മെഡിക്കല്‍ കോളേജിലെ യുവ ഡോക്ടര്‍ ഷഹ്ന ആത്മഹത്യ ചെയ്ത കേസില്‍ സുഹൃത്ത് ഡോ. റുവൈസ് കസ്റ്റഡിയില്‍. കരുനാഗപ്പള്ളിയില്‍ നിന്നാണ് ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്ന് പുലര്‍ച്ചെ കരുനാഗപ്പള്ളിയിലെ ബന്ധുവീട്ടിലെത്തിയാണ് റുവൈസിനെ പൊലീസ് പിടികൂടിയത്. ഇയാളെ തിരുവനന്തപുരത്ത് എത്തിച്ച് ചോദ്യം ചെയ്യുകയാണ്.ഇയാള്‍ക്കെതിരെ സ്ത്രീധന നിരോധന നിയമത്തിലെ വകുപ്പുകളും ആത്മഹത്യാ പ്രേരണ കുറ്റവും ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പുകളാണ് പൊലീസ് ചുമത്തിയിരിക്കുന്നത്. നേരത്തെ റുവൈസുമായി ഷഹ്നയുടെ വിവാഹം നിശ്ചയിച്ചിരുന്നു. എന്നാല്‍ ഉയര്‍ന്ന സ്ത്രീധനം ആവശ്യപ്പെട്ടതോടെ വിവാഹം മുടങ്ങി. ഇതില്‍ മനംനൊന്താണ് ഷഹ്ന ജീവനൊടുക്കിയതെന്ന് പൊലീസിന് നല്‍കിയ പരാതിയില്‍ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. സംഭവം വലിയ ചര്‍ച്ചയായതോടെ റുവൈസ് ഒളിവിലായിരുന്നു. ഇയാളെ കണ്ടെത്താന്‍ തിരച്ചില്‍ വ്യാപകമാക്കുന്നതിനിടെയാണ് ഇന്ന് കസ്റ്റഡിയിലായത്.മെഡിക്കല്‍ പിജി അസോസിയേഷന്റെ(കെഎംപിജിഎ) സംസ്ഥാന പ്രസിഡന്റായിരുന്നു റുവൈസ്. എന്നാല്‍ ഷഹ്നയുടെ മരണവാര്‍ത്തക്ക് പിന്നാലെ ഇയാളെ സംഘടന അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കി. കൂടാതെ തങ്ങള്‍ ഷഹനയ്ക്ക് ഒപ്പമാണെന്നും മാനസികമായി പ്രയാസങ്ങള്‍ അനുഭവിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാവിധ പിന്തുണയും ഉറപ്പ് നല്‍കുമെന്നും നേതൃത്വം വാര്‍ത്താക്കുറിപ്പിറക്കി. അന്വേഷണം പൂർത്തിയാകുന്നത് വരെ മുൻവിധികൾ ഒഴിവാക്കണം. വിദ്യാര്‍ത്ഥികളോട് മാനസിക വിദഗ്ദ്ധരുടെ സഹായം തേടാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു.സ്ത്രീധനം ചോദിക്കുന്നതും നൽകുന്നതും സാമൂഹിക തിന്മയാണെന്നും സംഘടന വ്യക്തമാക്കി. ടെലിവിഷന്‍ ചര്‍ച്ചകളിലടക്കം പങ്കെടുത്തിരുന്ന റുവൈസ് ഡോ. വന്ദന ദാസിന്റെ മരണവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളില്‍ മുന്‍ നിരയിലുണ്ടായിരുന്നു.