EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



കാലോചിതമായ പരിഷ്കാരങ്ങളോടെ സഹകരണ മേഖല മുന്നോട്ട് പോകും: മന്ത്രി വി എൻ വാസവൻ

കേരളത്തിലെ ജനജീവിതത്തിന്റെ സമസ്ത മേഖലകളിലും ഇടപെടൽ നടത്തുന്ന സഹകരണ മേഖല, കാലോചിതമായ പരിഷ്കാരങ്ങളോടെ മുന്നോട്ട് പോകുമെന്ന് സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവൻ പറഞ്ഞു.
പോലീസ് സഹകരണ സംഘത്തിന്റെ നെടുമങ്ങാട് ശാഖ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.സഹകരണ മേഖലയിലെ അനഭിലഷണീയ പ്രവണതകൾ ചെറുക്കുന്നതിന് നിതാന്ത ജാഗ്രത പുലർത്തുമെന്നും അവ പരിഹരിക്കുന്നതിനുള്ള നടപടികൾ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. പൊതുജനങ്ങൾക്ക് കൂടി സഹായകരമാകുന്ന പ്രവർത്തനങ്ങൾ പോലീസ് സഹകരണ സംഘങ്ങൾ തുടരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.വളരെ ചുരുങ്ങിയ സമയം കൊണ്ട് പോലീസ് സഹകരണ സംഘങ്ങൾക്ക് ഉപഭോക്താക്കളെ നേടിയെടുക്കാൻ കഴിഞ്ഞതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ പറഞ്ഞു.നെടുമങ്ങാട് ടൗൺഹാളിൽ നടന്ന ചടങ്ങിൽ മന്ത്രി ജി.ആർ അനിൽ ആദ്യ നിക്ഷേപം സ്വീകരിച്ചു.ആദ്യ വായ്പ വിതരണം അടൂർ പ്രകാശ് എം.പി നിർവഹിച്ചു.ആദ്യ എം.ഡി.എസ് നറുക്കെടുപ്പ് നെടുമങ്ങാട് നഗരസഭാ ചെയർപേഴ്‌സൺ സി.എസ് ശ്രീജയും സ്വർണപണയ വായ്പയുടെ ഉദ്ഘാടനം തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി, കിരൺ നാരായണനും നിർവഹിച്ചു.പോലീസ് സഹകരണ സംഘത്തിന്റെ തിരുവനന്തപുരം ജില്ലയിലെ മൂന്നാമത്തെ ശാഖയാണ് നെടുമങ്ങാട് ഗവ.എൽ.പി സ്‌കൂളിന് സമീപമുള്ള കെട്ടിടത്തിൽ ആരംഭിച്ചത്. നെയ്യാറ്റിൻകരയിലും ആറ്റിങ്ങലുമാണ് മറ്റ് ശാഖകൾ പ്രവർത്തിക്കുന്നത്.

പോലീസ് സഹകരണ സംഘം നെടുമങ്ങാട് ബ്രാഞ്ചിന്റെ ഉദ്ഘാടനം

ഓണത്തിന് മുൻപ് ആയിരം കെ സ്റ്റോറുകൾ തുറക്കും :മന്ത്രി ജി ആർ അനിൽ
നെടുമങ്ങാട് താലൂക്കിൽ രണ്ട് കെ-സ്റ്റോറുകൾ കൂടി മുക്കോലയ്ക്കലും വേങ്കോടും കെ-സ്‌റ്റോർ മന്ത്രി ജി.ആർ അനിൽ ഉദ്ഘാടനം ചെയ്തുസർക്കാർ പൊതുവിതരണ സംവിധാനത്തെ കൂടുതൽ ജനസൗഹൃദമാക്കുകയെന്ന ലക്ഷ്യത്തോടെ നെടുമങ്ങാട് താലൂക്കിൽ പുതിയ രണ്ട് കേരളാ സ്റ്റോറുകൾ കൂടി പ്രവർത്തനം തുടങ്ങി.ഓണത്തിന് മുമ്പ് 1000 കെ സ്റ്റോറുകൾ തുറക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ പറഞ്ഞു. നെടുമങ്ങാട് താലൂക്കിലെ മുക്കോലയ്ക്കലും വേങ്കോടും കെ സ്റ്റോർ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ജനങ്ങൾ ആശ്രയിക്കുന്ന ദൈനംദിന സേവനങ്ങളും സാധനങ്ങളും റേഷൻ കടകളിലൂടെ ലഭ്യമാക്കുകയാണ് കെ സ്റ്റോറുകളുടെ പ്രവർത്തനത്തിലൂടെ ഉദ്ദേശിക്കുന്നത്. കെ സ്റ്റോറുകൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികളുമായി മുന്നോട്ടു പോകും. അമിതമായ വിലവർധനക്കെതിരെയുള്ള സർക്കാരിന്റെ ഇടപെടലുകളാണ് കെ സ്റ്റോറുകളെന്നും മന്ത്രി പറഞ്ഞു.നെടുമങ്ങാട് മുനിസിപ്പാലിറ്റി പരിധിയിൽ മുക്കോലയ്ക്കലുള്ള 260 നമ്പർ റേഷൻകടയും , കരകുളം ഗ്രാമപഞ്ചായത്തിലെ വേങ്കോട് സ്ഥിതിചെയ്യുന്ന 70 നമ്പർ റേഷൻ കടയുമാണ് കെ-സ്റ്റോറുകളായി മാറ്റിയത്.പശ്ചാത്തലസൗകര്യം വികസിപ്പിച്ചും ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് കൂടുതൽ സേവനങ്ങൾ ഒരുക്കിയുമാണ് റേഷൻ കടകളെ കെ-സ്‌റ്റോറുകളാക്കുന്നത്.നിലവിൽ റേഷൻ കാർഡുകൾക്ക് ലഭിക്കുന്ന ഭക്ഷ്യധാന്യങ്ങൾക്ക് പുറമേ ശബരി ,മിൽമ ഉത്പന്നങ്ങളും അഞ്ച് കിലോ തൂക്കമുള്ള ഛോട്ടു ഗ്യാസ് സിലിണ്ടറുകളും കെ-സ്റ്റോറുകളിൽ ലഭിക്കും. ഇലക്ട്രിസിറ്റി ബിൽ, ടെലഫോൺ ബിൽ എന്നിവയുടെ അടവ്, പഞ്ചായത്ത് വില്ലേജ്-സപ്ലൈ ഓഫീസുകളിൽ നിന്നുള്ള ഓൺലൈൻ സേവനങ്ങൾ ഉൾപ്പെടെ 52 ഇനം സേവനങ്ങൾ, 10,000 രൂപ വരെയുള്ള ബാങ്കിങ് സൗകര്യങ്ങൾ എന്നിവയും കെ-സ്‌റ്റോറിലുണ്ട്.മൂന്ന് ഘട്ടങ്ങളിലായി നെടുമങ്ങാട് താലൂക്കിൽ 22 റേഷൻ കടകളെ കെ-സ്‌റ്റോറുകളായി മാറ്റിയിട്ടുണ്ട്. നാലാം ഘട്ടത്തിൽ 15 റേഷൻ കടകളാണ് കെ-സ്‌റ്റോറുകളായി മാറുന്നത്.മുക്കോലക്കൽ നടന്ന ചടങ്ങിൽ നെടുമങ്ങാട് നഗരസഭാ ചെയർപേഴ്‌സൺ സി.എസ് ശ്രീജയും വേങ്കോട് നടന്ന ചടങ്ങിൽ കരകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു.ലേഖാറാണിയും അധ്യക്ഷത വഹിച്ചു.നെടുമങ്ങാട് മുനിസിപ്പാലിറ്റി കൗൺസിലർ പ്രിയ പി നായർ, നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.അമ്പിളി എന്നിവർ കെ സ്റ്റോറുകളിലെ ആദ്യ വിൽപന നടത്തി.

Leave a Comment

Your email address will not be published. Required fields are marked *