കേരളസമൂഹത്തേയും സംസ്കാരത്തേയും സൃഷ്ടിക്കുന്നതിലും പുനഃസൃഷ്ടിക്കുന്നതിലും കേരളത്തിന് അകത്തുള്ളവർക്ക് എന്നപോലെ പുറത്തുള്ളവർക്കും വലിയ പങ്കുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ…

കേരളസമൂഹത്തേയും സംസ്കാരത്തേയും സൃഷ്ടിക്കുന്നതിലും പുനഃസൃഷ്ടിക്കുന്നതിലും കേരളത്തിന് അകത്തുള്ളവർക്ക് എന്നപോലെ പുറത്തുള്ളവർക്കും വലിയ പങ്കുണ്ട്. അതുകൊണ്ട് കേരളത്തെ ലോക കേരളമായി പുനർവിഭാവനം ചെയ്യേണ്ടതുണ്ട്. നവകേരള സൃഷ്ടിയിൽ എല്ലാ കേരളീയർക്കും ഒത്തൊരുമയോടെ മുന്നോട്ടുനീങ്ങാൻ കഴിയണം.
അകം കേരളവും പുറം കേരളവും തമ്മിലുള്ള ഒത്തൊരുമ വളർത്താൻ നിരവധി മാർഗങ്ങളുണ്ട്. എന്നാൽ അവയുടെ എല്ലാം കേന്ദ്ര സ്ഥാനത്താണ് ലോക കേരള സഭയുടെ സ്ഥാനം. കാരണം അത് പ്രവാസി കേരളീയർക്ക് ഭാവി കേരളത്തേക്കുറിച്ചുള്ള അവരുടെ കാഴ്ചപ്പാടുകൾ മുന്നോട്ടുവയ്ക്കാനുള്ള ജനാധിപത്യ വേദിയാണ്. നല്ല പൊതു അംഗീകാരം ഇപ്പോൾ വന്നു കഴിഞ്ഞു.ലോക കേരള സഭയുടെ ആദ്യ സമ്മേളനം നടന്നപ്പോൾ അതിനെതിരെ ചില കേന്ദ്രങ്ങളിൽ നിന്ന് എതിർപ്പ് ഉയർന്നുവന്നിരുന്നു എന്നു നിങ്ങൾക്കറിയാം. എതിർപ്പും പരിഹാസവുമൊക്കെയുണ്ടായി. സഭയിൽ പങ്കെടുക്കാനെത്തിയ ബഹുമാന്യരായ അംഗങ്ങളെ വളരെ മോശമായി ചിത്രീകരിക്കുന്ന നിലവരെയുണ്ടായി.
ലോക കേരള സഭയോടുള്ള എതിർപ്പിന്റെ കാര്യത്തിലും ഇപ്പോൾ നല്ല അയവ് വന്നിട്ടുണ്ട്. എന്നുമാത്രമല്ല, ലോക കേരള സഭയുടെ ഫലപ്രദമായ പ്രവർത്തനം അനുഭവങ്ങളിലൂടെ അറിയുന്ന ജനങ്ങൾ എതിർപ്പുകളെ വകവെച്ചുകൊടുക്കില്ല എന്ന അവസ്ഥ ഉണ്ടാവുക കൂടി ചെയ്തു. ഇതും എതിർപ്പു കുറയാൻ കാരണമാണ്.
അടുത്ത കാലത്ത് കേന്ദ്ര സർക്കാർ തന്നെ മറ്റ് സംസ്ഥാനങ്ങളോട് ലോക കേരള സഭ അനുകരണീയമായ മാതൃകയാണ് എന്ന് ചൂണ്ടിക്കാണിക്കുകയുണ്ടായി.ചൈനയെപ്പോലെ ഇന്ത്യയും ലോകത്തെ ഏറ്റവും വലിയ പ്രവാസി സമൂഹമുള്ള രാജ്യമാണ്. ഇന്ത്യൻ പ്രവാസി സമൂഹത്തെ ചേർത്തു പിടിക്കാൻ തയ്യാറായാൽ അത് രാജ്യത്തിന്റെ വളർച്ചയ്ക്ക് ഏറെ സഹായകരമാവും. പ്രവാസി ദിവസ് പോലെയുള്ള ചടങ്ങുകളെക്കാൾ കൂടുതൽ പ്രായോഗികമായി പ്രവാസികളെ ചേർത്തു പിടിക്കേണ്ട നടപടികൾ കാലം മാറുമ്പോൾ കേന്ദ്ര സർക്കാരിനും സ്വീകരിക്കേണ്ടിവരും.
ചൈനയുടെ അത്ഭുതകരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന വളർച്ചയിൽ ചൈനീസ് പ്രവാസിസമൂഹം വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ചൈനയിൽ നിന്നും വലിയ തോതിൽ വിദ്യാർത്ഥികളും, ഗവേഷകരും സാങ്കേതിക വിദഗ്ദ്ധരും പുറം രാജ്യങ്ങളിലേക്ക് കുടിയേറിയിട്ടുണ്ട്. അതിന്റെ നഷ്ടം നികത്താനും പ്രവാസത്തെ അവസരമാക്കാനും ശ്രദ്ധേയമായ പല പരിപാടികളും ആരംഭിക്കാൻ അവർക്ക് കഴിഞ്ഞു.
ചൈനയുടെ “ചുൺഹൂയ്’ പദ്ധതി ഇക്കാര്യത്തിൽ ലോക പ്രശസ്തമാണ്. വിദേശത്ത് വിദ്യാഭ്യാസത്തിനും ഗവേഷണത്തിനും ജോലിക്കുമായി പോയ ചൈനാക്കാരെ താൽക്കാലികമായോ സ്ഥിരമായോ തിരിച്ചെത്തിച്ച് പുതിയ സാങ്കേതികവിദ്യകളും വൈദഗ്ദ്ധ്യവും ആവശ്യമായ ഉത്പാദന മേഖലകൾ ആത്യ ന്തികമായി വികസിപ്പിക്കാനുള്ള പദ്ധതിയാണ് “ചുൺഹൂയ് 7′ പദ്ധതി. ചൈനയിലെ വിജ്ഞാനാധിഷ്ഠിത വ്യവസായങ്ങളെ ഇൗ പദ്ധതി വലിയ തോതിൽ ഉത്തേജിപ്പിച്ചു എന്നാണ് പഠനങ്ങൾ വെളിവാക്കുന്നത്. ഈ പദ്ധതി ചൈനയിലെ ഗവേഷണ സ്ഥാപനങ്ങൾക്കും സർവകലാശാലകൾക്കും വലിയ നേട്ടമുണ്ടാക്കിയതായും രേഖപ്പെടുത്തിയിട്ടുണ്ട്.
“ചുൺഹൂയ്’ പദ്ധതിക്ക് സമാനമായ നിർദേശങ്ങൾ ലോക കേരള സഭയിലും ഉയർന്നുവന്നിട്ടുണ്ട്. കേരളത്തിൽ നിന്നുള്ള പ്രവാസികളുടെ അറിവും അനുഭവജ്ഞാനവും വൈദഗ്ദ്ധ്യവും വിജ്ഞാനസമൂഹമായി വളരാനുള്ള കേരളത്തിന്റെ പരിശ്രമത്തെ സഹായിക്കും എന്ന കാര്യത്തിൽ സംശയമില്ല. 2027-28 മുതൽ ആരംഭിക്കുന്ന കേരളത്തിന്റെ പതിനഞ്ചാം പഞ്ചവത്സര പദ്ധതിയിൽ പ്രവാസവുമായി ബന്ധപ്പെട്ട ഇത്തരം പ്രോജക്ടുകൾ ഉൾപ്പെടുത്താൻ കഴിയണം.
ലോക കേരള സഭയുടെ നാലാം സമ്മേളനത്തിൽ വന്ന നിർദേശങ്ങളെക്കുറിച്ചും എടുത്ത തുടർ നടപടികളെക്കുറിച്ചും ഇവിടെ നടക്കുന്ന സഭാ സമ്മേളനം ചർച്ച ചെയ്യും എന്നതുകൊണ്ട് അതിന്റെ വിശദാംശങ്ങളിലേക്ക് ഇവിടെ കടക്കുന്നില്ല.കഴിഞ്ഞ സമ്മേളനത്തിൽ പ്രതിനിധികൾ മുമ്പോട്ടുവച്ച നിർദേശങ്ങളിൽ നടപ്പാക്കാൻ സാധ്യമായ 28 എണ്ണം ലോക കേരള സഭാ സ്റ്റാന്റിങ് കമ്മിറ്റി തെരഞ്ഞെടുത്തു. അതിൽ 10 എണ്ണം നടപ്പാക്കി. 13 എണ്ണം നടപ്പാക്കിവരുന്നു. 5 എണ്ണം വിദേശകാര്യ വകുപ്പിന്റെ ശ്രദ്ധയിൽപ്പെടുത്തേണ്ടവയാണ്. അതു ചെയ്തിട്ടുണ്ട്.

പ്രവാസി മിഷൻ സ്ഥാപിക്കുമെന്നു പ്രഖ്യാപിച്ചു. അത് ചെയ്തു. തിരിച്ചുവരുന്ന പ്രവാസികളുടെ സാമ്പത്തിക പുനഃസംയോജനം, സംരംഭകത്വം, നോർക്കയുടെ വികേന്ദ്രീകരണം, പുനരധിവാസ പദ്ധതികളുടെ ആസൂത്രണം, എന്നിവ മുൻനിർത്തിയുള്ളതാണ് മിഷൻ. മറ്റൊന്ന് നോർക്കാ കെയർ എന്ന സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതിയാണ്. രാജ്യത്ത് ആദ്യമായി നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതിയിൽ ലോകമെങ്ങുമുള്ള പ്രവാസികൾക്ക് ബാധകമാകുന്ന ഒന്നാണിത്. പ്രവാസി രംഗത്തെ ഏറ്റവും വലിയ ആഗോള പദ്ധതിയാണിത്.
വിദേശ റിക്രൂട്ട്മെന്റ് തട്ടിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കു നോർക്ക പോലീസ് സ്റ്റേഷൻ സ്ഥാപിക്കുന്നുണ്ട്. നിലവിലെ എൻ ആർ ഐ പോലീസ് സ്റ്റേഷന് ഉപരിയായി നേരിട്ട് എഫ് ഐ ആർ രജിസ്റ്റർ ചെയ്യാൻ സാധിക്കുന്ന സംവിധാനമാണിത്. പഠനസംബന്ധമായ സമഗ്ര ഓൺലൈൻ സംവിധാനം, സ്റ്റുഡന്റ് മൈഗ്രേഷൻ പോർട്ടൽ എന്നിവ പൂർത്തിയായി. വിദേശ രാജ്യങ്ങളിൽ ഹെൽപ്പ് ഡെസ്ക്കുകൾ സ്ഥാപിച്ചു. ആദ്യ ഘട്ടത്തിൽ കാനഡയിലെ അമ്പതിൽപ്പരം സംഘങ്ങളെ ഒരുമിപ്പിച്ചുകൊണ്ട് നോർക്ക കാനഡ കോ-ഓർഡിനേഷൻ കൗൺസിൽ രൂപീകരിച്ചു.
ഓൺലൈനിലൂടെയുള്ള സൗജന്യ മാനസികാരോഗ്യ കൺസൾട്ടേഷൻ സംവിധാനം, വികസന കാര്യങ്ങളിൽ പ്രവാസി മലയാളി പ്രൊഫഷണലുകൾക്ക് ഇടപെടാനുള്ള സംവിധാനം എന്നിവ ആരംഭിച്ചു. നോർക്ക പ്രൊഫഷണൽ ആൻഡ് ബിസിനസ് ലീഡർഷിപ്പ് മീറ്റ് നടത്തി. നോർക്ക വിമൻ സെല്ലിന്റെ രൂപീകരണം അടക്കം വേറെയുമുണ്ട് നടപ്പാക്കിയ പദ്ധതികൾ.
എജ്യൂക്കേഷൻ കൺസൾട്ടൻസികളെ നിയന്ത്രിക്കുന്നതിനുള്ള ബില്ല് വേണമെന്ന നാലാം ലോക കേരള സഭയുടെ ആവശ്യം മുൻനിർത്തിയുള്ള നിയമനിർമ്മാണം അവസാന ഘട്ടത്തിലാണ്. പ്രതിനിധികൾ നേരിട്ട് സമർപ്പിച്ച പ്രൊപ്പോസലുകൾ നടപ്പാക്കാനുള്ള ശ്രമങ്ങൾ തുടരുന്നു.പ്രവാസത്തിന്റെ ഭാവിയെപ്പറ്റി ഒന്ന്-രണ്ട് കാര്യങ്ങൾ കൂടി സൂചിപ്പിക്കാനാണ് ആഗ്രഹിക്കുന്നത്. അനിശ്ചിതത്വം എല്ലാ കാലത്തും കുടിയേറ്റത്തിന്റെയും പ്രവാസത്തിന്റെയും ഭാഗമായിരുന്നു. എന്നാൽ ആഗോളതലത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങൾ, അനിശ്ചിതത്വം വരും ഘട്ടങ്ങളിൽ കൂടുതൽ വർദ്ധിപ്പിക്കും എന്നാണ് സൂചന. അമേരിക്കയും പാശ്ചാത്യ രാജ്യങ്ങൾ പൊതുവെയും കുടിയേറ്റ സമൂഹങ്ങളോട് കാണിക്കുന്ന അസഹിഷ്ണുത വർദ്ധിക്കുന്നതായാണ് കാണുന്നത്.
പാശ്ചാത്യ രാജ്യങ്ങൾക്ക് കുടിയേറ്റ സമൂഹങ്ങളെ പൂർണമായും ഒഴിവാക്കാനാവില്ല. എന്നാൽ, അവരുടെ അവകാശങ്ങൾ നിഷേധിക്കുന്ന സ്ഥിതി തുടരും. ഐക്യരാഷ്ട്ര സംഘടനയും മറ്റ് ആഗോള സംഘടനകളും സാർവ്വദേശീയ കരാറുകളും ദുർബലമാവുകയാണ്. അന്തർദേശീയ വ്യവസ്ഥയ്ക്ക് നേതൃത്വം കൊടുത്തിരുന്ന വൻശക്തി രാജ്യങ്ങൾ തന്നെ അതിനെ ദുർബലപ്പെടുത്തുന്നതായാണ് കാണുന്നത്.
ലോകക്രമത്തിലെ ഈ ക്രമരാഹിത്യം പ്രവാസിസമൂഹത്തേയും പ്രതികൂലമായി ബാധിക്കും. പ്രവാസികളോടുള്ള സമീപനത്തിൽ മാറ്റം വരുന്നു എന്നുതന്നെ കാണണം. അനിശ്ചിതത്വം വർദ്ധിക്കുന്ന ഇതുപോലെയുള്ള സന്ദർഭങ്ങളിലാണ് മാതൃരാജ്യത്തെ ഭരണകൂടത്തിന്റെ ഉത്തരവാദിത്വം വർദ്ധിക്കുന്നത്. അനിശ്ചിതത്വത്തിൽ നിന്നും പ്രവാസിസമൂഹത്തെ രക്ഷിക്കാനും ചേർത്തുപിടിക്കാനുമുള്ള ഉത്തരവാദിത്വം രാജ്യത്തിനുണ്ട്. ആ ഒരു കടമയാണ് നമ്മുടെ സംസ്ഥാനം നിർവഹിക്കുന്നത്.
ആതിഥേയ രാജ്യങ്ങൾ പ്രവാസികളുടെ മനുഷ്യാവകാശങ്ങളും തൊഴിലവകാശങ്ങളും നിഷേധിക്കുന്നതിനെതിരെ ജാഗ്രത പുലർത്താനും ആവശ്യമെങ്കിൽ എതിർക്കാനും ബാധ്യതയുണ്ട്. ഒപ്പം നാടുമായുള്ള ബന്ധം ശക്തമായി നിലനിർത്താൻ പ്രവാസികളും തയ്യാറാവണം. തിരിച്ചു നാട്ടിൽ വരുമ്പോൾ പ്രവാസികളെ പുനരധിവസിപ്പിക്കാൻ നാട്ടിലെ സർക്കാരുകൾക്ക് കൃത്യമായ പദ്ധതികൾ ഉണ്ടാവണം. അതുപോലെ നാട്ടിൽ വന്നാൽ നാട്ടിലെ ജീവിതവുമായി ഇഴുകിച്ചേർന്ന് ജീവിതം കെട്ടിപ്പടുക്കാനുള്ള തയ്യാറെടുപ്പ് പ്രവാസികളുടെ ഭാഗത്തും ഉണ്ടാവണം.നാട്ടിലും പ്രവാസികൾക്ക് ഒരു നിലപാടുതറ വേണം. നാടുമായിട്ടുള്ള ബന്ധം നിലനിർത്താനും കഴിവുള്ളവർ ഇവിടെ നിക്ഷേപം നടത്താനും സംരംഭങ്ങൾ വികസിപ്പിക്കാനും ശ്രമിക്കാവുന്നതാണ്. അതിനു സഹായകരമായ നയങ്ങൾ ഇവിടെ സ്വീകരിക്കുന്നുണ്ട്. അത് സ്വീകരിക്കാൻ രാജ്യവും തയ്യാറാവണം. കേരള സർക്കാരിന്റെ എല്ലാ വികസന-ക്ഷേമ വകുപ്പുകളും പ്രാദേശിക ഗവൺമെന്റുകളും പ്രവാസിമിഷൻ പോലെയുള്ള സംവിധാനവുമായി സഹകരിക്കും. പ്രവാസിമിഷൻ എല്ലാ പുനരധിവാസ പ്രവർത്തനങ്ങളെയും ഏകോപിപ്പിക്കും.
