
നാടിനെ ഞെട്ടിച്ച് കൊല്ലം ഓയൂരില്‍ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മോചന ദ്രവ്യം ആവശ്യപ്പെട്ട് ഫോണ്‍വിളിച്ചതായി റിപോര്‍ട്ട്. സഹോദരനോടൊപ്പം ട്യൂഷന്‍ ക്ലാസിലേക്ക് പോവുന്നതിനിടെയാണ് ഓയൂര്‍ സ്വദേശി റെജിയുടെ മകള്‍ അഭികേല്‍ സാറാ റെജിയെ കാറിലെത്തിയ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയത്. സംഭവത്തില്‍ വ്യാപക തിരച്ചില്‍ നടത്തുന്നതിനിടെയാണ് കുട്ടിയുടെ മാതാവിന്റെ ഫോണിലേക്ക് മോചനദ്രവ്യം ആവശ്യപ്പെട്ട് ഫോണ്‍ വിളിയെത്തിയത്.

അഞ്ചുലക്ഷം രൂപ വേണമെന്നാണ് ഫോണില്‍ ആവശ്യപ്പെട്ടതെന്നാണ് വിവരം. ഒരു സ്ത്രീ ശബ്ദത്തിലാണ് വിളിച്ചതെന്നാണ് വിവരം. ഫോണ്‍ കോളിന്റെ ആധികാരികത പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു. അതിനിടെ, സിസിടിവി കേന്ദ്രീകരിച്ച് വ്യാപക തിരച്ചില്‍ നടത്തുന്നുണ്ട്. എംസി റോഡ് ഉള്‍പ്പെടെ വാഹനങ്ങളിലെല്ലാം ശക്തമായ പരിശോധന നടത്തുകയാണ്.
