EN24TV

പോലീസും യൂത്ത് കോൺഗ്രസും തമ്മിലുള്ള സംഘർഷം…

എഡിജിപി എംആര്‍ അജിത്കുമാറിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തെ തുടര്‍ന്ന് അവസാനിപ്പിച്ചു. യൂത്ത് കോണ്‍ഗ്രസ് വൈ. പ്രസിഡന്റ് അബിന്‍ വര്‍ക്കിയെ പൊലീസ് വളഞ്ഞിട്ട് തല്ലിയതോടെ കോണ്‍ഗ്രസ് നേതാക്കള്‍ സ്ഥലത്തെത്തി. കോണ്‍ഗ്രസ് അധ്യക്ഷന്‍ കെ സുധാകരനും എം ലിജുവുമുള്‍പ്പെടെയുള്ള നേതാക്കള്‍ സ്ഥലത്തെത്തിയതോടെ പ്രതിഷേധം കനത്തു. പട്ടാളത്തെ ഇറക്കിയാലും പ്രതിഷേധത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് കെ സുധാകരന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

അബിന്‍ വര്‍ക്കിയെ തല്ലിയ കന്റോണ്‍മെന്റ് എസ് ഐ ആയ ഷിജുവിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം തുടരാന്‍ തീരുമാനിക്കുകയായിരുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാന്‍ ആവശ്യപ്പെട്ടതിനാലാണ് അബിന്‍ വര്‍ക്കിക്ക് നേരെ പൊലീസ് അതിക്രമമുണ്ടായതെന്നാണ് നേതാക്കള്‍ ആരോപിക്കുന്നത്. ഈ പൊലീസുകാരന് ഡിവൈഎഫ്‌ഐയുമായി ബന്ധമുണ്ടെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. പരിക്കേറ്റ അബിനെ ആശുപത്രിയിലേക്ക് മാറ്റി. പ്രദേശത്ത് സംഘര്‍ഷത്തിന് അയവു വന്നതോടെ പ്രവര്‍ത്തകര്‍ പ്രതിഷേധ സമരം അവസാനിപ്പിച്ചു. നിലവില്‍ സ്ഥലത്തുനിന്ന് പ്രവര്‍ത്തകര്‍ പിരിഞ്ഞു പോയി. അതേസമയം, പരിക്കേറ്റ മറ്റു പ്രവര്‍ത്തകരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Leave a Comment

Your email address will not be published. Required fields are marked *