
വ്യാജ ഡിഗ്രി വിവാദത്തിൽ കുറ്റാരോപിതനാ ആലപ്പുഴ ജില്ലാ എസ്എഫ്ഐ നേതാവ് നിഖിൽ തോമസിനെ പ്രതിരോധിക്കാനെത്തി വെട്ടിലായി എസ്എഫ്ഐ സംസ്ഥാന നേതൃത്വം. പിഎം ആർഷോയാണ് ഇന്ന് രാവിലെ വാർത്താ സമ്മേളനം വിളിച്ച് നിഖിൽ തോമസിന്റെ ഡിഗ്രി സർട്ടിഫിക്കറ്റ് വ്യാജമല്ലെന്നും ആരോപണത്തിൽ കഴമ്പില്ലെന്നും പ്രതികരിച്ചത്. വാർത്ത വ്യാജമെന്ന് പറഞ്ഞ ആർഷോ സർട്ടിഫിക്കറ്റുണ്ടെങ്കിൽ ഹാജരാക്കാനും വെല്ലുവിളിച്ചിരുന്നു. നിഖിൽ കലിംഗയിൽ 2018 മുതൽ 2021 വരെ റഗുലർ വിദ്യാർത്ഥിയായിരുന്നുവെന്നാണ് എസ്എഫ്ഐ നേതാവ് ആർഷോ പറഞ്ഞത്. നിഖിലിന്റെ സർട്ടിഫിക്കറ്റുകളും രേഖയും പരിശോധിച്ചു. എല്ലാ രേഖയും ഒറിജിനലാണ്. അത് വ്യാജ ഡിഗ്രിയല്ല എന്നായിരുന്നു ആർഷോയുടെ വാദം. ഇതിന് പിന്നാലെ നിഖിൽ തോമസിനെതിരെ കലിംഗ സർവകലാശാല രംഗത്ത് വന്നിരുന്നു. നിഖില്‍ തോമസ്‍ എന്ന വിദ്യാര്‍ത്ഥി സർവകലാശാലയില്‍ പഠിച്ചിട്ടില്ല, ഇക്കാര്യം പരിശോധിച്ചുവെന്നും കലിംഗ സർവകലാശാല രജിസ്ട്രാർ പറഞ്ഞു. നിഖില്‍ തോമസിനെതിരെ നിയമനടപടിയെടുക്കുമെന്ന് രജിസ്ട്രാർ സന്ദീപ് ഗാന്ധി. മാധ്യമവാർത്തകള്‍ ശ്രദ്ധയില്‍പ്പെട്ടതിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധിച്ചതെന്നും കലിംഗ രജിസ്ട്രാർ കൂട്ടിച്ചേർത്തു.