EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



ഒമ്പത്‌ സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് കൂടി മാതൃശിശു സൗഹൃദ ആശുപത്രി അംഗീകാരം…

9 സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് കൂടി സംസ്ഥാന മാതൃശിശു സൗഹൃദ ആശുപത്രി ഇനിഷ്യേറ്റീവ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതായി മന്ത്രി വീണാ ജോര്‍ജ്. തിരുവനന്തപുരം എസ്എടി ആശുപത്രി (സ്‌കോര്‍ 92.36 ശതമാനം), തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി (97.72), പത്തനംതിട്ട ജനറല്‍ ആശുപത്രി (96.41), എറണാകുളം ജനറല്‍ ആശുപത്രി (96.57), മലപ്പുറം പൊന്നാനി സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി (90.9), നിലമ്പൂര്‍ ജില്ലാ ആശുപത്രി (94.48), മലപ്പുറം താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രി (86.18), കോഴിക്കോട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി (95.86), വയനാട് മാനന്തവാടി ജില്ലാ ആശുപത്രി (97.94) എന്നീ ആശുപത്രികളേയാണ് മാതൃശിശു സൗഹൃദ ആശുപത്രികളായി തെരഞ്ഞെടുത്തത്. കൂടുതല്‍ ആശുപത്രികളുടെ പരിശോധനയും സര്‍ട്ടിഫിക്കേഷനും നടന്നു വരുന്നതായും മന്ത്രി വ്യക്തമാക്കി.
അമ്മയ്ക്കും കുഞ്ഞിനും ഗുണനിലവാരവും സൗഹൃദവുമായ ആരോഗ്യപരിരക്ഷ ഉറപ്പാക്കുന്നതിനും മുലയൂട്ടല്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് സംസ്ഥാനത്തെ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ക്കായി മാതൃശിശു സൗഹൃദ ആശുപത്രി ഇനിഷ്യേറ്റീവ് പദ്ധതി ആരംഭിച്ചത്. ഇത്തരമൊരു സംരംഭം രാജ്യത്ത് ആദ്യമാണ്. പദ്ധതിയുടെ ഭാഗമായി ഇതുവരെ 25 സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ക്കാണ് സര്‍ട്ടിഫിക്കേഷന്‍ നല്‍കിയത്. വിവിധ ഘട്ടങ്ങളിലൂടെയുള്ള പരിശീലന പരിപാടികളും വിവിധ ഗുണനിലവാര സൂചികകളും അടിസ്ഥാനമാക്കിയുള്ള പരിശോധനകള്‍ നടത്തിയാണ് സര്‍ട്ടിഫിക്കേഷന്‍ നല്‍കുന്നത്. സംസ്ഥാന തലത്തില്‍ നിന്നുള്ള വിദഗ്ധ സംഘമാണ് ഗുണനിലവാര പരിശോധന നടത്തി സര്‍ട്ടിഫിക്കേഷന്‍ നല്‍കുന്നത്.
ശിശു മരണനിരക്ക് കുറയ്ക്കുന്നതിനും കുട്ടികളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുമായി വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നതിന്റെ ഭാഗമായാണ് മാതൃശിശു സൗഹൃദ ആശുപത്രി ഇനിഷ്യേറ്റീവ് പദ്ധതി നടപ്പിലാക്കിയത്. ഇതിന്റെ ഭാഗമായി സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ പ്രസവം നടക്കുന്ന ആശുപത്രികളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് പ്രത്യേകമായ ഗുണനിലവാര മാനദണ്ഡങ്ങള്‍ തയ്യാറാക്കി. ലോകാരോഗ്യ സംഘടന, യൂണിസെഫ് തുടങ്ങിയ അന്താരാഷ്ട്ര ഏജന്‍സികള്‍ മുന്നോട്ട് വച്ചിട്ടുള്ള ആശയങ്ങള്‍ ഏകോപിപ്പിച്ചുള്ള ക്വാളിറ്റി സ്റ്റാന്റേഡുകള്‍ അനുസരിച്ചുള്ള സര്‍ട്ടിഫിക്കേഷനാണ് നല്‍കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *