക്രിമിനൽ കുറ്റമാണ് എം.വി ഗോവിന്ദൻ ചെയ്തിരിക്കുന്നത്.