പൈവളിഗെ രക്തസാക്ഷികളുടെയും അനശ്വര രക്തസാക്ഷി ഭാസ്‌കര കുമ്പളയുടെയും ധീരസ്‌മരണകളിരമ്പുന്ന തുളുനാടിന്റെ ഹൃദയഭൂമിയായ കുമ്പളയിൽനിന്നാരംഭിച്ച സിപിഐ എം ജനകീയ പ്രതിരോധ ജാഥയെ വരവേൽക്കാനെത്തിയത് ആയിരങ്ങൾ. മഞ്ചേശ്വരം മണ്ഡലത്തിലെ 17 ലോക്കലുകളിൽനിന്നായി വാഹനങ്ങളിലും മറ്റുമായാണ് പ്രവർത്തകരെത്തിയത്. പകൽ മൂന്നിനുതന്നെ സദസിലേക്ക് ജനങ്ങളുടെ പ്രവാഹമായിരുന്നു. ജില്ലയിലെ നാടൻപാട്ട് കലാകാരന്മാരുടെ സംഘടനയായ “നാട്ടുകലാകാരക്കൂട്ടം’ നേതൃത്വത്തിൽ ഉദയൻ കുണ്ടംകുഴിയും സംഘവും നാടൻപാട്ടിലൂടെയും വിപ്ലവ ഗാനങ്ങളിലൂടെയും ഉദ്‌ഘാടന പരിപാടിവരെ പ്രവർത്തകരെ ആവേശംകൊള്ളിച്ചു. പാർടി സംസ്ഥാന സെക്രട്ടറിയും ജാഥാ ലീഡറുമായ എം വി ഗോവിന്ദനെയും ജാഥാംഗങ്ങളെയും കുമ്പള സർക്കിളിൽനിന്ന് സ്വീകരിച്ചു. ലീഡറെ ജില്ലാ സെക്രട്ടറിയറ്റ് അംഗം വി വി രമേശൻ ഹാരമണിയിച്ചു. തുടർന്ന്, മുത്തുക്കുടകളേന്തിയ വനിതകളുടെയും ബാൻഡ് മേളത്തിന്റെയും അകമ്പടിയോടെ നേതാക്കളും പ്രവർത്തകരുംചേർന്ന് വരവേറ്റു.