ഇലവന്തൂരിൽ റോസ്ലിയ്ക്കും പത്മത്തിനും മുൻപ് രണ്ടുസ്ത്രീകളെ എത്തിച്ച് കൊല്ലാൻ ശ്രമിച്ചതെയി മൊഴി നൽകി പ്രതികൾ. ലോട്ടറി വില്പനക്കാരിയായ ആനപ്പാറ സ്വദേശി ആയിരുന്നു ആദ്യത്തെ ഇരയാകേണ്ടത്. ഇവരിൽ നിന്നും ലോട്ടറി മൊത്തമായി വാങ്ങിയാണ് ഒരു വർഷം മുമ്പ് ഷാഫി പരിചയപ്പെടുന്നത്. തിരുമ്മു കേന്ദ്രത്തിൽ 18,000 രൂപ ശമ്പളം കിട്ടുന്ന ജോലിയുണ്ടെന്ന് പറഞ്ഞ് ഇവരെ ഇലന്തൂരിലെത്തിക്കുകയായിരുന്നു.ആദ്യ ദിവസം 1000 രൂപ നൽകി. രണ്ടാമത്തെ ദിവസം തിരുമ്മൽ കഴിഞ്ഞു നിൽക്കുന്ന സമയത്ത് ദമ്പതികളായ ഭഗവൽസിംഗും ലൈലയും ഇവരെ വീട്ടിലേക്ക് ക്ഷണിച്ചു. വീടിനകത്ത് കയറിയതിന് ശേഷം ഇരുവരും ചേർന്ന് ഇവരെ കട്ടിലിലേക്ക് തള്ളിയിട്ട് കൈകൾ കെട്ടിയിട്ടു. കാലുകൾ കെട്ടാൻ തിരിഞ്ഞ സമയത്ത് കൈകളിലെ കെട്ടഴിച്ച് രക്ഷപ്പെടാൻ ശ്രമിച്ചു. ഇതിനിടയിൽ ഷാഫി മുഖത്തടിച്ചു. അടികൊണ്ട് നിലത്ത് വീണെങ്കിലും വീടിനകത്തുനിന്നും പുറത്തേക്ക് കടന്നു. അതേസമയം ലൈല അവരെ അനുനയിപ്പിച്ച് തിരികെ വിളിക്കാൻ ശ്രമിച്ചെങ്കിലും അവർ റോഡിൽ തന്നെ നിലയുറപ്പിക്കുകയായിരുന്നു. ശേഷം പരിചയമുള്ള ഓട്ടോ ഡ്രൈവറെ വിളിച്ച് അവിടെ നിന്ന് രക്ഷപ്പെട്ടു. വിദേശത്തുള്ള ഈ യുവതിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.പന്തളത്തുള്ള സ്വകാര്യ ഏജൻസി വഴി ലൈല വീട്ടുജോലിക്കെത്തിച്ച യുവതിയാണ് രണ്ടാമത്തെയാൾ. തൊട്ടടുത്ത ദിവസം തന്നെ ലൈംഗിക ചുവയോടെ പ്രതികൾ സംസാരിച്ചു. പിന്നീട് അവിടെ നിൽക്കുന്നത് പന്തിയെല്ലന്ന് തോന്നി അവരും രക്ഷപ്പെടുകയായിരുന്നു. അതേ സമയം തന്നെയാണ് വീടിനുമുന്നിൽ മാലിന്യക്കുഴിയെടുക്കുന്നതും. ഈ രണ്ട് ശ്രമങ്ങളും പരാജയപ്പെട്ടപ്പോഴാണ് ഷാഫി റോസ്ലിയേയും പത്മയേയും കുടുക്കിയതെന്നാണ് സൂചന.