
ഡല്‍ഹിയിലെ ആര്‍കെ പുരത്തുണ്ടായ വെടിവയ്പ്പില്‍ രണ്ടു സ്ത്രീകള്‍ കൊല്ലപ്പെട്ടു. ഇന്നു പുലര്‍ച്ചെ ആര്‍കെ പുരം അംബേദ്കര്‍ ഭസ്തിയിലാണ് സംഭവം. പിങ്കി (30), ജ്യോതി (29) എന്നിവരാണ് മരിച്ചത്. വെടിയേറ്റതിനു പിന്നാലെ ഇരുവരെയും എയിംസ് ട്രോമ സെന്ററില്‍ പ്രവേശിപ്പിച്ചെങ്കിലും മരണത്തിനു കീഴടങ്ങുകയായിരുന്നു. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ തമ്മിലുണ്ടായ തര്‍ക്കം കുടുംബവഴക്കില്‍ കലാശിച്ചതിനെ തുടര്‍ന്നാണ് വെടിവയ്പുണ്ടായതെന്ന് പറയപ്പെടുന്നു. മരിച്ച സ്ത്രീകളുടെ ബന്ധുക്കളായ രണ്ടു യുവാക്കള്‍ ചേര്‍ന്നാണ് വെടിവച്ചതെന്നാണ് സൂചന. കേസ് റജിസ്റ്റര്‍ ചെയ്‌തെന്നും അക്രമികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചെന്നും പൊലീസ് അറിയിച്ചു. വെടിവയ്പ്പിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.