
അരിക്കൊമ്പനെ തളച്ചു; ശക്തമായ മഴയും കാറ്റും കോടമഞ്ഞും തീർത്ത വെല്ലുവിളികൾക്കിടയിലും ആനയെ ലോറിയിൽ കയറ്റി…ഒടുവിൽ രണ്ടാം ദിവസം മിഷൻ അരിക്കൊമ്പൻ വിജയം.ആദ്യ മയക്കുവെടിവച്ച് അഞ്ചുമണിക്കൂറുകൾ പിന്നിട്ട പരിശ്രമത്തിനൊടുവിൽ അരിക്കൊമ്പനെ വണ്ടിയിൽ കയറ്റി. ശക്തമായ മഴയും കാറ്റും കോടമഞ്ഞും ദൗത്യം ദുഷ്കരമാക്കിയിരുന്നു.നാല് കുങ്കിയാനകൾ ചേർന്ന് ആനയെ തള്ളിക്കയറ്റാൻ ശ്രമിക്കുന്നതിനിടെയാണ് മഴ പെയ്തത്.അനിമൽ ആംബുലൻസിന്റെ സമീപത്താണ് അരിക്കൊമ്പൻ നിന്നിരുന്നത്.ഏഴ് ഡോസ് മയക്കുവെടികൾ ഏറ്റിട്ടും ശൗര്യം വിടാത്ത കൊമ്പനെ കനത്ത വെല്ലുവിളികൾക്കിടയിലും അനിമൽ ആംബുലൻസിൽ കയറ്റുകയായിരുന്നു.ചിന്നക്കനാലിൽ സിമന്റ് പാലത്തിന് സമീപത്തുവച്ചാണ് അരിക്കൊമ്പനെ മയക്കുവെടിവച്ചത്.ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലായിരുന്നു ആദ്യ ഡോസ് മയക്കുവെടിവച്ചത്.വനം വകുപ്പ് ജീവനക്കാർ, ഡോ.അരുൺ സക്കറിയയുടെ നേതൃത്വത്തിൽ വെറ്ററിനറി സർജൻമാർ, കുങ്കിയാനകളുടെ പാപ്പാന്മാർ എന്നിവരുൾപ്പെടെ 150 പേരാണ് മിഷൻ അരിക്കൊമ്പനിൽ പങ്കെടുക്കുത്തത്.ചിന്നക്കനാൽ പഞ്ചായത്തിലും ശാന്തൻപാറ പഞ്ചായത്തിലെ 1,2,3 വാർഡുകളിൽ ഇന്നും നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.