കുത്തരിയുടെ വിപണനോദ്ഘാടനവും മിനി മില്ല് ഉദ്ഘാടനവും മന്ത്രി ജി.ആർ അനിൽ നിർവഹിച്ചു.
കാർഷികരംഗത്തെ പുരോഗതിക്ക് വലിയ പിന്തുണയാണ് സർക്കാർ നൽകുന്നതെന്ന് ഭക്ഷ്യ പൊതുവിതരണവകുപ്പ് മന്ത്രി ജി.ആർ അനിൽ പറഞ്ഞു. ചിറയിൻകീഴ് പിരപ്പമൺകാട് പാടശേഖരസമിതിയുടെ നേതൃത്വത്തിലുള്ള പിരപ്പമൺകാട് ബ്രാൻഡ് കുത്തരിയുടെ വിപണന ഉദ്ഘാടനവും മിനി മില്ലിന്റെ ഉദ്ഘാടനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ശ്രീഭൂതനാഥൻകാവ് ക്ഷേത്ര മൈതാനിയിൽ നടന്ന ചടങ്ങിൽ വി.ശശി എം.എൽ.എ അധ്യക്ഷനായിരുന്നു.പുതിയ തലമുറയെ കാർഷിക മേഖലയുമായി ബന്ധിപ്പിക്കാൻ തരിശിടങ്ങളിൽ പൂ കൃഷിയും പച്ചക്കറി കൃഷിയും വ്യാപകമാവുകയാണ്. കൃഷിക്കാരുടെ ഉത്പന്നങ്ങൾ നമ്മുടെ കുടുംബങ്ങളിൽ ലഭ്യമാക്കാൻ കഴിയുന്നുവെന്നത് സന്തോഷം പകരുന്ന കാര്യമാണെന്നും കാർഷികരംഗത്ത് കുറച്ച് കാലങ്ങൾക്ക് മുൻപുണ്ടായിരുന്ന മുരടിപ്പിൽ നിന്നും കർഷകരെ കൈപിടിച്ചുയർത്തുവാൻ കൃഷി വകുപ്പ് വലിയ പരിശ്രമമാണ് നടത്തിയതെന്നും മന്ത്രി വ്യക്തമാക്കി.രാജ്യത്ത്, നെല്ലിന് ഏറ്റവും അധികം വില നൽകുന്നത് കേരളത്തിലാണ്. കർഷകർ ഉത്പാദിപ്പിക്കുന്ന നെല്ല് പൂർണമായും ശേഖരിക്കാൻ സിവിൽ സപ്ലൈസ് കോർപ്പറേഷന് കഴിയുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ വർഷം 2,100 കോടി രൂപയുടെ നെല്ലും ഈ വർഷം ഇതുവരെ 1,600ലധികം കോടി രൂപയുടെ നെല്ലുമാണ് ശേഖരിച്ചത്. നെല്ല് സംഭരണത്തിൽ കർഷകർക്ക് കുടിശിക നൽകാനില്ലെന്നും ഈ വർഷത്തെ തുകയായി 25 കോടി രൂപയ്ക്ക് താഴെ മാത്രമാണ് കർഷകർക്ക് നൽകാനുള്ളതെന്നും മന്ത്രി അറിയിച്ചു.
ശാസ്തമംഗലം ഗവ. എൽ.പി.എസിനായി വാങ്ങിയ സ്കൂൾ ബസ് എം.എൽ.എ അഡ്വ. വി.കെ പ്രശാന്ത് സ്കൂളിന് കൈമാറി. ബസിന്റെ ഫ്ലാഗ് ഓഫും എം.എൽ.എ നിർവ്വഹിച്ചു.
തിരുവനന്തപുരം വട്ടിയൂർക്കാവ് എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 16.80 ലക്ഷം രൂപ ചെലവഴിച്ച് ശാസ്തമംഗലം ഗവ. എൽ.പി.എസിനായി വാങ്ങിയ സ്കൂൾ ബസ് എം.എൽ.എ അഡ്വ. വി.കെ പ്രശാന്ത് സ്കൂളിന് കൈമാറി. ബസിന്റെ ഫ്ലാഗ് ഓഫും എം.എൽ.എ നിർവ്വഹിച്ചു. മണ്ഡലത്തിലെ 5 വിദ്യാലയങ്ങൾക്ക് എം.എൽ.എ ഫണ്ടിൽ നിന്നും സ്കൂൾ ബസുകൾ വാങ്ങിനൽകി. ബാർട്ടൺഹിൽ ഗവ. എഞ്ചിനീയറിംഗ് കോളേജ്, ജവഹർ ബാലഭവൻ, സിമെറ്റ് കോളേജ് ഓഫ് നഴ്സിംഗ് എന്നീ സ്ഥാപനങ്ങൾക്ക് ബസ് വാങ്ങുന്നതിന് ഫണ്ട് അനുവദിച്ചിട്ടുള്ളതായി എം.എൽ.എ പറഞ്ഞു. ശാസ്മംഗലം കൌൺസിലർ മധുസൂദനൻ നായർ, മുൻ കൌൺസിലർ അനന്തചന്ദ്രൻ, തിരുവനന്തപുരം സൌത്ത് എ.ഇ.ഒ രാജേന്ദ്ര ബാബു, സ്കൂൾ ഹെഡ്മിസ്ട്രസ് മുംതാസ്, പി.റ്റി.എ പ്രസിഡന്റ് അജയ പ്രസാദ്, പി.റ്റി.എ ഭാരാവാഹികളായ ഗോപിക മേനോൻ, അഞ്ചു മോഹൻ, സംഘാടക സമിതി അംഗങ്ങളായ ശശിധരൻ എസ്, ആർ.എസ് കിരൺദേവ്, രാമൻകുട്ടി, അനിൽ കുമാർ, സ്കൂൾ വികസന സമിതി അംഗങ്ങളായ ഗിരീശ് കുമാർ ഐ.എ.എസ്, സി.എസ് രതീഷ്, മുകുന്ദേശ്, രാജഗോപാൽ എന്നിവർ പങ്കെടുത്തു.