
കരുനാഗപ്പള്ളിയില്‍ കുപ്രസിദ്ധ ഗുണ്ടാ നേതാവിനെ വീട്ടില്‍ കയറി വെട്ടിക്കൊന്നു. കരുനാഗപ്പള്ളി സ്വദേശിയും ജിം സന്തോഷ് എന്നു അറിയപ്പെടുന്നതുമായ സന്തോഷിനെയാണ് കൊലപ്പെടുത്തിയത്.ഗുണ്ടാപകയാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കഴിഞ്ഞ വര്‍ഷം നവംബറില്‍ മറ്റൊരു ഗുണ്ടാ നേതാവിനെ കുത്തിയ കേസില്‍ സന്തോഷ് റിമാന്‍ഡില്‍ ആയിരുന്നു. ജയിലില്‍ നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെയാണ് സന്തോഷിനെ കൊലപ്പെടുത്തുന്നത്.ഇന്ന് പുലർച്ചെ രണ്ടേകാലോടെയാണ് സംഭവം. വീട്ടില്‍ അമ്മയും സന്തോഷും മാത്രമാണ് ഉണ്ടായിരുന്നത്. കറണ്ട് ഓഫ് ചെയ്ത ശേഷം വീടിന് നേരെ തോട്ട എറിഞ്ഞ സംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. തുടർന്ന് കതക് തകർത്ത് അകത്ത് കയറിയ ശേഷമായിരുന്നു കൊലപാതകം. സന്തോഷിൻ്റെ കാല്‍ പൂർണ്ണമായും വെട്ടിമാറ്റിയ നിലയിലായിരുന്നു. രക്തംവാർന്ന് കിടന്നാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
