റഷ്യ– യുക്രെയ്ൻ യുദ്ധം അതിന്റെ ഏറ്റവും കടുത്ത പോരാട്ടത്തിലേക്കു കടക്കുകയാണ്. യുദ്ധത്തിന്റെ ആദ്യനാളുകളിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ യുക്രെയ്നിനും സഖ്യരാജ്യങ്ങൾക്കും മുന്നിൽ വരച്ച ചുവപ്പുവരകളിൽ അവസാനത്തേതും അവർ മറികടന്നതോടെ യൂറോപ്പിൽ മറ്റൊരു മഹായുദ്ധത്തിനും, ശീതയുദ്ധകാലത്തിലെന്ന പോലെ ക്യൂബയിൽ മറ്റൊരു മിസൈൽ പ്രതിസന്ധിക്കും കളമൊരുങ്ങുന്നു.അമേരിക്കയും ഇംഗ്ലണ്ടും മറ്റു നാറ്റോ സഖ്യരാജ്യങ്ങളും നൽകിയ ആയുധങ്ങളുപയോഗിച്ച് റഷ്യൻ റഷ്യൻ ഭൂപ്രദേശങ്ങൾക്കു നേർക്ക് യുക്രെയ്ൻ ആക്രമണം തുടങ്ങിയതോടെ ശക്തമായ പ്രതികാര നടപടികൾക്ക് റഷ്യ ഒരുക്കവും തുടങ്ങി. യുക്രെയ്ൻ സൈന്യത്തിന് പിന്തുണയുമായി എത്തിയ ഫ്രഞ്ച് സൈനികരെ ലക്ഷ്യമിടുകയാണെന്ന് വ്യക്തമാക്കിയ റഷ്യ, യുക്രെയ്നിലൂടനീളം മിസൈൽ, ഡ്രോൺ ആക്രമണങ്ങളും പതിവാക്കി കഴിഞ്ഞു. റഷ്യൻ ഗ്രേറ്റ് സമ്മർ ഒഫൻസീവിന്റെ ഭാഗമായി ഹർകീവ് മേഖലയിൽ യുക്രെയ്നിയൻ പ്രതിരോധം തകർത്ത് അതിവേഗം മുന്നേറ്റം നടത്തിയ റഷ്യൻ സേന വൻ ഭൂപ്രദേശവും പിടിച്ചെടുത്തു.