കൊല്‍ക്കത്ത ആര്‍.ജി. കര്‍ മെഡിക്കല്‍ കോളേജില്‍ വനിതാ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് സുപ്രിംകോടതി. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് കേസ് ചൊവ്വാഴ്ച പരിഗണിക്കും. കഴിഞ്ഞദിവസം, സുപ്രിംകോടതി സ്വമേധയാ ഇടപെടണമെന്ന് ആവശ്യപ്പെട്ട് രണ്ട് അഭിഭാഷകര്‍ ചീഫ് ജസ്റ്റിസിന് കത്ത് നല്‍കിയിരുന്നു.വനിതാ ഡോക്ടറുടെ കൊലപാതകത്തില്‍ രാജ്യത്തുടനീളം ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്. സുരക്ഷിതത്വം ആവശ്യപ്പെട്ട് ഡോക്ടര്‍മാര്‍ ഉള്‍പ്പടെയുള്ള ആരോഗ്യപ്രവര്‍ത്തകര്‍ ദിവസങ്ങളായി പണിമുടക്കിയാണ് പ്രതിഷേധിക്കുന്നത്. ആര്‍.ജി. കര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് നേരെ ആള്‍ക്കൂട്ട ആക്രമണവും ഉണ്ടായിരുന്നു.
വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഇനി കണ്ടെത്താനുള്ളത് 119
വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഇനി കണ്ടെത്താനുള്ളത് 119 പേരെയെന്ന് ഒദ്യോഗിക കണക്കുകള്‍. ഡിഎന്‍എ ഫലം കിട്ടിയതോടെയാണ് കാണാതായവരെ സംബന്ധിച്ച കണക്കുകളില്‍ വ്യക്തത വന്നിരിക്കുന്നത്. സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം കാണാതായവരുടെ പട്ടികയില്‍ നേരത്തെ 128 പേരാണ് ഉണ്ടായിരുന്നത്.ഡിഎന്‍എ പരിശോധനയിലൂടെ മൃതദേഹം തിരിച്ചറിയുന്നതിനൊപ്പം കാണാതായവരുടെ പട്ടിക പുതുക്കാനാകുമെന്നും അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഓഗസ്റ്റ് 14 വരെ 401 ഡിഎന്‍എ പരിശോധനകളാണ് നടന്നത്. കൂടുതല്‍ അഴുകിയ ശരീരഭാഗങ്ങളുടെ ഡിഎന്‍എ പരിശോധനാഫലങ്ങള്‍ ലഭിക്കാന്‍ വൈകിയിരുന്നു. ബന്ധുക്കളുടെ ഡിഎന്‍എയുമായി ഒത്തുനോക്കിയാണ് നിലവില്‍ ആളുകളെ തിരിച്ചറിയുന്നത്.
ഇന്ത്യൻ കോസ്റ്റ് ഗാർഡ് ഡയറക്ടർ ജനറൽ രാകേഷ് പാൽ അന്തരിച്ചു …
ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ ഡയറക്ടർ ജനറൽ രാകേഷ് പാൽ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. ചെന്നൈയിലെ സർക്കാർ ആശുപത്രിയിലായിരുന്നു അന്ത്യം.പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ ചെന്നൈ സന്ദർശനവുമായി ബന്ധപ്പെട്ട ചർച്ചയിൽ പങ്കെടുക്കുമ്പോഴാണ് നെഞ്ചുവേദനയുണ്ടായത്. തുടർന്ന് ഞായറാഴ്ച അദ്ദേഹത്തെ ചെന്നൈയിലെ രാജീവ് ഗാന്ധി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.തീരരക്ഷാസേനയുടെ 25-ാം ഡയറക്ടർ ജനറലായിരുന്നു. 2023 ജൂലൈയിലാണ് സ്ഥാനമേറ്റത്. 2022 ഫെബ്രുവരി മുതൽ അഡീഷനൽ ഡയറക്ടർ ജനറലായി കോസ്റ്റ് ഗാർഡ് ആസ്ഥാനത്ത് പ്രവർത്തിച്ചു വരികയായിരുന്നു.