ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ സംസ്ഥാനത്ത് മെയില്‍ നഷ്ടപ്പെട്ടത് 181.17കോടി രൂപയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതില്‍ തിരിച്ചുപിടിക്കനായത് 1.25 കോടി രൂപയാണ്. ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ സംസ്ഥാനത്ത് പ്രതിമാസം നഷ്ടമാകുന്നത് കോടിക്കണക്കിന് രൂപയാണെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.2023 ഡിസംബര്‍ മുതല്‍ 2024 മെയ് വരെയുള്ള കാലയളവില്‍ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍ പ്രകാരം ഓണ്‍ലൈന്‍ തട്ടിപ്പില്‍ നഷ്ടപ്പെട്ട തുക മുഖ്യമന്ത്രി വെളിപ്പെടുത്തി. 2023 ഡിസംബറില്‍ 54.31കോടി രൂപ നഷ്ടപ്പെട്ടു. അതില്‍ 73.41ലക്ഷം തിരിച്ചു പിടിച്ചു. 2024 ജനുവരിയില്‍ നഷ്ടപ്പെട്ടത് 32.84 കോടി രൂപയാണ്. 84.57ലക്ഷം തിരിച്ചു പിടിച്ചു. ഫെബ്രുവരിയില്‍ 126.86 കോടി രൂപ നഷ്ടപ്പെട്ടു. അതില്‍ തിരിച്ചുപിടിക്കനായത് 1.87 കോടി രൂപയാണ്.
തിരുത്തല്‍ പിണറായിയില്‍ നിന്നാരംഭിക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എം.പി.
ആത്മാവ് നഷ്ടപ്പെട്ട പാര്‍ട്ടിയുടെ അസ്ഥികൂടത്തിന് കാവലിരിക്കുന്ന ദുര്‍ഭൂതമാണ് മുഖ്യമന്ത്രി പിണറായി വിജയനെന്നും അദ്ദേഹം പറഞ്ഞു. അണികള്‍ ചോരയും നീരയും നല്‍കി കെട്ടിപ്പെടുത്ത പ്രസ്ഥാനത്തിന്റെയും ഭരണത്തിന്റെയും തലപ്പത്തിരിക്കുന്നവര്‍ ചീഞ്ഞുനാറുന്നത് തിരുത്തല്‍ യജ്ഞക്കാര്‍ കണ്ടില്ലെന്ന് നടിച്ചു.ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ഇടതുമുന്നണിയുടെ യഥാര്‍ഥ പരാജയ കാരണങ്ങളിലേക്കു കടക്കാതെ മുഖ്യമന്ത്രി പിണറായി വിജയന് സംരക്ഷണം ഒരുക്കാനുമാണ് തിരുത്തല്‍ യജ്ഞം നടത്തിയത്. ബംഗാളിലും ത്രിപുരയിലും സംഭവിച്ചത് കേരളത്തില്‍ ആവര്‍ത്തിക്കാതിരിക്കണമെങ്കില്‍ യഥാര്‍ത്ഥ തിരുത്തല്‍ പ്രക്രിയക്ക് തുടക്കം കുറിക്കണമെന്നും അതു പിണറായില്‍നിന്നായിരിക്കണമെന്നും സുധാകരന്‍ പറഞ്ഞു.
എല്‍.ഡി.എഫിന്റെ ദയനീയ പരാജയത്തിന്റെ കാരണഭൂതന്‍ മുഖ്യമന്ത്രിയാണെന്ന് സി.പി.ഐയുടെയും സി.പി.എമ്മിന്റെയും ജില്ലാ യോഗങ്ങള്‍വരെ ചൂണ്ടിക്കാട്ടിയത് സംസ്ഥാന യോഗത്തിലേക്കു ചര്‍ച്ചക്കെടുക്കാതെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ എ.കെ.ജി സെന്ററിനു കാവല്‍നിന്നു. മുഖ്യമന്ത്രിയെ കത്തുന്ന സൂര്യനെപ്പോലെ കരുതുന്ന ഗോവിന്ദന്‍ സി.പി.എം സംസ്ഥാന സെക്രട്ടറി എന്നതിനേക്കാള്‍ പിണറായി വിജയന്റെ പണപ്പെട്ടിയുടെ സൂക്ഷിപ്പുകാരന്‍ എന്ന നിലയിലേക്ക് തരംതാണു. പാര്‍ട്ടിയില്‍നിന്ന് അടപടലം വോട്ട് മറിഞ്ഞിട്ടും തിരുത്തലിനു തയാറാകാതെ കാരണഭൂതനെ കൈവിടാതെ ചുമക്കുന്നത് ലാഭവിഹിതം പങ്കുപറ്റിയവരാണെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.
തദ്ദേശതിരഞ്ഞെടുപ്പ് സമയത്ത് മാത്രം രാഷ്ട്രീയത്തിലേക്ക്: കെ മുരളീധരൻ
ഉപതിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ഉണ്ടാകില്ലെന്ന് വ്യക്തമാക്കി കെ മുരളീധരന്‍. ഇനി തദ്ദേശ തിരഞ്ഞെടുപ്പ് സമയത്ത് മാത്രം രാഷ്ട്രീയത്തില്‍ സജീവമാകാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. പ്രിയങ്ക ഗാന്ധി മത്സരിക്കുന്നതുകൊണ്ട് വയനാട്ടില്‍ മാത്രം പ്രചാരണത്തിന് പോകും. നെഹ്‌റു കുടുംബത്തിലെ ഒരംഗം മത്സരിക്കുമ്പോള്‍ കോണ്‍ഗ്രസുകാര്‍ക്ക് മാറിനില്‍ക്കാന്‍ കഴിയില്ല. വട്ടിയൂര്‍ക്കാവില്‍ സംഘടനാപരമായ ചില പ്രശ്‌നങ്ങളുണ്ട്. അവിടെ മത്സരിക്കണോ എന്ന് തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണ്. തല്‍ക്കാലം തിരുവനന്തപുരത്ത് മാത്രം പാര്‍ട്ടിയെ നയിക്കാനാണ് തീരുമാനം എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ലോക്‌സഭാ തിരഞ്ഞെടുപ്പിന് പിന്നാലെ’കെ മുരളീധരന്‍ നയിക്കട്ടെ’ എന്ന ബോര്‍ഡ് വിവിധയിടങ്ങളില്‍ ഉയര്‍ന്നിരുന്നു. ബന്ധപ്പെട്ട വിഷയത്തെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു അദ്ദേഹത്തിന്റെ മറുപടി.തൃശൂരില്‍ മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതിനു പിന്നാലെ തല്‍ക്കാലം സജീവ രാഷ്ട്രീയം വിടുകയാണെന്ന നിലപാട് ആവര്‍ത്തിച്ച് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. വയനാട് സീറ്റില്‍ മല്‍സരിപ്പിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കും കെ സുധാകരന്‍ നേരിട്ട് നടത്തിയ അനുരഞ്ജനത്തിനും ശേഷമാണ് മുരളീധരന്‍ നിലപാട് ആവര്‍ത്തിച്ചത്. പഞ്ചായത്ത് തിരഞ്ഞെടുപ്പുകള്‍ വരുമ്പോള്‍ സജീവമാവുമെന്നും അതുവരെ ഒരു ഇടവേള എടുക്കുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വയനാട് സീറ്റ് തരേണ്ട ഒരാവശ്യവുമില്ല. തന്നാല്‍ സ്വീകരിക്കുമോ എന്ന ചോദ്യത്തിനും പ്രസക്തിയില്ല. ഇനിയൊരു തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനുള്ള മനസ്ഥിതിയിലല്ല ഇപ്പോഴുള്ളത്. രാജ്യസഭയിലേക്ക് ഒരു കാരണവശാലും പോവില്ലെന്നും അദ്ദേഹം പറഞ്ഞു.