
തമിഴ്നാട്ടില്‍ വ്യാജ മദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 18 ആയി. വില്ലുപുരം ജില്ലയിലെ മരക്കാനം സ്വദേശികളായ 13 പേരും ചെങ്കല്‍പട്ട് ജില്ലയിലെ മധുരാന്തകത്ത് അഞ്ച് പേരുമാണ് വ്യാജമദ്യം കഴിച്ച് മരിച്ചത്. തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍, കേസ് ക്രൈംബ്രാഞ്ച്-ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റിന് കൈമാറുകയും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു. വ്യാജമദ്യം കഴിച്ച് നിരവധിപേര്‍ ചികിത്സയില്‍ കഴിയുന്ന വില്ലുപുരം ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയും മുഖ്യമന്ത്രി ഇന്നലെ സന്ദര്‍ശിച്ചു.മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപയും ആശുപത്രിയില്‍ കഴിയുന്നവര്‍ക്ക് 50,000 രൂപയും നഷ്ടപരിഹാരം നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. വില്ലുപുരം ജില്ലയില്‍ 47 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്യുകയും വില്ലുപുരം എസ്പിയും രണ്ട് ഡിഎസ്പിമാരും ഉള്‍പ്പെടെ 10 പോലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു.