വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനെതിരേ മൽസ്യത്തൊഴിലാളികൾ നടത്തുന്ന സമരം രൂക്ഷമായിരിക്കെ, സർക്കാർ വിളിച്ച സർവകക്ഷി യോഗം ഇന്ന് നടക്കും. ഉച്ചയ്ക്ക് 2 ന് സെക്രട്ടേറിയറ്റിൽ വെച്ചാണ് യോഗം. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള മന്ത്രിമാരായ വി ശിവൻകുട്ടി, ആന്റണി രാജു, ജി ആർ അനിൽ എന്നിവർക്ക് പുറമെ കലക്ടറും തിരുവനന്തപുരം മേയറും സമരത്തിന് നേതൃത്വം നൽകുന്ന ലത്തീൻ അതിരൂപതയുമായി ചർച്ച നടത്തും. ഫിഷറീസ് മന്ത്രി വി അബ്ദു റഹിമാനും പങ്കെടുത്തേക്കും. പുനരധിവാസ പദ്ധതികളടക്കം അതിരൂപതയുടെ ആവശ്യങ്ങൾ ഓരോന്നും പ്രത്യേകമായി ചർച്ചക്കെടുക്കും. അതേസമയം വിഴിഞ്ഞം തുറമുഖ സമരം നിയമസഭയിൽ ഉന്നയിക്കാനൊരുങ്ങുകയാണ് പ്രതിപക്ഷം. ഇന്ന് അടിയന്തര പ്രമേയമായി വിഷയം നിയമസഭയിൽ എത്തിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.