
കുണ്ടറയ്ക്ക് സമീപം കേരളപുരത്ത് ട്രെയിന്‍ തട്ടി ആണ്‍കുട്ടിയും പെണ്‍കുട്ടിയും മരിച്ച നിലയില്‍. കേരളപുരം മാമ്പുഴ കോളശേരി സ്വദേശി കാര്‍ത്തിക്(15), പുത്തന്‍കുളങ്ങര സ്വദേശി മാളവിക(15) എന്നിവരാണ് മരിച്ചത്. കൊല്ലം-ചെങ്കോട്ട പാതയിലാണ് സംഭവം ഉണ്ടായത്.ശനിയാഴ്ച രാത്രി 8.50ന് കേരളപുരം മാമൂടിന് സമീപമാണ് ഇരുവരും ട്രെയിന്‍ തട്ടി മരിച്ചത്. പുനലൂരില്‍നിന്ന് കൊല്ലത്തേക്ക് പോയ മെമു ട്രെയിന്‍ തട്ടിയാണ് അപകടം. ഇരുവരും ട്രെയിനിന് മുന്നിലേക്ക് ചാടുകയായിരുന്നുവെന്നാണ് അധികൃതര്‍ പറയുന്നത്. അപകടമുണ്ടായ ഉടന്‍ ട്രെയിന്‍ നിര്‍ത്തി ലോക്കോ പൈലറ്റ് പൊലീസിന് വിവരം അറിയിച്ചു. ട്രെയിന്‍ ഒരു മണിക്കൂറോളം സംഭവസ്ഥലത്ത് നിര്‍ത്തിയിട്ടുണ്ട്. ട്രെയിന്‍ കുണ്ടറ സ്റ്റേഷന്‍ പിന്നിട്ട് അല്‍പസമയത്തിനകമാണ് അപകടം ഉണ്ടായത്.പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ കൊല്ലം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കുശേഷം മൃതദേഹങ്ങള്‍ ഇന്ന് ഇരുവരുടെയും ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. കുട്ടികളുടെ ബന്ധുക്കളുടെ മൊഴി പൊലീസ് രേഖപ്പെടുത്തും.