
പ്രതിപക്ഷം അഴിമതിയെക്കുറിച്ചു പറയുമ്പോൾ തീപിടിത്തമുണ്ടാകുന്നതും സെക്രട്ടേറിയറ്റിൽ ഇടിമിന്നലേല്ക്കുന്നതും ക്യാമറ കേടാവുന്നതും പതിവാണെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു. ഇത് സർക്കാരിന്റെ സ്ഥിരം പരിപാടിയാണെന്നും സതീശൻ ചൂണ്ടിക്കാട്ടി.കോവിഡ് കാലത്തെ മരുന്ന് പർച്ചേസ് അഴിമതിയിൽ ലോകായുക്ത അന്വേഷണം നടത്തുന്നതിനിടെയാണ്മെഡിക്കൽ സർവീസസ് കോർപറേഷൻ കൊല്ലം ഗോഡൗണിൽ തീപിടിച്ചത്. പിന്നാലെ കോർപ്പറേഷൻ തിരുവനന്തപുരത്തെ ഗോഡൗണിലുമുണ്ടായ തീപിടിത്തം ദുരൂഹമാണ്. ലക്ഷക്കണക്കിന് രൂപയുടെ മരുന്നുകളാണ് കത്തി നശിച്ചത്. കോവിഡ് കാലത്ത് വാങ്ങിയ മരുന്നുകളും മെഡിക്കൽ സാമഗ്രികളും ഉൾപ്പെടെയുള്ളവ കത്തി നശിച്ചിട്ടുണ്ടെന്നാണ് പ്രഥമിക വിവരം. 2014-ൽ കാലാവധി കഴിഞ്ഞ മരുന്നുകളും ഉൾപ്പെട്ടിട്ടുണ്ട്. കൊല്ലത്തുണ്ടായതു പോലെ ബ്ലീച്ചിങ് പൗഡറിൽ നിന്നും തീപടർന്നെന്ന് പറയുന്നത് അവിശ്വസനീയമാണ്. മെഡിക്കൽ സാമഗ്രികൾ സൂക്ഷിക്കേണ്ട ഗോഡൗണുകളിൽ സ്വീകരിക്കേണ്ട യാതൊരു സുരക്ഷാ നടപടികളും ഏർപ്പെടുത്തിയില്ലെന്നത് ഗുരുതര കൃത്യവിലോപമാണ്. കോവിഡ് മറവിൽ 1032 കോടി രൂപയുടെ അഴിമതി നടത്തിയതിന് അന്നത്തെ ആരോഗ്യമന്ത്രിയും ഉദ്യോഗസ്ഥരും പ്രതികളായി നിൽക്കുന്ന കേസുമായി ബന്ധപ്പെട്ട തെളിവുകളാണ് നശിപ്പിക്കപ്പെട്ടത്.തുടർച്ചയായ തീപിടിത്തത്തിന് പിന്നിൽ എന്താണെന്നത് ഗൗരവത്തോടെ അന്വേഷിക്കണം.രണ്ട് വർഷത്തിനിടെ മെഡിക്കൽ സർവീസസ് കോർപറേഷനിൽ 9 പേരാണ് എം.ഡിമാരായി വന്നത്. ഇതൊന്നും കേട്ടുകേൾവിയില്ലാത്തതാണ്. കമ്മീഷൻ ലക്ഷ്യമിട്ട് ആവശ്യമുള്ളതിനേക്കാൾ മരുന്ന് വാങ്ങി സംഭരിക്കുകയെന്ന ജോലിയാണ് മെഡിക്കൽ സർവീസസ് കോർപറേഷൻ നടക്കുന്നത്. അഴിമതിക്ക് വേണ്ടി അവിടെ ഒരു സംഘം പ്രവർത്തിക്കുന്നുണ്ട്. കോവിഡ് കാലത്ത് നടന്ന അഴിമതിയിൽ ഉന്നതർക്ക് പങ്കുണ്ട്. അഴിമതിയുടെ കേന്ദ്രമാക്കി മെഡിക്കൽ സർവീസസ് കോർപറേഷനെ മാറ്റിയിരിക്കുകയാണ്. അതുകൊണ്ടാണ് എം.ഡിമാർ മാറിപ്പോകുന്നത്. രണ്ടു വർഷത്തിനുള്ളിൽ 9 എംഡിമാരാണ് വന്നു പോയത്. ഉന്നതർ കുടുങ്ങുമെന്നതിനാലാണ് മുൻ എം.ഡിക്കെതിരായ വിജിലൻസ് അന്വേഷണം പാതിവഴിയിൽ നിർത്തിയത്. ഒരു തീപിടിത്തം മാത്രമായി കേസ് രജിസ്റ്റർ ചെയ്താൽ പോര. തീപിടിത്തത്തെ കുറിച്ച് മാത്രമല്ല, അവിടെ നടക്കുന്ന എല്ലാ അഴിമതികളെ കുറിച്ചും അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.