EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



വയനാട്ടില്‍ ഭൂമിക്കടിയില്‍ നിന്ന് വന്‍ ശബ്ദം; ഭൂചലനമെന്ന് സംശയം…

വയനാട്ടില്‍ വിവിധയിടങ്ങളില്‍ നേരിയ ഭൂചലനമുണ്ടായതായി പ്രദേശവാസികള്‍. എന്നാല്‍ ഇതുസംബന്ധച്ച് ഔദ്യോഗിക സ്ഥിരീകരണമില്ല. സ്വകാര്യ ഭൂചലന നിരീക്ഷകരും ഇത്തരമൊരു വിവരം ലഭിച്ചതായി അറിയിച്ചിട്ടില്ല. രാവിലെ 10 മണിക്കു ശേഷമാണ് ഇടിമുഴക്കം പോലെ ശബ്ദംകേട്ടത്. അമ്പുകുത്തിമലയുടെ താഴ് വാരങ്ങളില്‍ വിറയല്‍ അനുഭവപ്പെട്ടെന്ന് പ്രദേശവാസികള്‍ പറയുന്നു. അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണകേന്ദ്രത്തിലെ കാലാവസ്ഥാവിഭാഗം ഇത് സ്ഥിരീകരിച്ചു.

പിണങ്ങോട്, കുറിച്യര്‍മല അംബ എന്നിവിടങ്ങളിലും വിറയില്‍ അനുഭവപ്പെട്ടതായി വിവരം. ജില്ലാ ദുരന്തനിവാരണ അതോറിറ്റിയെ വിവരമറിയിച്ചിട്ടുണ്ട്. ഭൂമികുലുക്കത്തിന്റെ ലക്ഷണമാണോ എന്ന് പരിശോധിക്കുകയാണ്.നേന്മേനി വില്ലേജിലെ പടിപറമ്പ്, അമ്പുകുത്തി, അമ്പലവയല്‍ പ്രദേശങ്ങളില്‍ ഭൂമിക്കടിയില്‍ നിന്നും മുഴക്കവും, നേരിയ കുലുക്കവും അനുഭവപ്പെട്ടു. വൈത്തിരി താലൂക്കിന് കീഴില്‍ പൊഴുതന വില്ലേജില്‍ ഉള്‍പ്പെടുന്ന സുഗന്ധഗരി എന്ന പ്രദേശത്തും അച്ചൂരാന്‍ വില്ലേജ് ഉള്‍പ്പെടുന്ന സേട്ടു കുന്ന് എന്ന് പ്രദേശത്തും വലിയ ശബ്ദവും മുഴക്കവും അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രണ്ടു വില്ലേജിലെയും വില്ലേജ് ഓഫീസര്‍മാരുടെ സ്ഥലം സന്ദര്‍ശിച്ച് കൃത്യമായ വിവരം നല്‍കാന്‍ അറിയിച്ചിട്ടുണ്ട്. വെങ്ങപ്പള്ളി വില്ലേജില്‍ കാരാറ്റപ്പടി, മൈലാടിപ്പടി, ചോലപ്പുറം, തെക്കും തറ എന്നീ സ്ഥലങ്ങളില്‍ ചെറിയ മുഴക്കവും ഇളക്കവും അനുഭവപ്പെട്ടതായി പ്രദേശവാസികള്‍ അറിയിച്ചിട്ടുണ്ട്.

വയനാട് ദുരന്തം … പിഴത്തുകയായി 25000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണം...

വയനാട് ദുരന്തത്തിന്റെ പേരില്‍ വിവിധ സംഘടനകള്‍ നടത്തുന്ന ധനശേഖരണം നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജി ഹൈക്കോടതി തള്ളി. സിനിമാ നടന്‍ കൂടിയായ കാസര്‍കോട് സ്വദേശി അഡ്വ. സി ഷുക്കൂര്‍ സമര്‍പ്പിച്ച ഹരജിയാണ് പിഴയോടെ തള്ളിയത്. പിഴത്തുകയായി 25000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. ജസ്റ്റിസുമാരായ ജയശങ്കരന്‍ നമ്പ്യാര്‍, വി എം ശ്യാം കുമാര്‍ എന്നിവരുടെ ബെഞ്ചിന്റേതാണ് നടപടി. വയനാട്ടിലെ ദുരിതബാധിതരെ സഹായിക്കാന്‍ വിവിധ സംഘടനകള്‍ ധനശേഖരണം നടത്തുന്നതിനെതിരേയാണ് അഡ്വ. ഷുക്കൂര്‍ കോടതിയെ സമീപിച്ചത്. ദുരിതാശ്വാസ ഫണ്ട് സ്വരൂപിക്കാനും ചെലവഴിക്കാനും കേന്ദ്രീകൃത സംവിധാനം ഉണ്ടാക്കണമെന്നും വിവിധ സംഘടനകള്‍ ധനശേഖരണം നടത്തുന്നത് നിരുല്‍സാഹപ്പെടുത്തണമെന്നുമാണ് പൊതുതാല്‍പര്യ ഹരജിയിലെ ആവശ്യം.

അല്ലാത്തപക്ഷം, തുക ചെലവഴിക്കുന്നത് കേന്ദ്ര ഫണ്ടിലൂടെ മാത്രമാക്കണം. ദുരിതബാധിതരെയെല്ലാം ഒരുപോലെ പരിഗണിക്കുന്നുവെന്ന് ഉറപ്പാക്കണം. വിവിധ രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും വീടുകള്‍ നിര്‍മിച്ചു നല്‍കുമ്പോള്‍ വിവേചനമുണ്ടാവരുത്. നിര്‍മിക്കപ്പെടുന്ന വീടുകള്‍ ഒരു പോലെയാണെന്ന് ഉറപ്പാക്കണം. മത, ജാതി, രാഷ്ട്രീയ ചിഹ്നങ്ങള്‍ വീടുകളിലുണ്ടാവരുതെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ഇന്ന് കണ്ടെടുത്തത് 4 മൃതദേഹങ്ങൾ, വയനാട് ദുരന്തത്തില്‍ മരണം 417

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവരിലെ 4 പേരുടെ മൃതദേഹങ്ങൾ കൂടി ഇന്നത്തെ തിരച്ചിലിൽ കണ്ടെത്തി. സൂചിപ്പാറ-കാന്തൻപാറ പ്രദേശത്തു നടത്തിയ തിരച്ചിലിലാണ് നാലുപേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെത്തിയത്. രക്ഷാസേനയും നാട്ടുകാരും നടത്തിയ തിരച്ചിലിലാണു വനമേഖലയിൽനിന്നു മൃതദേഹങ്ങൾ കണ്ടെത്തിയത്. നാലു പൂർണ ശരീരങ്ങളും മരത്തിൽ കുടുങ്ങിയ നിലയിൽ ഒരു കാലും കണ്ടെത്തിയതായി രക്ഷാപ്രവർത്തകർ അറിയിച്ചു. മൃതദേഹങ്ങൾ ജീർണിച്ച നിലയിലാണ്. 11-ാം ദിവസത്തെ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ദുർഘടമായ മേഖലയിൽ കണ്ടെത്തിയ മൃതദേഹങ്ങൾ എയർലിഫ്റ്റ് ചെയ്യും.വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവരുടെ ബന്ധുക്കളെ ഉൾപ്പെടുത്തി ജനകീയ തിരച്ചിലാണ് ഇന്ന്. ജനപ്രതിനിധികൾ, എൻഡിആർഎഫ്, പൊലീസ്, ഫയർഫോഴ്‌സ്, റവന്യൂ സംഘത്തിനൊപ്പം ഇവരും തിരച്ചലിൽ പങ്കാളികളാവും. രാവിലെ തുടങ്ങി വൈകിട്ട് വരെ തിരച്ചിൽ നടത്താനായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നതെങ്കിലും പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ കാരണം 11 മണിയോടെ തിരച്ചിൽ അവസാനിപ്പിക്കാനായിരുന്നു തീരുമാനം. എന്നാൽ നാലു മൃതദേഹങ്ങൾ കൂടി കണ്ടെത്തിയ സാഹചര്യത്തിൽ തിരച്ചിൽ തുടർന്നേക്കും.

ആവശ്യമെങ്കിൽ മറ്റൊരു ദിവസം ജനകീയ തിരച്ചിൽ തുടരുമെന്ന് മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസും എ.കെ. ശശീന്ദ്രനും അറിയിച്ചു. കോട നിറഞ്ഞ വനമേഖലയായതിനാൽ ഡ്രോൺ ഉപയോഗിച്ചുള്ള തിരച്ചിലിനും തടസം നേരിട്ടു.നിലവിൽ ദുരന്തത്തിൽ കാണാതായവരുടെ പട്ടികയിൽ 131 പേരാണുള്ളത്. ഇവരിൽ കൂടുതൽ പേരും പുഞ്ചിരിമട്ടം, മുണ്ടക്കൈ, സ്കൂൾ റോഡ് ഭാഗങ്ങളിൽ നിന്നുള്ളവരാണ്. ദുരിതാശ്വാസ ക്യാംപുകളിലും ബന്ധുവീടുകളിലുമായി കഴിയുന്നവരിൽ 190 പേർ തിരച്ചിലിൽ പങ്കെടുക്കാൻ റജിസ്റ്റർ ചെയ്തിരുന്നു. ജനപ്രതിനിധികൾ, എൻഡിആർഎഫ്, പോലീസ്, ഫയർഫോഴ്സ്, റവന്യൂ സംഘവും തിരച്ചിലിൽ പങ്കാളികളാണ്.

Leave a Comment

Your email address will not be published. Required fields are marked *